|    Jan 22 Sun, 2017 3:05 am
FLASH NEWS

സിബിഐക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published : 6th October 2016 | Posted By: SMR

മൂവാറ്റുപുഴ: സിബിഐക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കി. സിബിഐ നടപടിമൂലം സംസ്ഥാന സര്‍ക്കാരിന് 10 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസുകളില്‍ കേസന്വേഷണത്തിന്റെ പേരില്‍ സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ കേരള ഗവണ്‍മെന്റിന് വാടകയിനത്തില്‍ നഷ്ടം സംഭവിച്ചുവെന്നാരോപിച്ചാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ എറണാകുളം സ്‌പെഷ്യല്‍ സെല്‍ വിജിലന്‍സ് വിഭാഗം സര്‍ക്കാരിന്റെ നഷ്ടം കണ്ടെത്തുകയും സിബിഐയില്‍ നിന്ന് തുക ഈടാക്കുവാന്‍ നടപടിയെടുക്കാവുന്നതാണെന്നും കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാരന്‍ കേസിലേക്ക് ആവശ്യമായ കൂടുതല്‍ രേഖകള്‍ ഹാജരാക്കുകയും കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഹരജി നല്‍കുകയുമായിരുന്നു.
പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി ടി ഒ സൂരജ്, മുന്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍, പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എറണാകുളം ജില്ലാ മുന്‍ കലക്ടര്‍ എം ജി രാജമാണിക്യം, പിഡബ്ല്യൂഡി ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, എറണാകുളം പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, സിബിഐ ഡിവൈഎസ്പി പ്രേംകുമാര്‍, സിബിഐ എസ്പി ജോസ് മോന്‍ തുടങ്ങിയവരെയും പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം നടത്തണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക