|    Jan 18 Wed, 2017 9:48 am
FLASH NEWS

സിമന്റ് ഉല്‍പാദനം നിലച്ച മലബാര്‍ സിമന്റ്‌സില്‍ മന്ത്രിയുടെ സന്ദര്‍ശനം

Published : 7th October 2016 | Posted By: SMR

വാളയാര്‍: വ്യവസായമന്ത്രി ഇ പി ജയരാജന്‍ വാളയാറിലെ മലബാര്‍ സിമന്റ്‌സ് സന്ദര്‍ശിച്ചു. അസംസ്‌കൃതവസ്തുക്കളുടെ അപര്യാപ്തതമൂലം കുറച്ചു ദിവസങ്ങളായി സിമന്റ് ഉല്‍പാദനം നിലച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
അസംസ്‌കൃത വസ്തുക്കളായ കല്‍ക്കരി, ലാട്രേറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ശേഖരണത്തിലുണ്ടായ കുറവ് ഉടന്‍ പരിഹരിക്കാന്‍ ഇന്നലെ കൂടിയ ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.
കല്‍ക്കരി റീടെന്‍ഡര്‍ നടത്തി കൂടുതല്‍ ശേഖരിക്കാനും ചുണ്ണാമ്പുകല്ല് രാജസ്ഥാനിലെ പൊതുമേഖലാ സ്ഥാപനം വഴി ഇറക്കുമതിചെയ്യാനുമുള്ള നടപടികള്‍ വേഗത്തിലാക്കും. ലാട്രേറ്റ് ഖനനാനുമതിയില്‍ തടസ്സം നേരിട്ടത് പരിഹരിക്കാന്‍ മന്ത്രിതന്നെ നേരിട്ട് ഇടപെടാനും തീരുമാനിച്ചു. ഉല്‍പാദനം വര്‍ധിപ്പിച്ച് മലബാര്‍ സിമന്റിനെ ഉയര്‍ച്ചയില്‍ എത്തിക്കുക എന്നതാണു സര്‍ക്കാര്‍ ലക്ഷ്യം. പുതിയ മിഡില്‍ മാനേജ്‌മെന്റ് സംവിധാനം ആവിഷ്‌കരിച്ച് മാനേജ്‌മെന്റ് രംഗത്തുള്ള പോരായ്മകള്‍ പരിഹരിക്കും. അതിനു മുന്നോടിയായാണു മലബാര്‍ സിമന്റ്‌സിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തിയത്.
മെച്ചപ്പെട്ട വിതരണക്കാരെ കണ്ടെത്തി വിപണന മേഖലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടും. എത്രയും വേഗം സിമന്റ് നിര്‍മാണം പുനരാരംഭിക്കുമെന്നും ഉല്‍പാദന ശേഷി രണ്ടുമാസങ്ങള്‍ക്കുള്ളില്‍ 10 ശതമാനം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വില ഏകീകരണം നടപ്പാക്കി വിപണിയിലെ മുന്‍നിര ബ്രാന്‍ഡായി മലബാര്‍ സിമന്റ്‌സിനെ മാറ്റുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരേ തൊഴിലാളികളും മാനേജ്‌മെന്റും സര്‍ക്കാരും ജാഗ്രതയോടെ ഒറ്റക്കെട്ടായി പോരാടുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
മന്ത്രിയോടൊപ്പം മലബാര്‍ സിമന്റ്‌സ് എംഡി സഞ്ജയ് കൗളും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക