|    Nov 21 Wed, 2018 11:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിബിഐ ഡയറക്ടറെ മാറ്റാന്‍ കാരണം റോയിലെ ചാരന്‍മാര്‍ക്ക് അസ്താനയുമായുള്ള ബന്ധം പുറത്തറിഞ്ഞതിനാല്‍

Published : 7th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ പുറത്താക്കാനുള്ള നീക്കങ്ങള്‍ നടന്നത് രാജ്യത്തെ പ്രധാന വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ‘റോ (റിസര്‍ച് ആന്റ് അനാലിസിസ് വിങ്) മേധാവി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമെന്ന് റിപോര്‍ട്ട്. നേരത്തേ ഗുജറാത്തിലും ഡല്‍ഹിയിലും ഇന്റലിജന്‍സ് ബ്യൂറോകളുടെ തലവനായിരുന്ന പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ റോ മേധാവി അനില്‍ ദാസ്മാന ഒക്ടോബര്‍ 21ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അലോക് വര്‍മയെ അടിയന്തരമായി മാറ്റിയതെന്നാണ് ലോക്മത് ഗ്രൂപ്പിന്റെ ദേശീയ എഡിറ്റര്‍ ഹരീഷ് ഗുപ്തയുടെ റിപോര്‍ട്ടില്‍ പറയുന്നത്.
ദുബയില്‍ നാം നടത്തിയ മുഴുവന്‍ ഓപറേഷനുകളും പുറത്തായെന്ന് റോ മേധാവി പ്രധാനമന്ത്രിയെ അറിയിച്ചുവെന്നാണ് റിപോര്‍ട്ട്. നമ്മുടെ സ്വന്തം ഏജന്‍സി തന്നെയാണ് ഇത് ചെയ്തതെന്നും നമ്മുടെ ആളുകള്‍ അപകടത്തിലാണെന്നും നമുക്ക് ഇനി എങ്ങനെ പ്രവര്‍ത്തിക്കാനാവുമെന്നും റോ മേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇത് ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ റോ അടച്ചുപൂട്ടുകയാണ് നല്ലതെന്നും വരെ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചെന്നാണ് റിപോര്‍ട്ട്. നേരത്തെ ദുബയിലെ റോയുടെ സ്‌റ്റേഷന്‍ ഡയറക്ടറായിരുന്ന റോയിലെ രണ്ടാമനായ സമന്ത് കുമാര്‍ ഗോയലിനെ അസ്താന കേസിലേക്ക് വലിച്ചിഴച്ചുവെന്നതാണ് റോ മേധാവിയെ ചൊടിപ്പിച്ചത്.
റോയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനും ദുബയിലെ റോയിലെ ഓപറേഷന്‍ തലവനുമായിരുന്ന ഒരാളുടെ മക്കളായ മഹേഷ് പ്രസാദ്, സോമേഷ് പ്രസാദ് എന്നിവരെ കുറിച്ചും അനില്‍ ദാസ്മാന പ്രധാനമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും വ്യവസായികളുമായ ഇരുവരും റോയ്ക്ക് ആവശ്യമുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയായിരുന്നു. ദുബയിലെ റോയുടെ ഓപറേഷന്‍സ് തലവനായ സമന്ത് കുമാര്‍ ഗോയലുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അനില്‍ ദാസ് മാന പ്രധാനമന്ത്രിയെ അറിയിച്ചതോടെ, അദ്ദേഹം ക്രുദ്ധനായി, ഉടനെ അലോക് വര്‍മയെ വിളിപ്പിച്ച് വിശദീകരണം തേടി. ഇതിനു ശേഷം പ്രധാനമന്ത്രി അസ്വസ്ഥനായി.
അലോക് വര്‍മയോട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ കാണാന്‍ നിര്‍ദേശിച്ചു. ഞാനാണ് താങ്കളെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, താങ്കള്‍ റോയെ അസ്താന കേസിലേക്ക് വലിച്ചിഴച്ചുവെന്ന് ദോവല്‍ പറഞ്ഞുവെന്നാണ് സൂചന.
രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആറില്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേര് പരാമര്‍ശിച്ചതാണ് റോയെയും പ്രധാനമന്ത്രിയെയും ചൊടിപ്പിച്ചത്. അസ്താനയ്‌ക്കെതിരായ കേസില്‍ പ്രതിയായിട്ടല്ല, സാക്ഷിയായിട്ടാണ് ഗോയലിന്റെ പേര് പരാമര്‍ശിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരിനെ ഇത് അസ്വസ്ഥമാക്കുകയായിരുന്നു. റോ ഉദ്യോഗസ്ഥന്റെ മക്കളായ മഹേഷ് പ്രസാദ്, സോമേഷ് പ്രസാദ് എന്നിവര്‍ മുഖേന മാംസ കയറ്റുമതി വ്യാപാരി മോയീന്‍ ഖുറൈഷിയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 15ന് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് റോ കുരുക്കിലായത്. ഇതാണ് സിബിഐയിലെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss