|    Nov 14 Wed, 2018 9:43 pm
FLASH NEWS

സിപിഐ ജില്ലാതല സംഘടനാ ചര്‍ച്ചയില്‍ സെക്രട്ടറിക്ക് വിമര്‍ശനം

Published : 13th June 2017 | Posted By: fsq

 

കല്‍പ്പറ്റ: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നടന്ന സിപിഐ സംഘടനാ ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയ്ക്ക് നിശിത വിമര്‍ശനം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെക്രട്ടറി ജില്ലാ കൗണ്‍സിലിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നുവെന്ന വിമര്‍ശനമാണ് പൊതുവെ ഉയര്‍ന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമായിരുന്നു ചര്‍ച്ച. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍ മൊകേരി, പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ ചുമതലയുള്ള കെ രാജന്‍ എംഎല്‍എ എന്നിവരും പങ്കെടുത്ത ചര്‍ച്ച രാവിലെ 11ന് ആരംഭിച്ച് സന്ധ്യയോടെയാണ് അവസാനിച്ചത്. ജില്ലാ കൗണ്‍സിലിലെ 23 അംഗങ്ങളില്‍ ഭൂരിപക്ഷവും സാന്നിധ്യമറിയിച്ച ചര്‍ച്ചയ്‌ക്കൊടുവില്‍ മറുപടി പ്രസംഗം നടത്തിയ ജില്ലാ സെക്രട്ടറി വികാരാധീനനായി. മാനന്തവാടിയില്‍ നിന്നുള്ള സിപിഐ നേതാവ് ഇ ജെ ബാബുവിനെതിരേയും ചര്‍ച്ചയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനനഷ്ടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ പ്രാതിനിധ്യനഷ്ടം, മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം, ഐഐടിയുസി  നേതാവിന്റെ മകന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ നിയമനം, ജില്ലയില്‍ നിന്നുള്ള സിപിഐ നേതാക്കളെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കാര്യാലയത്തില്‍നിന്നു ഇറക്കിവിട്ടത്, ജില്ലാ കൗണ്‍സില്‍ കെട്ടിട നിര്‍മാണം, ജില്ലാ സെക്രട്ടറിയുടെ കെഎസ്എഫ്ഇ ഡയറക്ടര്‍ പദവി, ജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ നിന്നു കൃഷിമന്ത്രി വിട്ടുനിന്നത്, മാനന്തവാടി താലൂക്കില്‍ അനുദിനം വഷളാവുന്ന എല്‍ഡിഎഫ് ബന്ധം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് കൗണ്‍സിലിലെ അമ്പലവയല്‍, മീനങ്ങാടി ഭാഗങ്ങളില്‍നിന്നുള്ള അംഗങ്ങളാണ് ശബ്ദമുയര്‍ത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ പാര്‍ട്ടിക്കൊപ്പം നടക്കുന്ന അഭിഭാഷകനെ തഴഞ്ഞ് മറ്റൊരാളെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത് ജില്ലാ കൗണ്‍സിലില്‍ ആലോചിക്കാതെയും നേതാക്കള്‍ ഉള്‍പ്പെടെ ചിലരുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കുന്നതിനുമായിരുന്നുവെന്ന് അമ്പലവയലില്‍ നിന്നുള്ള പ്രതിനിധി ആരോപിച്ചു. ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനങ്ങളില്‍ അവകാശപ്പെട്ട വിഹിതം നേടിയെടുക്കുന്നതില്‍ പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായും ഇദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സംസ്ഥാനതല ചര്‍ച്ചയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം സിപിഐ നോമിനിക്ക് നല്‍കാന്‍ ധാരണയായതാണ്. എന്നാല്‍, സിപിഎം നേതാവിനാണ് കസേര കിട്ടിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സിപിഐക്ക് നാമമാത്ര പ്രാതിനിധ്യം പോലം ലഭിച്ചില്ല. ഇതു നേതൃത്വത്തിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണന്നു ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ തീര്‍ത്തും അവഗണിക്കുകയും പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തുവെന്നായിരുന്നു മറ്റൊരു ആരോപണം. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ നിയമനം ലഭിച്ച, എഐടിയുസി നേതാവിന്റെ മകന് ബിജെപി ബന്ധം ഉണ്ടെന്നും വിമര്‍ശനമുണ്ടായി. കൃഷിമന്ത്രി പലപ്പോഴും പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ലെന്ന് വൈത്തിരിയില്‍ നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗം കുറ്റപ്പെടുത്തി. തന്നെയും ജില്ലയില്‍ നിന്നുള്ള മറ്റൊരു നേതാവിനെയും കൃഷിമന്ത്രി അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ നിന്ന് ഇറക്കിവിട്ടതായി ഇദ്ദേഹം  വെളിപ്പെടുത്തി. ജില്ലാ സ്‌കൂള്‍ പ്രവേശനനോല്‍സവം മാനന്തവാടി താലൂക്കിലെ കാട്ടിക്കുളം എടയൂര്‍ക്കുന്ന് ജിഎല്‍പി സ്‌കൂളില്‍ കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. അന്നു ജില്ലയിലുണ്ടായിട്ടും കൃഷിമന്ത്രി പരിപാടിയില്‍നിന്നു വിട്ടുനിന്നു. ഇതിനു പിന്നില്‍ മാനന്തവാടി താലൂക്കില്‍ തുടരുന്ന സിപിഎം-സിപിഐ പോരാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇക്കാര്യവും സംഘടനാ ചര്‍ച്ചയില്‍ വിഷയമായി. മാനന്തവാടിയില്‍ എല്‍ഡിഎഫ് ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഇ ജെ ബാബുവിനെതിരേ ഉയര്‍ന്നത്. പാര്‍ട്ടിയെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് വിമര്‍ശനവും ഇദ്ദേഹത്തിനെതിരേ ഉണ്ടായി. മുട്ടിലില്‍ നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗമാണ് പ്രധാനമായും ബാബുവിനെ വിമര്‍ശിച്ചത്. മാനന്തവാടിയില്‍ സജീവ പ്രവര്‍ത്തകരില്‍ ചിലര്‍ പാര്‍ട്ടിവിട്ടത് ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടുകൊണ്ടാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരാള്‍ കുറ്റപ്പെടുത്തി. മുന്‍ സമ്മേളനങ്ങളില്‍ തീരുമാനിച്ച ജില്ലാ കൗണ്‍സില്‍ മന്ദിരനിര്‍മാണം തുടങ്ങാന്‍ കഴിയാത്തതിനും ജില്ലാ സെക്രട്ടറി പഴികേട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss