|    Dec 11 Tue, 2018 11:15 pm
FLASH NEWS

സിയാറത്തുപള്ളിക്കു പിറകിലെ സിയാറത്തിന്റെ ചരിത്രം

Published : 28th May 2018 | Posted By: kasim kzm

പൊന്നാനി:ഏറെ മിത്തുകള്‍ നിറഞ്ഞതും പൊന്നാനിയിലെ ഏറ്റവും പഴക്കവുമുള്ള പള്ളികളിലൊന്നാണു പ്രസിദ്ധമായ സിയാറത്ത് പള്ളി.പണ്ടൊരിക്കല്‍ ഒരു സ്ത്രീയെ വലിയൊരു കുറ്റമാരോപിച്ച് പിടികൂടി. അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് തെളിഞ്ഞു. തെറ്റില്‍ കുറ്റബോധം തോന്നിയ സ്ത്രീതന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു.
വിഷയത്തില്‍ ഇടപെട്ട സാമൂതിരി കുറ്റവാളികള്‍ക്ക് മതപരമായ ശിക്ഷ നല്‍കാന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിനെ ഏല്‍പ്പിച്ചു. വിവാഹിതയായിരുന്നു സത്രീ. തന്നെ എറിഞ്ഞു കൊല്ലണമെന്ന് അവര്‍ തന്നെ മഖ്ദൂമിനോട് ആവശ്യപ്പെട്ടു.പല ഉപായങ്ങളും പറഞ്ഞു നോക്കിയെങ്കിലും ചെയ്തുപോയ തെറ്റിന് ശിക്ഷ അനുഭവിക്കാന്‍ ആ സ്ത്രീ തയ്യാറാണെന്ന് അറിയിച്ചു. അങ്ങനെ സാമൂതിരി തന്നെ എറിഞ്ഞുകൊല്ലുന്ന ശിക്ഷ നടപ്പിലാക്കാന്‍ മുന്നോട്ടുവന്നു. എല്ലാ ചുമതലകളും മഖ്ദൂമിന് വിട്ടുനല്‍കി. ശിക്ഷ നടപ്പിലാക്കുന്നതിനിടയില്‍ പല തവണ മാറിമാറി ചോദിച്ചിട്ടും ചോരയൊലിച്ച ആ സ്ത്രീ ശിക്ഷ പൂര്‍ത്തിയാക്കാനാണു പറഞ്ഞത്. ഒടുവില്‍ അവര്‍ മരിച്ചുവീണു. സ്വന്തം തെറ്റില്‍ ശിക്ഷയിലൂടെ പാപമോചനം തേടിയ ആ സ്ത്രീയെ മഖ്ദൂം സ്വപ്‌നത്തില്‍ ദര്‍ശിച്ചത്രേ! അവര്‍ ഏറ്റവും പരിശുദ്ധയാവുകയും സ്വര്‍ഗസ്ഥയാവുകയും ചെയ്തിരുന്നുവെന്നാണ് സ്വപ്‌നം. ഇതറിഞ്ഞ മഖ്ദൂം ഒന്നാമന്‍ എല്ലാ ആഴ്ചയിലും ആ ഖബറിടത്തില്‍ വന്നു പ്രാര്‍ഥിക്കുമായിരുന്നു. മഖ്ദൂം സിയാറത്ത് ചെയ്ത കേന്ദ്രമെന്ന നിലയില്‍ അക്കാലത്ത് അവിടെ നിര്‍മിച്ച പള്ളി പിന്നീട് സിയാറത്ത് പള്ളിയെന്നപേരില്‍ അറിയപ്പെട്ടു. പൊന്നാനിയില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രമാണ് സിയാറത്ത് പള്ളി. സ്ത്രീകളാണ് ഇവിടെ കൂടുതലായി തീര്‍ഥാടകരായി എത്തുന്നത്. ഇവിടുത്തേയ്ക്ക് നേര്‍ച്ചയാക്കിയാല്‍ വേഗത്തില്‍ ഫലപ്രാപ്തി ലഭിക്കുമെന്നാണു വിശ്വാസം. ഇന്ന് ഈ പള്ളിയുടെ കീഴില്‍ മൂന്നു മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓലമേഞ്ഞ ഒരു കൊച്ചുകൂരയായിരുന്നു ആദ്യ കാലത്ത് ഈ പള്ളി. പലകാലങ്ങളില്‍ പലപ്പോഴായി പുനര്‍നിര്‍മിച്ചതാണ് ഇപ്പോള്‍ കാണുന്ന പള്ളി. സൈനുദ്ധീന്‍ മഖ്ദൂമിന്റെ പിതൃവ്യനും പൊന്നാനി ഖാളിയുമായിരുന്ന അലിയുടെ ഖബറും ഈ പള്ളിയുടെ ഭാഗത്താണെന്നാണെന്ന് ചില ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം ആദ്യകാല മതപ്രബോധകരില്‍പ്പെട്ട മുഹമ്മദ് ഖാസിം ബ്‌നു ഇബ്രാഹീമിന്റേതാണ് ഇവിടുത്തെ ഖബറെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന പള്ളിയാണ് സിയാറത്ത് പള്ളി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss