|    Jun 18 Mon, 2018 3:26 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സിയാച്ചിന്‍ മഞ്ഞുമലയുടെ വര്‍ത്തമാനം

Published : 24th February 2016 | Posted By: G.A.G

slug tg jacobകിഴക്കന്‍ കാറക്കോറം പര്‍വതനിരയില്‍ സ്ഥിതിചെയ്യുന്ന സിയാച്ചിന്‍ ഗ്ലേസിയര്‍ 1984ല്‍ ഇന്ത്യന്‍ പട്ടാളം കോളനിവല്‍ക്കരിച്ചതു മുതല്‍ ഒരു പുതിയ ഹിമാലയന്‍ യുദ്ധമുന്നണിയാണ്. മേഖല 19,000 അടി ഉയരത്തില്‍ ചൈനീസ് അധീനതയിലുള്ള ലഡാക്ക് പര്‍വതനിരയ്ക്കും പാകിസ്താന്‍ അധീനതയിലുള്ള ഹിമാലയന്‍ കശ്മീരിനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. 1984 വരെ മനുഷ്യവാസം അറിഞ്ഞിട്ടില്ല. കുറഞ്ഞ താപനില -50 ഡിഗ്രി സെല്‍ഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും ഉള്ള ഈ സ്ഥലം സാമാന്യമായ മനുഷ്യവാസത്തിന് യോഗ്യമല്ലെന്നു തീര്‍ച്ച. എന്തൊക്കെയായാലും ചൂടുകാലാവസ്ഥയില്‍ ജനിച്ചുവളര്‍ന്ന് അതുമായി താദാത്മ്യം പ്രാപിച്ചിട്ടുള്ള തെക്കേ ഇന്ത്യക്കാര്‍ നിങ്ങിനിറഞ്ഞ മദ്രാസ് റെജിമെന്റിന് പറഞ്ഞിട്ടുള്ള സ്ഥലമല്ല ഇത്.
ഇതിപ്പോള്‍ ആദ്യമായിട്ടൊന്നുമല്ല ഈ മേഖലയില്‍ മഞ്ഞുമലകള്‍ ഇടിയുന്നത്. അതു പതിവാണ്. ഇപ്പോള്‍ നടന്നമാതിരിയുള്ള മലയിടിച്ചിലില്‍ ഈ അടുത്തകാലത്തു തന്നെ 120 പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ലോകതലത്തില്‍ തന്നെ മരണതോത് ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയാണിത്. പക്ഷേ, മരണങ്ങള്‍ നടക്കുന്നത് പട്ടാളക്കാര്‍ തമ്മിലുള്ള യുദ്ധത്തിലല്ലെന്നു മാത്രം. അത്യന്തം ഭീകരവും പ്രതികൂലവുമായ പ്രകൃതിയുമായാണു യുദ്ധം. അതിലാണ് മരണങ്ങളും അംഗഭംഗങ്ങളും നടക്കുന്നത്. തൊട്ടടുത്ത പ്രദേശമായ കാര്‍ഗിലില്‍ ഇന്ത്യന്‍-പാകിസ്താന്‍ പട്ടാളക്കാര്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും അന്നു സിയാച്ചിനില്‍ ഒന്നും നടന്നില്ല. മാരകമായ ഫ്രോസ്റ്റ് ബൈറ്റ് (ശരീരത്തിന്റെ അഗ്രഭാഗങ്ങളിലെ രക്തയോട്ടം നിലയ്ക്കുന്നതും- ഉദാ: മൂക്ക്, ചെവി, ചുണ്ടുകള്‍, കാല്‍, കൈകള്‍- ആ ഭാഗങ്ങള്‍ മൃതമാവുന്നതും ആ മൃതത്വം പടരുന്നതും) ആണിവിടെ പ്രധാനമായും പട്ടാളക്കാരെ കൊല്ലുന്നത്.
2003ല്‍ പാകിസ്താനുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയശേഷം അതിര്‍ത്തി താരതമ്യേന ശാന്തമാണ്. 1984ലെ ‘ഓപറേഷന്‍ മേഘദൂത്’ കഴിഞ്ഞുള്ള കാലയളവില്‍ ഔദ്യോഗിക കണക്കനുസരിച്ച് സിയാച്ചിനില്‍ 870 പട്ടാളക്കാര്‍ മരിച്ചു. അതിന്റെ പലമടങ്ങ് അംഗഭംഗങ്ങള്‍ക്കിരയായി. പാകിസ്താന്റെ ഭാഗത്തും നഷ്ടങ്ങള്‍ കുറയാന്‍ യാതൊരു സാധ്യതയുമില്ല. ഈ ദുരന്തങ്ങള്‍ക്കെല്ലാം കാരണം പ്രതികൂല കാലാവസ്ഥയും മലയിടിച്ചിലുകളുമാണ്. സിയാച്ചിനില്‍ പട്ടാളത്തെ നിലനിര്‍ത്താനുള്ള ശരാശരി പ്രതിദിന ചെലവ് അഞ്ചുകോടിയാണ്. 1984 ഓപറേഷന്‍, പാകിസ്താനെ സിയാച്ചിന്‍ കോളനിവല്‍ക്കരിക്കുന്നതില്‍നിന്നു തടയാന്‍ വേണ്ടിയായിരുന്നു.
യുദ്ധങ്ങളെ പൊതുവായി സംബന്ധിക്കുന്ന ചില മൗലിക മാനുഷിക യാഥാര്‍ഥ്യങ്ങളെ സിയാച്ചിന്‍ മാതിരിയുള്ള യുദ്ധമേഖലകള്‍ നാടകീയമാക്കുന്നുണ്ട്. ഇന്നിപ്പോള്‍ ഇന്ത്യന്‍ പട്ടാളത്തെ അവിടെനിന്നു പിന്‍വലിച്ചാല്‍ പാകിസ്താന്‍ പട്ടാളം അവിടം കൈവശപ്പെടുത്തും എന്ന സുരക്ഷിതത്വമില്ലായ്മ ഡല്‍ഹിക്കുണ്ട്. കഴിഞ്ഞ ഒരു വന്‍ മലയിടിച്ചിലില്‍ 120 പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ രണ്ടുകൂട്ടരും മേഖലയില്‍നിന്നു പിന്‍വാങ്ങുന്നതിനെക്കുറിച്ചും അങ്ങനെ അവിടം പട്ടാളരഹിതമാക്കാമെന്നുമുള്ള ഒരു നിര്‍ദേശം പാകിസ്താന്‍ മുമ്പോട്ടുവച്ചിരുന്നു. അതെങ്ങും എത്തിയില്ല. ഇപ്പോഴും അവര്‍ അതേ നിര്‍ദേശം തന്നെ ആവര്‍ത്തിച്ചു. മാത്രമല്ല, മഞ്ഞിനടിയില്‍ അകപ്പെട്ടുകിടക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ തിരച്ചിലില്‍ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ അറിയിച്ചു. സ്വാഭാവികമായും ഡല്‍ഹി രണ്ടും തള്ളിക്കളഞ്ഞു. അയല്‍പക്കങ്ങള്‍ തമ്മിലുള്ള അവിശ്വാസം അത്ര മൂര്‍ച്ചയുള്ളതാണ്. നിരവധി യുദ്ധങ്ങളും കലാപങ്ങളും നടന്നിട്ടുണ്ട്. എപ്പോഴും അവ നടക്കാനുള്ള സാധ്യത സജീവമാണ്. സിയാച്ചിന്‍ ഈ അവസ്ഥയുടെ നാടകീയത മുറ്റിനില്‍ക്കുന്ന പ്രതീകമാണ്. അവിടെ മരിക്കുന്ന പട്ടാളക്കാരന്‍ രക്തസാക്ഷിയാണ്. വെറും രക്തസാക്ഷിയല്ല, ദേശസ്‌നേഹത്തിന്റെ അതുല്യനായ രക്തസാക്ഷി. ഈ സാക്ഷ്യപത്രമാണ് കഴിഞ്ഞ മലയിടിച്ചില്‍ സംബന്ധിച്ച് ഇന്ത്യയില്‍ പ്രകടമായത്. ഭാഗ്യവശാല്‍ ഒരു പട്ടാളക്കാരന്റെ ചെറിയ തുടിപ്പുള്ള ശരീരം കണ്ടുകിട്ടി. അദ്ദേഹത്തിന്റെ പൂര്‍ണമരണം രാഷ്ട്രീയ ആഘോഷമായി. ഇതിനു മുമ്പ് നടന്ന 870 മരണങ്ങളും ഇതുതന്നെ അര്‍ഹിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അവരെ പ്രകീര്‍ത്തിക്കാത്തത് എന്നത് ഇത്തിരി ദുരൂഹമാണ്.
സിയാച്ചിനില്‍ മരണങ്ങള്‍ തുടര്‍ക്കഥയാണ്. ഈ മരണങ്ങള്‍ മുഖ്യമായും യുദ്ധേതര കാരണങ്ങള്‍ മൂലമാണ് നടന്നിട്ടുള്ളത്. ഇന്ത്യയെയും പാകിസ്താനെയും സംബന്ധിച്ച് ഈ കാരണങ്ങള്‍ ഒരേപോലെ ബാധകമാണ്. പാക് അധീനതയിലുള്ള കശ്മീരില്‍ നിര്‍മാണ-വ്യാവസായിക സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള ചരക്കുനീക്കം ഈ ഹൈവേ വഴിയാണ്. വര്‍ഷം മുഴുവന്‍ ഈ ഹൈവേ പ്രായോഗികമല്ലെങ്കിലും ഒമ്പതു മാസങ്ങള്‍ ഇവിടം കര്‍മനിരതമാണ്, സുരക്ഷിതമാണ്. ഇന്ത്യന്‍ പട്ടാളക്യാംപ് വായുമാര്‍ഗം എത്തിച്ചുകിട്ടുന്നതുകൊണ്ടാണ് അവിടെ നിലനില്‍ക്കുന്നത്. അയലത്തുള്ള പാകിസ്താനി പട്ടാളക്യാംപും ഇതേ അവസ്ഥയിലാണ്. ലോകത്തില്‍ തന്നെ വിചിത്രമായ യുദ്ധമുന്നണിയാണിത്.
ചൈനക്കാര്‍ പണിതതിനുശേഷം കാറക്കോറം ഹൈവേ വളരെ പ്രധാനപ്പെട്ട ഒരു ഹിമാലയന്‍ പാതയായി മാറിയിട്ടുണ്ട്. അതില്‍ മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ സിയാച്ചിനിലെ ഇന്ത്യന്‍ പട്ടാളം തികച്ചും അപര്യാപ്തവുമാണ്. മാത്രമല്ല, ഏതെങ്കിലും കാരണവശാല്‍ ആ റോഡിനെ മുറിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നമായി പെട്ടെന്നു തന്നെ മാറും. ഈ റോഡും ചൈനയുടെ ബൃഹത്തായ സില്‍ക്ക് റോഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ നിശ്ചയിച്ചതുമാണ്. സില്‍ക്ക് റോഡിന്റെ ഒരു പ്രധാന കണ്ണി കിഴക്കന്‍ കാറക്കോറന്‍ മലമടക്കുകളുടെ കശ്മീരാണ്. ആ പ്രദേശം ഇപ്പോള്‍ പാകിസ്താനിലാണുതാനും. ഹൈവേയില്‍നിന്ന് ഇതേ റോഡ് പാകിസ്താന്‍ പഞ്ചാബില്‍ക്കൂടി സിന്ധില്‍ പ്രവേശിച്ച് അറബിക്കടലിന്റെ തീരത്ത് വന്‍ തുറമുഖസമുച്ചയവുമായി സന്ധിക്കും. ഈ വന്‍ പദ്ധതി കാറക്കോറം മലകളെ ലോക വാണിജ്യത്തിന്റെ ഘടനാപരമായ ഭാഗമാക്കും. ചൈനീസ് അധീനതയിലുള്ള ലഡാക്കിന്റെയും പാകിസ്താന്‍ അധീനതയിലുള്ള കശ്മീരിന്റെയും രാഷ്ട്രീയപദവി ചൈനയുടെയും പാകിസ്താന്റെയും അവിഭാജ്യഘടകങ്ങളായി ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെടും.
സാമ്രാജ്യത്വ, മുതലാളിത്ത ചൂഷണമാതൃകകളായ രണ്ടു വന്‍ സമ്പദ്ഘടനകള്‍- റഷ്യന്‍ ഫെഡറേഷനും ചൈനയും- സംയുക്തമായി മുതല്‍മുടക്കുന്ന സംരംഭമാണിത് എന്ന കാരണം തന്നെ മതി ഇതു നടപ്പാവുന്ന പദ്ധതിയാണെന്നു കരുതാന്‍. മാത്രമല്ല, മ്യാന്‍മറിലും ലങ്കയിലും ബംഗ്ലാദേശിലും ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാര്യമായി പുരോഗമിച്ചിട്ടുണ്ടുതാനും. സില്‍ക്ക് റോഡും കടല്‍ റോഡും തുല്യമായി ഉള്‍പ്പെടുന്ന പദ്ധതിയാണല്ലോ. കരമാര്‍ഗമുള്ള ഹൈവേയും ഉപഹൈവേകളും കടല്‍മാര്‍ഗമുള്ള ഹൈവേകളും ഉപഹൈവേകളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലില്‍ക്കൂടി യൂറോപ്പും ഏഷ്യയും ഉള്‍പ്പെടുന്ന ഭീമന്‍ സാമ്പത്തികമേഖല സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം. ഇതു തീര്‍ച്ചയായും നിലവിലുള്ള അമേരിക്കന്‍ മേല്‍ക്കോയ്മയ്ക്ക് ഒരു വെല്ലുവിളിയാണ്.
സിയാച്ചിനില്‍ നടന്ന മലയിടിച്ചില്‍ ഒരു രാഷ്ട്രീയ സാഹചര്യ സഹായമായിട്ടാണ് അവതരിച്ചത്. സമ്പദ്ഘടന എഴുന്നേറ്റുനില്‍ക്കുകയോ ഓടുകയോ ചാടുകയോ ഒന്നും ചെയ്യാത്ത അവസ്ഥയില്‍, മെയ്ക്ക് ഇന്‍ ഇന്ത്യ ഒരു ചാപിള്ളയാണെന്നു കണ്ടപ്പോള്‍, ‘വികസന’മുദ്രാവാക്യം വാചകമടിയായപ്പോള്‍, സൂചികകളുടെ നിര്‍വചനം മാറ്റി വളര്‍ച്ചാനിരക്ക് ഉയര്‍ത്തുന്ന ഗതികേടില്‍ സര്‍ക്കാര്‍ എത്തിയപ്പോഴാണ് ദേശസ്‌നേഹം രംഗത്തുവന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിയാച്ചിന്‍ ദുരന്തം ഒരു രക്ഷകനായി വന്നത്. അപകടത്തില്‍പ്പെട്ട് മരിച്ചവര്‍ പൊടുന്നനെ അതുല്യ രക്തസാക്ഷികളായി പരിണമിച്ചു.
സിയാച്ചിന്റെ കാര്യത്തില്‍ ദേശസ്‌നേഹം വാഴ്ത്തപ്പെടുകയായിരുന്നെങ്കില്‍ ഇപ്പോള്‍ ‘ദേശദ്രോഹികളെ’ കണ്ടുപിടിച്ച് ഫാഷിസ്റ്റ് മുറകള്‍ക്കു വിധേയമാക്കുന്നതാണു കാണുന്നത്. വികസനം കാറ്റുപോയ ബലൂണായി. ഇനി ഇതൊക്കെയേ കൈയിലുള്ളൂ. വലതുപക്ഷ ഡല്‍ഹി സര്‍ക്കാര്‍ അതിജീവനശ്രമത്തിലാണ്. അടുത്തുതന്നെ നടക്കാന്‍പോവുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും അവരെ പേടിപ്പിക്കുന്നുണ്ട്. ഫാഷിസ്റ്റ് ജല്‍പനങ്ങള്‍ വെറും കള്ളങ്ങളായി മാറുന്നു. ഭരിക്കുന്നവരുടെ അരക്ഷിതാവസ്ഥയാണിതു വെളിവാക്കുന്നത്.

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss