|    Sep 23 Sun, 2018 6:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎമ്മുമായി ഗുരുതരമായ അഭിപ്രായ ഭിന്നതകളില്ലെന്ന് സിപിഐ

Published : 29th May 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ഗുരുതരമായ അഭിപ്രായഭിന്നതകള്‍ ഒന്നുമില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. മുന്നണിയെ ശക്തിപ്പെടുത്തുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുകയെന്ന നയമാണ് സിപിഐയുടേത്. അഭിപ്രായഭിന്നതകളുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ ചെറുവിരല്‍ അനക്കാത്ത കേന്ദ്രം ഏറ്റവുമൊടുവില്‍ ജനങ്ങള്‍ എന്തു ഭക്ഷിക്കണമെന്നുപോലും തീരുമാനിച്ച് ഉത്തരവിറക്കി. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. കേരളത്തിലടക്കം ബീഫ് ഭക്ഷിക്കുന്ന ജനങ്ങള്‍ക്കും വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും ഏറെ ദുരിതമാണ് ഈ ഉത്തരവ് ഉണ്ടാക്കുക. ഇന്ത്യന്‍ ജനതയെ വെജിറ്റേറിയന്‍സ് ആക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ, സാമൂഹിക-സാംസ്‌കാരിക രംഗത്ത് ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി അനുദിനം വഷളാവുകയാണ്. പ്രശ്‌നപരിഹാരത്തിനല്ല, വിഷയം വഷളാക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നത്. കശ്മീരില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രമല്ല, എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒരു മേശയ്ക്കു ചുറ്റുമിരുത്തി പ്രശ്‌നപരിഹാരത്തിന് ഉടന്‍ ചര്‍ച്ചയാരംഭിക്കണമെന്നു സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.  സമാധാനത്തിന്റെ വഴികള്‍തേടാന്‍ എല്ലാവരും മുന്നോട്ടുവരണം. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘപരിവാര ശക്തികള്‍ കശ്മീരിലും പ്രകോപനം സൃഷ്ടിക്കുകയാണ്. ഇതിനെതിരേ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഡല്‍ഹിയില്‍ 17 പ്രതിപക്ഷ പാര്‍ട്ടികളുടെ മതേതരസഖ്യം യോഗംചേര്‍ന്ന് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. ബിജെപി സമവായ സ്ഥാനാര്‍ഥിയെ കണ്ടെത്തിയില്ലെങ്കില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി രംഗത്തുണ്ടാവും. ഡല്‍ഹിയില്‍ രൂപംകൊണ്ട വിശാലമായ പ്രതിപക്ഷ ഐക്യം കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കും. എല്ലാ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചചെയ്ത് പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന കീഴ്‌വഴക്കമാണ് ഉണ്ടായിരുന്നത്. എന്നാല്‍, സംഘപരിവാര കക്ഷികളില്‍ നിന്നും അത്തരമൊരു നീക്കം പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരമൊരു മതേതര ജനാധിപത്യ ഇടതുപക്ഷ സംഖ്യം രൂപപ്പെടുത്തുന്നതില്‍ സിപിഐയോ സിപിഎമ്മോ തമ്മില്‍ അഭിപ്രായഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss