|    Nov 18 Sun, 2018 1:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിബിഐ അന്വേഷണം എങ്ങുമെത്തിയില്ല

Published : 7th March 2018 | Posted By: kasim kzm

ലിജോ  കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ വേര്‍പാടിന് രണ്ടാണ്ട് തികയുമ്പോഴും മരണത്തിന്റെ ദുരൂഹതകള്‍ തീര്‍ക്കാന്‍ അന്വേഷണസംഘങ്ങള്‍ക്കായില്ല. മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ രംഗത്തുവന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതും സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു നിഗമനവും പുറത്തുവന്നില്ല.
മണിയുടെ കൂടെ പാടിയില്‍ ഉണ്ടായിരുന്നവരെയും സിനിമാ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഇവരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. ഇതിനിടയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദര ന്‍ രാമകൃഷ്ണനും മണിയടെ ഭാര്യ നിമ്മിയും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്കു വിട്ടത്. സിബിഐ അന്വേഷണം ഇപ്പോഴും നടന്നുവരുകയാണ്. കേസന്വേഷണം സംബന്ധിച്ച് സിബിഐ ഇതുവരെയും യാതൊരു സൂചനകളും പുറത്തുവിട്ടിട്ടില്ല. 2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി മരിച്ചത്. മണിയുടെ വിശ്രമസ്ഥലമായ വീടിനടുത്തുള്ള പാടിയില്‍ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ മണിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം.
ഇല്ലായ്മകളോട് പോരാടിയ ചാലക്കുടിക്കാരന്റെ ഓര്‍മയ്ക്ക് രണ്ടുവയസ്സ് തികയുമ്പോള്‍ നൊമ്പരങ്ങളോടെയാണ് നാട്ടുകാര്‍ ഇന്നും മണിയെ ഓര്‍ക്കുന്നത്. അനുകരണകലയിലൂടെ കലാരംഗത്ത് സ്വന്തമായി ഇടംകണ്ടെത്തി തനതായ ശൈലിയിലൂടെ സിനിമാലോകം കീഴടക്കുകയായിരുന്നു മണിയെന്ന കലാകാരന്‍. നാടന്‍പാട്ടുകള്‍ പ്രചാരത്തിലാക്കിയതില്‍ മണി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാടന്‍ പാട്ടുകള്‍ പോലെത്തന്നെ ചാലക്കുടിപ്പുഴയും ചാലക്കുടിക്കാരും മണിക്ക് പ്രിയപ്പെട്ടതായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ചാലക്കുടിയില്‍ ഓടിയെത്തി പഴയ സൗഹൃദം പുതുക്കാന്‍ മണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
താരജാടയില്ലാതെ സാധാരണക്കാരോടൊപ്പം ഉണ്ണാനും ഉറങ്ങാനും ഈ കലാകാരന്‍ തയ്യാറായി എന്നതാണ് മണിയെ മറ്റു നടന്‍മാരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. മലയാളത്തി ല്‍ മാത്രമല്ല, അന്യഭാഷകളിലും മണി തന്റെ കഴിവു തെളിയിച്ചു. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഒരു വിഹിതം നിര്‍ധനര്‍ക്കായി മാറ്റിവയ്ക്കാനും മണിയെന്ന മഹാനായ കലാകാരന്‍ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss