|    Oct 21 Sun, 2018 1:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിബിഎസ്ഇ നടപടികള്‍ കര്‍ശനമാക്കുന്നു

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുതിയ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ ചട്ടങ്ങളില്‍ സിബിഎസ്ഇ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച പരാതികള്‍ വ്യാപകമായതിനു പിന്നാലെയാണു പുതിയ നീക്കങ്ങള്‍. സിബിഎസ്ഇ അംഗീകാരത്തിനായക്കുള്ള  അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ കടുപ്പമാാക്കും. കൂടാതെ, ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്താനും സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധിയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ നിരീക്ഷണസമിതി രൂപീകരിക്കാനാണു തീരുമാനം. സമിതി സ്‌കൂളുകളിലെ സാഹചര്യങ്ങളും വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ചും പരിശോധന നടത്തും. സിബിഎസ്ഇയുടെ ചട്ടപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സ്‌കൂളുകള്‍ പാലിക്കുന്നുണ്ടോയെന്നും വിലയിരുത്തും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. നിശ്ചിത ഇടവേളകളില്‍ സ്‌കൂളുകളുടെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ മാനവവിഭവശേഷി മന്ത്രാലയം സിബിഎസ്ഇക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുള്‍പ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തിയാവും സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ തയ്യാറാക്കുകയെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, പുതിയ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കുന്നതിനുള്ള സമിതിയെ ഇതുവരെ നിയമിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss