|    Mar 18 Sun, 2018 11:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാര്‍: എം എം മണി

Published : 4th November 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: ഇടതുമുന്നണിക്കും സര്‍ക്കാരിനും വീണ്ടും സെല്‍ഫ്‌ഗോളുകള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എം മണിയും സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ കെ ശിവരാമനുമാണ് തകര്‍പ്പന്‍ ഗോളുകള്‍ക്കു പിന്നില്‍. സിപിഐ മന്ത്രിമാര്‍ മണ്ടന്‍മാരെന്ന് പരസ്യപ്രഖ്യാപനം നടത്തിയാണ് എം എം മണി  വിവാദത്തിന്റെ പന്തടിച്ചു കയറ്റിയത്. മണ്ടത്തരത്തിന് അവാര്‍ഡുണ്ടായിരുന്നെങ്കില്‍ അത് എം എം മണിക്കും ഇ പി ജയരാജനുമായിരിക്കുമെന്ന മറു ഗോളുമായി ഉടന്‍തന്നെ സിപിഐ ജില്ലാസെക്രട്ടറി കെ കെ ശിവരാമനും കളത്തിലിറങ്ങി.
നെടുങ്കണ്ടത്ത് കര്‍ഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സിപിഐക്കാരായ റവന്യു മന്ത്രിയേയും കൃഷി മന്ത്രിയേയും എം എം മണി ആക്രമിച്ചത്. ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങളാണ് റവന്യു, കൃഷി മന്ത്രിമാര്‍ കാണിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ഇവര്‍ സര്‍ക്കാരിനു കുഴപ്പമാണ്. ജനത്തിന് നേരിട്ട് ഉപകാരമുളള വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് മറ്റൊരു പാര്‍ട്ടിയായിപ്പോയി.  ഭൂപരിഷ്‌കരണ ബില്ല് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പംകൂടി കര്‍ഷകരെ ഒറ്റുകൊടുത്തവരാണിവര്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനകീയപ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്നും മണി മുന്നറിയിപ്പ് നല്‍കി.
ദേവികുളം താലൂക്കിലെ അഞ്ച് വില്ലേജുകളിലെ ഭൂരേഖ പരിശോധിക്കാനുളള റവന്യു ഉത്തരവാണ് സിപിഎം-സിപിഐ ബന്ധം വഷളാക്കിയത്. ജോയ്‌സ് ജോര്‍ജ് എംപി ആദിവാസിഭൂമി കൈയേറിയെന്ന് ആരോപണമുളള വില്ലേജുകളിലെ ഭൂമിയുടെ രേഖകളാണ് ഓഫിസിലേക്ക് വിളിച്ചുവരുത്തി പരിശോധിക്കുന്നത്. ഇതിനെതിരേ സിപിഎം  മാര്‍ച്ച് നടത്തിയിരുന്നു. സ്വന്തം സര്‍ക്കാരിനെതിരേ സമരം നടത്തുന്നവരെന്ന സിപിഐ പരിഹാസത്തിനു പിന്നാലെയാണ് ഇരുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളുടെ വാക്‌പോര്.
മണിക്ക്  എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് സിപിഎം നേതൃത്വം നല്‍കിയിട്ടുണ്ടോയെന്ന്  വ്യക്തമാക്കണമെന്ന് കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. ഇ ചന്ദ്രശേഖരനും വി എസ് സുനില്‍കുമാറിനുമെതിരെ എല്‍ഡിഎഫിന്റെ ശത്രുക്കള്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ.  മര്യാദയില്ലാത്ത വര്‍ത്തമാനം പറയുന്നതിന് മണിക്ക് യാതൊരു മടിയുമില്ല. മണി സംസാരിക്കുന്നത് കൈയേറ്റക്കാരെയും  ക്വാറി ഉടമകളെയും സഹായിക്കുന്നതിന് വേണ്ടിയാണ്. കുടിയേറ്റ കര്‍ഷകരെയും  ക്വാറി മാഫിയയെയും വേര്‍തിരിച്ച് കാണാന്‍  മണി തയ്യാറാവണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss