|    Jan 23 Mon, 2017 8:19 pm
FLASH NEWS

സിപിഐയിലേക്ക് ചേക്കേറുന്നവര്‍ക്ക് പുതിയ രാഷ്ട്രീയമാനം

Published : 31st August 2016 | Posted By: SMR

സഫീര്‍ ഷാബാസ്

മലപ്പുറം: ഒരേസമയം അധികാരകേന്ദ്രത്തിന്റെ ഭാഗമായി തുടരുക, മുന്നണിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റേതായ ശബ്ദങ്ങള്‍ ഉയര്‍ത്തുക- സിപിഎം വിമതരുടെ സിപിഐയിലേക്കുള്ള ചുവടുമാറ്റത്തിനു പിന്നില്‍ രാഷ്ട്രീയമാനമേറെ. പാര്‍ട്ടി വിട്ടിട്ടും മുന്നണിയില്‍ തന്നെ തുടരുന്ന പാളയത്തില്‍പ്പട സിപിഎമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്.
കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോവുന്നതെന്ന ഭയാശങ്ക തന്നെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എം സ്വരാജ് എംഎല്‍എ വരെയുള്ളവരുടെ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പുതിയ പ്രതിസന്ധിയെ തത്വദീക്ഷയോടെ വേണം നേരിടേണ്ടതെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.
അടിയൊഴുക്കുകള്‍ ശക്തമാവുമെന്ന ദീര്‍ഘദര്‍ശിത്വം തന്നെ കാരണം. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയത്തെ മതംപോലെ കൊണ്ടുനടക്കുന്നവരും പാര്‍ട്ടിയെ മതമാക്കിയവരുമായി ഇരുവിഭാഗം പാര്‍ട്ടിയില്‍ എന്നുമുണ്ട്. ആദ്യത്തെ കൂട്ടരെന്ന് അവകാശപ്പെടുന്നവരാണ് ശത്രുപാളയത്തില്‍ പോവാതെ സിപിഐയില്‍ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തുന്നത്.
വര്‍ഗശത്രുക്കള്‍ക്ക് ഇടംകൊടുക്കാതെ ഇടതുമുന്നണി ശുദ്ധീകരണപ്രക്രിയയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു. സിപിഎമ്മിന്റെ ഇടതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചായിരുന്നു മുമ്പ് ടി പി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി (ആര്‍എംപി) രൂപീകരിച്ചതെങ്കില്‍ ഇപ്പോള്‍ ഇതേ ആരോപണവുമായി വിമതര്‍ സ്വന്തം പാളയത്തില്‍പ്പട തുടരുന്നു എന്നതാണ് സിപിഎം നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിക്കുന്നത്.
പ്രത്യയശാസ്ത്രപരവും അല്ലാത്തതുമായ കാരണങ്ങളാല്‍ കാലങ്ങളായി അസംതൃപ്തരായി തുടരുന്ന നീണ്ടനിരതന്നെ സിപിഎമ്മിലുണ്ട്. ഒരുകാലത്ത് കാഡര്‍ സിസ്റ്റത്തിന്റെ ഭാഗമായിരുന്ന ഇവര്‍ ക്രമേണ നിഷ്‌ക്രിയരായി അനുഭാവികളായി തുടരുകയും സാംസ്‌കാരികരംഗത്ത് സജീവമാവുകയുമായിരുന്നു. ശക്തമായ നേതൃത്വത്തിന്റെ അഭാവവും പ്രാദേശികപ്രശ്‌നങ്ങളില്‍ മാത്രമൂന്നുന്നതും മൂലമാണ് ആര്‍എംപി അസ്വീകാര്യമാവുന്നതെന്ന് ഇവര്‍ പറയുന്നു.
സിപിഎമ്മിനെ പോലെ പല കാര്യങ്ങളിലും സിപിഐയും സന്ധിചെയ്യുന്നുണ്ടെന്ന അഭിപ്രായവും ഇവര്‍ക്കുണ്ട്. അടിസ്ഥാന നയവൈകല്യങ്ങ ള്‍ മാത്രമല്ല, പ്രാദേശികമായ അഭിപ്രായഭിന്നതകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സിപിഎമ്മില്‍നിന്നുള്ള ഒറ്റയ്ക്കും കൂട്ടായുമുള്ള രാജിയില്‍ കലാശിച്ചിരിക്കുന്നത്. മുന്നണിയില്‍ ശക്തമായ ഉള്‍പാര്‍ട്ടി ജനാധിപത്യം തന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക