|    Oct 19 Fri, 2018 11:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിബിഐ മുന്‍ ഡയറക്ടര്‍ക്കെതിരേ അന്വേഷണത്തിനു നിര്‍ദേശം

Published : 24th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരായ ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ സുപ്രിംകോടതി നിര്‍ദേശം. ഇതിനായി പ്രത്യേക അന്വേഷണത്തിനു രൂപം നല്‍കാനും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസില്‍ ആരോപണവിധേയരായവര്‍ക്ക് അനുകൂലമായി സിബിഐ ഡയറക്ടര്‍ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്നു പ്രഥമദൃഷ്ട്യാ തന്നെ കോടതിക്കു ബോധ്യംവന്നിട്ടുണ്ടെന്നു ജസ്റ്റിസ് മദന്‍ വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക എസ്‌ഐടിയെ നിയോഗിക്കാന്‍ സിബിഐ ഡയറക്ടര്‍ക്കു നിര്‍ദേശവും കൊടുത്തു. നേരത്തേ സിന്‍ഹയ്‌ക്കെതിരായ ആരോപണം അന്വേഷിക്കാനായി സുപ്രിംകോടതി സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ എം എല്‍ ശര്‍മയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു. കേസിലെ ആരോപണവിധേയരുമായി സിന്‍ഹ നടത്തിയെന്നു പറയുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെ അന്വേഷിച്ച സംഘം, അഴിമതിക്കേസ് അട്ടിമറിക്കാന്‍ അദ്ദേഹം ഇടപെട്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഡല്‍ഹിയിലെ വസതിയില്‍  സിന്‍ഹ കല്‍ക്കരി അഴിമതിക്കേസിലെ ചില പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണത്തെ സ്വാധീനിക്കാനാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന്  സിന്‍ഹയ്‌ക്കെതിരേ കഴിഞ്ഞ വര്‍ഷം ജൂണില്‍ സിബിഐ കോടതി കുറ്റം ചുമത്തിയിരുന്നു. സിന്‍ഹക്കെതിരായി പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ നടപടികളാണ് കേസില്‍ അദ്ദേഹത്തെ കുടുക്കിയത്.  നേരത്തേ 2ജി സ്‌പെക്ട്രം കേസില്‍ ആരോപണവിധേയരായ കമ്പനി പ്രതിനിധികളുമായി സിന്‍ഹ കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ്, ടാറ്റ, ബിര്‍ള, ജിന്‍ഡാല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കു ലേലം ചെയ്യാതെ കുറഞ്ഞ തുകയ്ക്ക് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയെന്നാണ് കല്‍ക്കരിപ്പാടം അഴിമതിക്കേസിന് ആധാരം. സിഎജിയുടേത് ഊതിവീര്‍പ്പിച്ച കണക്കാണെന്നു യുപിഎ സര്‍ക്കാര്‍ ആരോപിച്ചിരുന്നുവെങ്കിലും എല്ലാ ഖനന ലൈസന്‍സുകളും സുപ്രിംകോടതി റദ്ദാക്കിയിരുന്നു. അന്നത്തെ നിയമമന്ത്രി അശ്വിനി കുമാര്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍, വ്യവസായികളായ നവീന്‍ ജിന്‍ഡാല്‍, കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രി ദോസരി നാരായണ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് തുടങ്ങിയവരും പ്രതികളാണ്. കേസില്‍ മന്‍മോഹന്‍ സിങിന്റെ വസതിയിലെത്തി സിബിഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കൊച്ചി: സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നു സ്വകാര്യ ബസ്സുകള്‍ സൂചനാ പണിമുടക്ക് നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നു കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു, എം ബി സത്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അടക്കം ബസ്ചാര്‍ജ് വര്‍ധിപ്പിക്കാതെ ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഡീസല്‍ വില വര്‍ധിപ്പിച്ചതിനു ശേഷം ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും പല പ്രാവശ്യം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്തുവെങ്കിലും പരിഹാരമായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. കെ ബി സുനീര്‍, ജോണ്‍സണ്‍ പയ്യപ്പിള്ളി, ടി ജെ രാജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss