|    Dec 14 Fri, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിബിഐയിലെ അഴിമതിയാരോപണം; അലോക് വര്‍മയ്ക്ക് എതിരേ തെളിവില്ല

Published : 12th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍പദവിയില്‍ നിന്നു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മയ്‌ക്കെതിരായ അഴിമതി ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) കണ്ടെത്തിയതായി റിപോര്‍ട്ട്. വിരമിച്ച സുപ്രിംകോടതി ജഡ്ജി എ കെ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച റിപോര്‍ട്ട് വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയതായാണു സൂചന.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംഘം വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചത്. സിവിസിയുടെ റിപോര്‍ട്ട് ഇന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കും. വിവിധ അഴിമതിക്കേസുകളില്‍ ആരോപണവിധേയനായ സിബിഐയിലെ രണ്ടാമന്‍ രാകേഷ് അസ്താന, ആഗസ്ത് 24നാണ് അലോക് വര്‍മയ്‌ക്കെതിരേ ആരോപണമുന്നയിച്ച് കാബിനറ്റ് സെക്രട്ടറിക്ക് കത്തു നല്‍കിയത്. പരാതി കാബിനറ്റ് സെക്രട്ടറി സിവിസിക്കു കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി രണ്ടുതവണ സിവിസി അലോക് വര്‍മയുടെ മൊഴിയെടുത്തിരുന്നു.
എന്നാല്‍, ആരോപണങ്ങളെല്ലാം സിവിസിക്കു മുമ്പാകെ വര്‍മ നിഷേധിച്ചിരുന്നു. പ്രധാനമായും എട്ടു പരാതികളാണ് അലോക് വര്‍മയ്‌ക്കെതിരേ അസ്താന ഉന്നയിച്ചത്. അസ്താന നല്‍കിയ രേഖകളും മറ്റും പരിശോധിച്ചാണ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതെന്ന് സിവിസി വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടുകളുണ്ട്.
റഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ സിബിഐ പരിഗണിക്കാനിരിക്കെയാണ് സിബിഐ ഡയറക്ടര്‍ക്കെതിരേ നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താന അഴിമതി ആരോപണമുന്നയിച്ച് കാബിനറ്റ് സെക്രട്ടറിക്കു കത്ത് നല്‍കിയിരുന്നത്. പ്രധാനമന്ത്രി ആരോപണവിധേയനായ റഫേല്‍ യുദ്ധവിമാന ഇടപാടിലെ അന്വേഷണത്തിലേക്ക് തിരിഞ്ഞതോടെയാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയതെന്ന് ആരോപണമുണ്ട്.
മാംസകയറ്റുമതി വ്യാപാരിയായ മുഈന്‍ ഖുറേഷിയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അലോക് വര്‍മയ്‌ക്കെതിരായ പ്രധാന ആരോപണം.
ഈ കേസില്‍ ഹൈദരാബാദ് സ്വദേശിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയെങ്കിലും അലോക് വര്‍മ അതു നിഷേധിച്ചെന്നാണ് അസ്താനയുടെ ആരോപണം. എന്നാല്‍, മുഈന്‍ ഖുറേഷിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ അസ്താനയാണ് കൈക്കൂലി വാങ്ങിയതെന്ന് അലോക് വര്‍മയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കണ്ടെത്തി.
ഈ സംഭവത്തില്‍ അസ്താനയെ ഒന്നാംപ്രതിയാക്കി സിബിഐ കേസെടുക്കുകയും രണ്ടാംപ്രതിയായ സിബിഐയിലെ ഡിവൈഎസ്പിയായ രാജേന്ദര്‍കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നടപടി നരേന്ദ്രമോദിയുടെ അടുത്ത അനുയായിയായ അസ്താനയിലേക്കു നീങ്ങിയതോടെയാണ് അര്‍ധരാത്രി നാടകീയമായി അലോക് വര്‍മയെയും അസ്താനയെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാനത്തു നിന്ന് നീക്കിയത്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രിംകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിക്കു മാത്രമേ സിബിഐ മേധാവിയെ മാറ്റാനും നിയമിക്കാനും അധികാരമുള്ളൂ എന്നിരിക്കെ, സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് അലോക് വര്‍മയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഈ കേസ് പരിഗണിക്കവെയാണ് അലോക് വര്‍മയ്‌ക്കെതിരായ അന്വേഷണങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി, ജസ്റ്റിസ് പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss