|    Feb 25 Sat, 2017 3:47 am
FLASH NEWS

സിബിഐ ചോദിക്കുന്നു: കേസ് വല്ലതുമുണ്ടോ?

Published : 28th October 2016 | Posted By: SMR

slug-madhyamargam‘അമ്മി കൊത്താനുണ്ടോ, ആട്ടമ്മി’ എന്ന താളാത്മകമായ ദയനീയവിളി മലയാളികള്‍ മറന്ന മട്ടാണ്. അന്നന്നത്തെ അത്താഴപ്പുട്ടിനു വഴികണ്ടെത്താന്‍ കുലത്തൊഴില്‍ എന്ന നിലയില്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും കൊത്തുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ അടുക്കളയിലും പുറത്തും അമ്മി തന്നെ ഇല്ലാതായി. കേരളത്തിലെ ചില ഗ്രാമങ്ങളില്‍ അപൂര്‍വമായി ഇത്തരക്കാരെ കണ്ടെത്താനാവും.
അമ്മിയും ആട്ടമ്മിയും മുഷിഞ്ഞ വസ്ത്രധാരികളായ കൊത്തുന്നവരെയും അവരുടെ നീട്ടിയുള്ള വിളിയും ഓര്‍ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അവസരമുണ്ടാക്കുന്നു. കേസന്വേഷണത്തിലെ വല്യേട്ടനായി വിശേഷിപ്പിക്കുന്ന സിബിഐയുടെ തത്ത കൂട്ടില്‍നിന്ന് ഇറങ്ങി ഇങ്ങോട്ടു പറക്കുകയാണ്. ‘കേസ് ഏറ്റെടുക്കാനുണ്ടോ, അഴിമതിക്കേസ്’ എന്നു സിബിഐ വിളിക്കുന്നു.
കൊച്ചി ഹൈക്കോടതിയിലാണ് ‘വിളിക്കാര്‍’ തമ്പടിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ പിടിത്തം ഉറപ്പിച്ച് ജില്ലാ കോടതി മുതല്‍ താഴോട്ട് മുന്‍സിഫ് കോടതികള്‍ വരെ കയറിയിറങ്ങി കേസുകള്‍ ഏറ്റെടുക്കാനുള്ള പുറപ്പാടിലാണത്രേ ഈ അന്വേഷണ ഏജന്‍സി.
1956ലാണ് നമ്മുടെ ഹൈക്കോടതി ആരംഭിച്ചത്. ആദ്യമായാണ് ഒരു കേസ് തങ്ങള്‍ ഏറ്റെടുക്കാമെന്നു പറഞ്ഞ് സിബിഐ മുന്നോട്ടുവരുന്നത്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേയുള്ള സര്‍വീസ് ചട്ടലംഘന പരാതി അന്വേഷിക്കാന്‍ തയ്യാറാണെന്നാണു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. സര്‍വീസ് ലംഘന കേസ് രണ്ടുവര്‍ഷം മുമ്പ് തീര്‍പ്പായതാണ്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു കോളജില്‍ പഠിപ്പിച്ച് പ്രതിഫലം വാങ്ങിയെന്നായിരുന്നു പരാതി. വാങ്ങിയ പ്രതിഫലം തിരിച്ചടച്ചാണു പരാതി തീര്‍പ്പാക്കിയത്. ഇതേ വിഷയത്തില്‍ പുതിയൊരു ഹരജി ഹൈക്കോടതിയില്‍ വരുകയും സിബിഐ ചാടിക്കയറി കേസ് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുമാണ് ഉണ്ടായത്.
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അദ്ദേഹം വിജിലന്‍സ് പദവി രാജിവയ്‌ക്കേണ്ടിവരും. ബാര്‍ കോഴക്കേസ് ഉള്‍പ്പെടെ പ്രമാദമായ കേസുകളുടെ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന അവസരത്തിലാണ് ഈ ഉദ്യോഗസ്ഥന്‍ മാറിക്കൊടുക്കേണ്ടിവരുക. മുന്‍ ധനമന്ത്രി കെ എം മാണിയെ രക്ഷപ്പെടുത്താന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരാണ് ഇവരെ തുറന്നുവിട്ടതെന്ന് ആര്‍ക്കും മനസ്സിലാവും. മാണിക്കും കൂട്ടര്‍ക്കും ജേക്കബ് തോമസ് പേടിസ്വപ്‌നമാണ്. ആ കസേരയില്‍ വേറെ ഏത് മനുഷ്യന്‍ ഇരുന്നാലും വശംവദനാക്കാന്‍ കഴിയുമെന്ന് ഇക്കൂട്ടര്‍ക്കു വിശ്വാസവുമുണ്ട്.
ബാര്‍ കോഴയ്‌ക്കെതിരേ നാഴികയ്ക്കു നാല്‍പ്പതുവട്ടം ബഹളംകൂട്ടുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍ അറിയാതെ സിബിഐയെ അഴിച്ചുവിടില്ലെന്നും മനസ്സിലാക്കണം. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസും മാറാട് കേസും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി എത്രകാലമായി വെയിലും മഴയും കൊള്ളുന്നു; എത്രയെത്ര നിവേദനങ്ങള്‍ നല്‍കി? മോദി സര്‍ക്കാര്‍ കനിഞ്ഞില്ല.
കേരളത്തില്‍നിന്ന് ആദ്യമായി ഒരു കേസ് സിബിഐ അന്വേഷിക്കുന്നത് പാനൂര്‍ എസ്‌ഐയായിരുന്ന സോമന്‍ വെടിയേറ്റു മരിച്ച സംഭവമാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുന്ന അക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് ഇതിനുവേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തേണ്ടിവന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സിബിഐയുടെ കാലില്‍ വീണിട്ടുണ്ട്. അപ്പോഴൊക്കെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല, ഫണ്ടില്ല, ഓഫിസില്ല തുടങ്ങിയ ന്യായങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് സിബിഐ ചെയ്തത്.
സംസ്ഥാനത്തിനു യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലാത്ത, നേരത്തേ പല അന്വേഷണ ഏജന്‍സികളുടെയും റിപോര്‍ട്ടുകളുള്ള കേസ് സ്വയം ഏറ്റെടുക്കാനുള്ള സിബിഐയുടെ താല്‍പര്യം ദുരുദ്ദേശ്യപരമാണെന്ന് വ്യക്തം. മാത്രമല്ല, സിബിഐ ഇങ്ങനെ കേരളത്തിലെ കേസുകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നാല്‍ വിജിലന്‍സും ക്രൈംബ്രാഞ്ചും ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയും മറ്റും പൂട്ടി സീല്‍ ചെയ്യാവുന്നതാണ്. കാലക്രമേണ പോലിസ് സ്‌റ്റേഷനുകളും സിബിഐയെ ഏല്‍പ്പിച്ചുകൊടുക്കാം.                           ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക