|    Oct 19 Thu, 2017 12:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിപിഐ-എംഎല്‍ നേതാവ് സ്വപന്‍ മുഖര്‍ജി അന്തരിച്ചു

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സിപിഐ-എംഎല്‍ (ലിബറേഷന്‍) പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ച മുതിര്‍ന്ന നേതാവ് സ്വപന്‍ മുഖര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ചണ്ഡീഗഡില്‍ ഇന്നലെ പുലര്‍ച്ചെയാണ് 63കാരനായ മുഖര്‍ജി അന്തരിച്ചത്. ബുദ്ധിമാനായ സംഘാടകന്‍ എന്ന് പാര്‍ട്ടി വിശേഷിപ്പിച്ചിട്ടുള്ള മുഖര്‍ജി സിപിഐ-എംഎല്ലിന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. ക്രിയാത്മകതയും ആത്മവിശ്വാസവും സ്ഥിരോല്‍സാഹവും ഒത്തുചേര്‍ന്ന നേതാവായിരുന്നു മുഖര്‍ജി. ഡല്‍ഹി, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നേതൃത്വപരമായ ചുമതലകള്‍ വഹിച്ചു.
1953 നവംബര്‍ 17ന് ജനിച്ച സ്വപന്‍ മുഖര്‍ജി 1970കളില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ കിരോരി മല്‍ കോളജില്‍ വിദ്യാര്‍ഥിയായി എത്തിയതോടെയാണ് നക്‌സല്‍ബാരി പ്രക്ഷോഭത്തില്‍ ആകൃഷ്ടനാവുന്നതും മാര്‍ക്‌സിസ്റ്റ്, ലെനിനിസ്റ്റ് രാഷ്ട്രീയധാരാ പ്രവര്‍ത്തനത്തിലേക്ക് സ്വയം സമര്‍പ്പിച്ചതും. 1976ലെ പാര്‍ട്ടി പുനസ്സംഘടന, രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കാലഘട്ടങ്ങളില്‍ തന്നെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു മുഖര്‍ജി. അടിയന്തരാവസ്ഥക്കാലത്ത് പോലിസ് വേട്ട ശക്തമായതോടെ കുറച്ചുകാലത്തേക്ക് മുഖര്‍ജി ഡല്‍ഹിയിലെ തട്ടകം വിട്ടുനിന്നു.
അടിയന്തരാവസ്ഥയില്‍ രൂപംകൊണ്ട പൗരസ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ-അന്തര്‍ദേശീയ ശ്രദ്ധനേടിയ പല സമരങ്ങളുടെയും ബുദ്ധികേന്ദ്രവും ശ്രദ്ധാകേന്ദ്രവും മുഖര്‍ജിയായിരുന്നു. 1984ലെ സിഖ് കൂട്ടക്കൊലയ്‌ക്കെതിരേയും വിദേശങ്ങളിലെ കോളനി വിരുദ്ധ സമരക്കാര്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു.
ഇതിനിടെ, ഡല്‍ഹിയിലെ ഒരു പ്രമുഖ പത്രത്തില്‍ പത്രപ്രവര്‍ത്തകനായും മുഖര്‍ജി തിളങ്ങി. 1987ല്‍ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് പാര്‍ട്ടി ഡല്‍ഹി യൂനിറ്റിന്റെ രഹസ്യപ്രവര്‍ത്തന മേഖലയിലേക്ക് ഇറങ്ങിയതു മുതല്‍ അന്ത്യംവരെ അദ്ദേഹം പാര്‍ട്ടിയുടെ മുഴു സമയ സംഘാടകനായാണ് പ്രവര്‍ത്തിച്ചുപോന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക