|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ തടവറകളില്‍ കൊല്ലപ്പെട്ടത് 18,000ത്തോളം പേര്‍

Published : 19th August 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതല്‍ തടവുകേന്ദ്രത്തില്‍ ഇതുവരെ 18,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപോര്‍ട്ട്. തടവുകേന്ദ്രങ്ങളിലെ കടുത്ത പീഡനങ്ങളെത്തുടര്‍ന്നാണിത്. വൈദ്യുതാഘാതമേല്‍പ്പിക്കലും ബലാല്‍സംഗങ്ങളും ലോഹദണ്ഡുകള്‍ കൊണ്ടുള്ള മര്‍ദനവും സിറിയന്‍ തടവറകളില്‍ സ്ഥിര സംഭവങ്ങളാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.
ഓരോ മാസവും 300 പേര്‍ വീതമെങ്കിലും തടവറകളില്‍ മരിക്കുന്നുണ്ടെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശസംഘടനയുടെ കണ്ടെത്തല്‍. ജയിലില്‍നിന്നു പുറത്തിറങ്ങിയ ആയിരക്കണക്കിനു പേരുമായി നടത്തിയ അഭിമുഖത്തിനു ശേഷമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ 65 പേര്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായവരാണ്. തടവറയില്‍ എത്തുന്നതു മുതല്‍ പീഡനമുറകള്‍ ആരംഭിക്കും. സ്ത്രീകളായ തടവുപുള്ളികള്‍ക്ക് ആദ്യത്തെ സുരക്ഷാപരിശോധന മുതല്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നു. എന്റെ ബോധം പോകുന്നതുവരെ അവരെന്നെ മര്‍ദിച്ചു. പിന്നീട് ബലാല്‍സംഗം ചെയ്തു.
ഹലബിലെ ജയിലില്‍നിന്നും പുറത്തിറങ്ങിയ ഉം ഒമര്‍ പറഞ്ഞു. തടവുപുള്ളികളെ ജയിലിലേക്ക് കൊണ്ടുവരുന്ന ദിവസം സ്വാഗതോല്‍സവം എന്ന പേരില്‍ കൊടും ക്രൂരതയ്ക്കു വിധേയരാക്കാറുണ്ട്. അപ്പോള്‍ സംഭവിക്കുന്ന ആഴത്തിലുള്ള മുറിവുകള്‍ കാരണം പലപ്പോഴും തടവുപുള്ളികള്‍ മരിക്കാറാണ് പതിവെന്ന് ആംനസ്റ്റിയുടെ ഗവേഷക നിക്കോളറ്റ് ബോയ്‌ലാന്‍ഡ് പറഞ്ഞു. ദമസ്‌കസിലെ സെയ്ദാനിയ സൈനിക തടവറയില്‍ താനടക്കം 60 പേരാണ് എത്തിയത്. ആദ്യ ദിനം തന്നെ തങ്ങള്‍ക്കേറ്റത് ക്രൂരമര്‍ദനമാണ്. 20ഓളം പേര്‍ അന്നുതന്നെ മരിച്ചെന്നാണ് അറിയാന്‍ സാധിച്ചത്. പേരു വെളിപ്പെടുത്താത്ത ഒരാളെ ഉദ്ധരിച്ച് നിക്കോളറ്റ് പറഞ്ഞു. പ്രയാസകരമായ രീതിയില്‍ ദിവസങ്ങളോളം നിര്‍ത്തുന്നത് പതിവുരീതിയാണ്. അവര്‍ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് കണ്ടത്. സിറിയയില്‍ നീതിയില്ലെന്നു കേട്ടിട്ടുണ്ടായിരുന്നെങ്കിലും മനുഷ്യരാശി ഇത്രയും തരം താഴ്‌ന്നെന്ന കാര്യം പിന്നീടാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് അഭിഭാഷകനായ സാമെര്‍ പറഞ്ഞു. തടവറകളില്‍ വായുവും വെളിച്ചവും പോലും വേണ്ടവിധം ലഭിച്ചിരുന്നില്ലെന്ന് മറ്റൊരാള്‍ പറയുന്നു. ഒരു ദിവസം ഞങ്ങളുടെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഒമ്പതുപേരില്‍ ഏഴു പേരും ശ്വസിക്കാന്‍ പറ്റാതെ മരിക്കുകയുണ്ടായി. എത്ര പേര്‍ക്ക് ജീവനുണ്ടെന്നു നോക്കാന്‍ സൈനികര്‍ ഞങ്ങളെ അയച്ചു.
മൃതദേഹങ്ങള്‍ പുറത്തേക്കു കൊണ്ടുപോവാനും അവര്‍ ഞങ്ങളോട് ആജ്ഞാപിച്ചു- അദ്ദേഹം പറഞ്ഞു. ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ വൃത്തിയുള്ള അന്തരീക്ഷമോ തടവറയിലുണ്ടായിരുന്നില്ല. അളവിലധികം ആളുകളെ പാര്‍പ്പിച്ചിരുന്നതിനാല്‍ പകര്‍ച്ചവ്യാധികളും ഇവരെ വേട്ടയാടുന്നു. റഷ്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സിറിയക്കെതിരേ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss