|    Apr 24 Mon, 2017 3:13 am
FLASH NEWS

സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാരെന്ന ആക്ഷേപം:എം എം മണിക്കെതിരേ കാനം രാജേന്ദ്രന്‍

Published : 5th November 2016 | Posted By: mi.ptk

kanam-maniതിരുവനന്തപുരം: സിപിഐ മന്ത്രിമാരെ മണ്ടന്‍മാരെന്ന് ആക്ഷേപിച്ച സിപിഎം നേതാവ് എം എം മണി—ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ മന്ത്രിമാരെക്കുറിച്ച് സിപിഎമ്മിന് മോശം അഭിപ്രായമില്ല. എന്നാല്‍, സിപിഎമ്മിന്റെ പൊതുരാഷ്ട്രീയ നയങ്ങള്‍ അംഗീകരിക്കാത്ത സെക്രട്ടേറിയറ്റംഗമായ എം എം മണിയോട് എന്തു സമീപനമാണു സ്വീകരിക്കേണ്ടതെന്ന് അവര്‍തന്നെയാണു തീരുമാനിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. വടക്കാഞ്ചേരി പീഡനത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തി കേസ് എടുക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സിപിഐ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ചീഫ്‌വിപ്പ് എം എം മണി രംഗത്തെത്തിയിരുന്നു. സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ മണ്ടന്‍മാരാണെന്നായിരുന്നു മണി വിമര്‍ശിച്ചത്. സംസ്ഥാനത്തെ പ്രശ്‌നങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണു ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെ കുറിച്ച് റവന്യൂമന്ത്രി വിവരക്കേട് പറയുകയാണ്. കാസര്‍കോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും അദ്ദേഹത്തിന് അറിയില്ല. കൃഷിമേഖലയിലും പ്രശ്‌നങ്ങളുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ കൃഷിമന്ത്രിക്ക് സാധിക്കുന്നില്ല. ഇത്തരം മന്ത്രിമാരിരിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ഇതായിരുന്നു നെടുങ്കണ്ടത്ത് കര്‍ഷകസംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ മണി തുറന്നടിച്ചത്. എന്നാല്‍, മണിയുടെ പ്രസ്താവനയ്ക്കു പിന്നാലെ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പോരിനിറങ്ങി. മണ്ടത്തരത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ അതിന് ഏറ്റവും അര്‍ഹര്‍ സിപിഎമ്മിലെ എം എം മണിയും ഇ പി ജയരാജനുമാണെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം.  ആരോപണപ്രത്യാരോപണം അതിരുവിട്ടതോടെയാണു സംസ്ഥാന സെക്രട്ടറി കാനംതന്നെ രംഗത്തെത്തിയത്. മണിക്കെതിരേ സിപിഎമ്മിനും എല്‍ഡിഎഫിനും പരാതിനല്‍കുമെന്നും കാനം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day