|    Nov 20 Tue, 2018 3:56 am
FLASH NEWS
Home   >  Editpage  >  Lead Article  >  

സിബിഐയിലെ പാതിരാ അട്ടിമറി

Published : 2nd November 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

സിബിഐ കേസിലെ സുപ്രിംകോടതിയുടെ ഇടപെടലിന് ചരിത്രപരമായ ഒട്ടേറെ മാനങ്ങളുണ്ട്. ഭരണഘടനാസ്ഥാപനങ്ങളെ ഇച്ഛയ്ക്കനുസരിച്ച് ആയുധമാക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീക്കങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് അത്. സിബിഐ മേധാവികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ അന്വേഷണം സ്വന്തം നിരീക്ഷണത്തില്‍ നടത്തണമെന്നാണ് സുപ്രിംകോടതി തീരുമാനിച്ചത്. സര്‍ക്കാര്‍ അന്വേഷണ ചുമതലയേല്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സുപ്രിംകോടതി നിയോഗിച്ച റിട്ടയേര്‍ഡ് ജഡ്ജി എ കെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിനു വിധേയമായി പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. 12 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിബന്ധനയും പ്രശ്‌നം നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ക്കു തടയിടും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ സുപ്രിംകോടതി പ്രതിബദ്ധതയോടെ നിലകൊള്ളുന്നു എന്ന സന്ദേശമാണ് അതു രാജ്യത്തിനു നല്‍കിയത്. അതാവട്ടെ അടിയന്തരാവസ്ഥയില്‍ മാത്രം നടന്നതുപോലുള്ള ഇടപെടല്‍ അര്‍ധരാത്രിയില്‍ നടത്തി സിബിഐ ആസ്ഥാനം വളഞ്ഞ് ഡയറക്ടറടക്കം 14ഓളം ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന്റെ ഞെട്ടലില്‍ രാജ്യം നിലകൊള്ളുമ്പോള്‍. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത തകര്‍ന്നതിന്റെ പേരിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ മുഖേന കേന്ദ്ര വിജിലന്‍സ് ഏജന്‍സിയെ ഉപകരണമാക്കി ഭരണഘടനാവ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി ഇതു ചെയ്യിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പിലാണ് പ്രധാനമന്ത്രി. തൊട്ടുപിറകെ പൊതുതിരഞ്ഞെടുപ്പിനെയും നേരിടണം. പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധതയും വിശ്വാസ്യതയുമാണ് ഈ കേസിലൂടെ ചോദ്യംചെയ്യപ്പെടുന്നത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രിംകോടതി ബെഞ്ച് അടുത്ത മാസം തന്നെ മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന വിധി പുറപ്പെടുവിക്കുമെന്നതാണു നിര്‍ണായകം.
സിബിഐ ആസ്ഥാനത്ത് അര്‍ധരാത്രി പ്രധാനമന്ത്രി നടത്തിയ അട്ടിമറി തടയപ്പെട്ടു എന്നതാണ് സുപ്രിംകോടതി ഇടപെടലിലൂടെ സംഭവിച്ച ഏറ്റവും പ്രധാന കാര്യം. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതും ഭരണഘടന അട്ടിമറിച്ചതും ഏകാധിപത്യ മാര്‍ഗത്തിലൂടെ അധികാരം നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി നടത്തിയ ശ്രമമായിരുന്നു എന്നത് നമ്മുടെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. റഫേല്‍ അഴിമതി ആരോപണം പ്രധാനമന്ത്രി മോദിയില്‍ ചെന്നു തറയ്ക്കുന്നതു തടയാനാണ് സിബിഐ ആസ്ഥാനം പിടിച്ചെടുത്തതും സിബിഐ ഡയറക്ടറെയടക്കം പുറത്താക്കി വിശ്വസ്തരെ ചുമതലയേല്‍പ്പിച്ചതും.
മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കാഡറിലിരുന്ന വിശ്വസ്തനായ പോലിസ് ഓഫിസര്‍ രാകേഷ് അസ്താനയെ സിബിഐ ഡയറക്ടറാക്കാന്‍ നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ മോദിക്ക് തിരിച്ചടിയായത്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടലായും പരസ്പരം ചുമത്തുന്ന അഴിമതിക്കേസുകളായും വളര്‍ന്ന വിവാദങ്ങളല്ല യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയെ ഈ ഗൂഢനീക്കത്തിനു പ്രേരിപ്പിച്ചത്.
ഇതിനകം ഇന്ത്യയിലും ഫ്രാന്‍സിലും വന്‍ അഴിമതി വിവാദമായി ആളിപ്പടരുന്ന റഫേല്‍ വിമാന ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ നീങ്ങുന്നതു തടയാനാണു മിന്നലാക്രമണം നടത്തിയത്. ഇതിനു മൂന്നാഴ്ച മുമ്പാണ് റഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി മോദിയെ ഒന്നാംപ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വാജ്‌പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സിബിഐ ഡയറക്ടര്‍ക്കു പരാതി നല്‍കുന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തെ അവഗണിച്ച് 10 ദിവസം മുമ്പുമാത്രം പടച്ചുണ്ടാക്കിയ അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് റഫേല്‍ ഇടപാടിന്റെ അഴിമതിപ്പണം നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം.
സിബിഐ എന്ന കുറ്റാന്വേഷണ ഏജന്‍സിയെ കൈയിലൊതുക്കുന്നതിന് നിരവധി സിബിഐ കേസുകള്‍ നേരിടുന്ന രാകേഷ് അസ്താനയെ അതിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ മോദി ശ്രമം നടത്തി. അമിത്ഷായും മോദിയും ഉള്‍പ്പെട്ട കൂട്ടക്കൊല, ഏറ്റുമുട്ടല്‍ കേസുകളില്‍ രക്ഷപ്പെടാന്‍ സഹായിച്ച അസ്താന സിബിഐ ഡയറക്ടറാവാതെ പോയത് നിയമനത്തിനെതിരേ സുപ്രിംകോടതി നടത്തിയ ഇടപെടലിലൂടെയാണ്. ഡല്‍ഹി പോലിസ് മേധാവിയായിരുന്ന അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ ആക്കേണ്ടിവന്നതും ആ കേസില്‍ നിന്ന് തലയൂരാനായിരുന്നു.
അതിനുശേഷം രാകേഷ് അസ്താന സിബിഐ ആസ്ഥാനത്തിരുന്ന് അട്ടിമറിച്ച കല്‍ക്കരി കുംഭകോണം തൊട്ട് നിരവധി കേസുകളുണ്ട്. അതിനിടയ്ക്കാണ് ഹൈദരാബാദിലെ മാംസവ്യാപാരിയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയതിന്റെ പരാതി അസ്താനയ്‌ക്കെതിരേ ഉണ്ടായതും തെളിവു ലഭിച്ചതും. ഇതുസംബന്ധിച്ച അന്വേഷണത്തിന് ഡയറക്ടര്‍ വര്‍മ നിയോഗിച്ച ഡിഐജിയെയാണ് കഴിഞ്ഞ ദിവസം സിബിഐ ആസ്ഥാനത്തുനിന്ന് ആന്തമാനിലേക്ക് സ്ഥലം മാറ്റിയത്. ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കും. അസ്താനയ്‌ക്കെതിരായി സിബിഐ കേസെടുത്തതിന് പിറകെയാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരേ അസ്താന അഴിമതി ആരോപണം ഉന്നയിക്കുന്നത്.
പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്നാണ് സിബിഐ ഡയറക്ടറെ നിയമിക്കേണ്ടതും അവര്‍ ആലോചിച്ചു വേണം നീക്കം ചെയ്യേണ്ടതും. എന്നിരിക്കെ, അര്‍ധരാത്രിയില്‍ വിളിച്ചുണര്‍ത്തി ഇനി താന്‍ സിബിഐ ആസ്ഥാനത്തു വരേണ്ടതില്ലെന്ന് അറിയിക്കുകയും ഔദ്യോഗിക വാഹനവും ഡ്രൈവറെപ്പോലും പിന്‍വലിക്കുകയും ചെയ്ത അസാധാരണ കാഴ്ചകളാണ് ഉണ്ടായത്. കൈക്കൂലി വാങ്ങി സിബിഐ കേസുകളില്‍ അനുകൂലമായ വിധി സമ്പാദിച്ചുകൊടുക്കുന്നതിന് ചെന്നൈ സിബിഐ ഓഫിസില്‍ ഇരിക്കെ ആരോപണത്തിനു വിധേയനായ ഒഡീഷ സ്വദേശിയായ ജോയിന്റ് ഡയറക്ടര്‍ക്കാണ് സിബിഐ ഡയറക്ടറുടെ അധികാരം കൈമാറിയത്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ആരോപണവിധേയനാണ്.
സുപ്രിംകോടതി വെള്ളിയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇത്തരം ഭരണഘടനാവിരുദ്ധ നീക്കങ്ങളെ നിരായുധമാക്കുന്നതും കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുമാണ്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss