|    Dec 15 Sat, 2018 5:31 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിബിഐ അന്വേഷിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 16th November 2018 | Posted By: kasim kzm

കൊച്ചി: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുന്നവര്‍ തട്ടിക്കൊണ്ടുപോവലിനും കൊള്ളയ്ക്കും ഇരയാവുന്ന സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പാലക്കാട്-കോയമ്പത്തൂര്‍ പാതയിലെ ഉക്കടത്ത് വാഹനാപകടമുണ്ടാക്കി തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തിരൂര്‍ തിരുനാവായ സ്വദേശി ഹംസ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഹരജിക്കാരനും സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ മറ്റുള്ളവരും നല്‍കിയ പരാതികളുടെയും കേസുകളുടെയും വിശദാംശങ്ങള്‍ ഡിസംബര്‍ നാലിനകം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കര്‍ണാടകയിലെ ഹുസൂറില്‍ പോയി പാലക്കാട്-കോയമ്പത്തൂര്‍ പാതയിലൂടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അന്വേഷണം കാര്യക്ഷമമാവില്ലെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു. ഉക്കടത്ത് വച്ച് വാഹനങ്ങള്‍ കുറുകെയിട്ടും മറ്റൊരു വാഹനം താന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിപ്പിച്ചും നിര്‍ത്തിച്ച ശേഷം ഡ്രൈവറെ ഭീഷണിപ്പെടുത്തി മാറ്റി തന്നെയുള്‍പ്പെടെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു.
ഓക്ടോബര്‍ രണ്ടിന് രാത്രി എട്ടിനാണ് സംഭവം. കണ്ണുകെട്ടി മലഞ്ചരിവിനടുത്തുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞതനുസരിച്ച് 10 ലക്ഷം പാലക്കാട് ചേര്‍പ്പുളശ്ശേരിയില്‍ വച്ച് നാസര്‍ എന്നയാള്‍ക്ക് നല്‍കി. ബാക്കി 10 ലക്ഷം രൂപയ്ക്ക് ബ്ലാങ്ക് ചെക്കും സ്റ്റാമ്പ് പേപ്പര്‍ ഒപ്പിട്ടും നല്‍കി. തുടര്‍ന്ന് 40 ലക്ഷം വേണമെന്നായേതാടെ ഹംസയുടെ കുടുംബം തിരൂര്‍ പോലിസില്‍ പരാതിനല്‍കുകയും ഇതേത്തുടര്‍ന്ന് മൂന്ന് ദിവസത്തിനു ശേഷം രാത്രി പത്തരയോടെ ഹംസയെയും ഡ്രൈവറെയും വാഹനത്തില്‍ കൊണ്ടുവന്ന് സംഘം കൊപ്പത്ത് ഇറക്കിവിടുകയായിരുന്നു. പിന്നീട് താന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇതിനിടെ രണ്ടുപേരെ പിടികൂടി. ഇതോടെ പോലിസ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിനല്‍കി.
15 പേരടങ്ങുന്ന സംഘമാണ് തങ്ങളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയത്. തന്നെ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ തട്ടിക്കൊണ്ടുവന്ന നിരവധി പേരെ പാര്‍പ്പിച്ചിരുന്നു. ഇതിലൊരു സ്ത്രീയെ ലൈംഗികപീഡനത്തിനും വിധേയമാക്കി.
തട്ടിക്കൊണ്ടുവരുന്നവരെ നഗ്നരാക്കി അജ്ഞാതര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss