|    Apr 27 Fri, 2018 1:16 pm
FLASH NEWS
Home   >  Fortnightly   >  

സിപിഎമ്മുകാര്‍ ചിത്രലേഖയോട് ചെയ്തത്

Published : 2nd March 2016 | Posted By: sdq

Chitralekha_slider

 

അംബിക


എന്റെ
സുഹൃത്ത് സുള്‍ഫത്ത് പയ്യന്നൂരില്‍ വിളിച്ചുചേര്‍ത്ത ഒരുയോഗത്തില്‍ വച്ചാണ് ഞാന്‍ ചിത്രലേഖയെ ആദ്യമായി കാണുന്നതും അവരുടെ ഓട്ടോ കത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ അറിയുന്നതും. അത് 2006ലാണെന്നാണ് എന്റെ ഓര്‍മ. ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. ഇപ്പോഴും കേരളം ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്ന പ്രശ്‌നമായിതന്നെ തുടരുകയാണ് ചിത്രലേഖയുടെ ദുരനുഭവങ്ങള്‍. കേരളത്തിന്റെ ഇടതു പുരോഗമന കപടനാട്യത്തിന് ഇനിയും മറച്ചുവയ്ക്കാനാവാത്ത ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ് ചിത്രലേഖ എന്ന കണ്ണൂരുകാരി. ‘ഇടതുകോട്ട’യിലെ ചീഞ്ഞളിഞ്ഞ ജാതിഭ്രാന്ത് കേരളത്തിനാകെ അപമാനകരമാംവിധം ചര്‍ച്ചാവിഷയമായിരിക്കുന്നു. എങ്ങനെയാണ് ഇടതുപക്ഷ നിലപാടുണ്ട് എന്നവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് പുലയ സമുദായത്തില്‍ ജനിച്ച ഒരാളെ അതും ഒരു സ്ത്രീയെ പത്തുവര്‍ഷത്തിലധികം കാലം തുടര്‍ച്ചയായി വേട്ടയാടാനാവുക? അതിന്റെ മനശ്ശാസ്ത്രം അപഗ്രഥിക്കാന്‍ ഒരു സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും ദലിത് ആക്ടിവിസ്റ്റും ഇഗ്നോ അംബേദ്കര്‍ ചെയറിന്റെ മേധാവിയുമായിരുന്ന ഗെയ്ല്‍ ഓംവെദ് 2010ല്‍ ചിത്രലേഖയെ വസ്തുതാന്വേഷണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചിരുന്നു. ചെന്നൈയിലുള്ള വി ഗീത, അഡ്വ. കെ കെ പ്രീത, നിവേദിതമേനോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനുശേഷം ഗെയ്ല്‍ ഓംവെദ് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ:’ദലിത് വിഭാഗത്തില്‍പ്പെടുന്ന ചിത്രലേഖ ഓട്ടോറിക്ഷ ഓടിക്കുന്നതു സിപിഎമ്മിലെ ‘ജാതി ഹിന്ദു’ക്കള്‍ക്ക് സഹിച്ചില്ല. അവര്‍ അതിന് തീകൊളുത്തി. പിന്നീട് മറ്റൊരു ഓട്ടോറിക്ഷ പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ചപ്പോഴാവട്ടെ അവരെ മര്‍ദ്ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇപ്പോഴും ചിത്രലേഖയ്ക്കു ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചിത്രലേഖ ഒബിസി വിഭാഗത്തില്‍പ്പെട്ടയാളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. സിപിഎമ്മിലെ ജാതി ഹിന്ദുക്കള്‍ അവരുടെ വിവാഹം പോലും അംഗീകരിക്കുന്നില്ല. ‘വഴിവിട്ടു സഞ്ചരിക്കുന്നവളാണ്’ ചിത്രലേഖ എന്നാണ് അവര്‍ ഞങ്ങളോടു പറഞ്ഞത്. ഞങ്ങള്‍ പയ്യന്നൂരില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായവും തിരക്കിയിരുന്നു. ചിത്രലേഖയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഈ മേഖലയില്‍ ഓട്ടോ ഓടിച്ചിരുന്ന മറ്റൊരു ദലിത് സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. പഴവങ്ങാടിയില്‍ ഓട്ടോ ഓടിച്ചിരുന്ന ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ഒരു സ്ത്രീയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. സഹഓട്ടോ ഡ്രൈവര്‍മാര്‍ അവര്‍ക്കു നേരെ ലൈംഗികാക്ഷേപം ചൊരിയുകയും അവരുടെ മൊബൈല്‍ നമ്പര്‍ പരസ്യമായി എഴുതിവയ്ക്കുകയും ചെയ്തു. ആര്‍ക്കുവേണമെങ്കിലും വിളിച്ചാല്‍ ഈ സ്ത്രീ ‘ലഭ്യമാണ്’ എന്ന അര്‍ഥത്തില്‍. ആത്മഹത്യയുടെ വക്കിലെത്തിയിരുന്നു ആ സ്ത്രീ ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്നു. അവര്‍ സ്ത്രീയാത്രികരുടെ പിന്തുണയാര്‍ജിച്ചു. ലൈംഗിക ചൂഷണത്തിനു നിന്നുകൊടുത്തില്ല എന്നതായിരുന്നു അവിടെയുള്ള സഹഓട്ടോ ഡ്രൈവര്‍മാരെ ചൊടിപ്പിച്ചത്. ചിത്രലേഖയ്‌ക്കെതിരേയുള്ള ഓട്ടോ യൂനിയന്റെ പ്രസ്താവനയില്‍ തന്നെ ജാതി അധിക്ഷേപവും ലിംഗപരമായ വിവേചനവും കൂട്ടിചേര്‍ത്തിരുന്നു. മോശം സ്ത്രീയാണ് ചിത്രലേഖ എന്നു വരുത്താനായിരുന്നു ശ്രമം. ചിത്രലേഖയെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് അവര്‍ ഉപയോഗിച്ചത് ‘ഓട്ടോ ഓടിക്കുന്നയാളുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന’ എന്ന വിശേഷണമാണ്. രണ്ട് ‘ചെറുപ്പക്കാര്‍’ ഓട്ടോയുടെ പിന്നിലുണ്ടായിരുന്നു എന്നും പറയുന്നു. അതില്‍ ഒരാള്‍ ചിത്രലേഖയുടെ മകനും മറ്റെയാള്‍ സഹോദരനുമാണ്. എന്നാല്‍ ‘രണ്ടു ചെറുപ്പക്കാര്‍’ എന്ന പ്രയോഗത്തിലൂടെ ലൈംഗികമായി മോശം സ്ത്രീയാണ് ചിത്രലേഖ എന്നു ധ്വനിപ്പിക്കുകയാണ് ഓട്ടോ യൂനിയന്‍കാര്‍ ചെയ്തത്.

chithra lekha com

വഴിവിട്ട് സഞ്ചരിക്കുന്നവള്‍ എന്ന പ്രയോഗം തന്നെ ഒരു ദലിത് സ്ത്രീ ആത്മവിശ്വാസത്തോടെയും ധീരതയോടെയും തന്റെ ജാതി, ലിംഗ മര്‍ദ്ദനങ്ങള്‍ക്കു പുറത്തേക്ക് വരുന്നത് സഹിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. ഇത് ‘പുരോഗമനം’  അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടാണ്’. ആറുവര്‍ഷം മുമ്പ് ഗെയ്ല്‍ ഓംവെദ് എഴുതിയതില്‍ നിന്ന് കുറേക്കൂടി സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ആക്രമണോല്‍സുകത മുന്നോട്ടുപോയിട്ടുണ്ട്. ഒരു പുലയസ്ത്രീയായി ജനിച്ച ചിത്രലേഖ തിയ്യ സമുദായത്തിലെ ശ്രീഷ്‌കാന്ത് എന്ന യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് സിപിഎമ്മിന്റെ ശത്രു ലിസ്റ്റിലായത്. സിപിഎം വടകര അറക്കിലാട് മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ മകനാണ് ശ്രീഷ്‌കാന്ത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായിരുന്ന ഇ വി കുമാരന്റെയും എ കണാരന്റെയും ബന്ധുകൂടിയാണ് ശ്രീഷ്‌കാന്ത്. യഥാര്‍ഥത്തില്‍ ഈ പ്രണയവിവാഹമാവാം ചിത്രലേഖയുടെ ജീവിതത്തെ മാറ്റിമറിച്ചത്. നഴ്‌സിങ് പഠനം കഴിഞ്ഞ ചിത്രലേഖ രണ്ടുവര്‍ഷത്തോളം ജോലി ചെയ്തു. കുറഞ്ഞ വരുമാനം കൊണ്ടു കുടുംബം മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നും രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി രാത്രിജോലിക്കു പോവാനാവില്ലെന്നും കരുതിയാണ് ഓട്ടോ ഡ്രൈവിങ് പഠിച്ചത്. പിഎംആര്‍വൈ പദ്ധതിപ്രകാരം ഓട്ടോ വാങ്ങി. ശ്രീഷ്‌കാന്തും വാടകയ്ക്ക് ഓട്ടോയെടുത്ത് ഒരുമിച്ചു ജോലിനോക്കാനായിരുന്നു തീരുമാനം. ഓട്ടോ വാങ്ങിയപ്പോള്‍ പയ്യന്നൂര്‍ ഓട്ടോ പാര്‍ക്കില്‍ വണ്ടി നിര്‍ത്തണമെങ്കില്‍ സിഐടിയു മെംബര്‍ഷിപ്പ് നിര്‍ബന്ധമാണെന്നറിഞ്ഞു. അതിനായി നൂറു രൂപ കൊടുത്തു. മെംബര്‍ഷിപ്പും ലഭിച്ചു. അതിനിടെ എടാട്ട് പാര്‍ക്കിങ്ങും അനുവദിച്ചു. എടാട്ട് സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയപ്പോള്‍ അവരെ സിഐടിയുക്കാര്‍ സ്വീകരിച്ചത്: ‘ഓ.. പൊലച്ചി നന്നായിപ്പോയല്ലോ.. ഓട്ടോറിക്ഷയും കൊണ്ടു വന്നല്ലോ, വണ്ടിയോടിക്കാന്‍ പഠിച്ചല്ലോ’ എന്നെല്ലാം അസഭ്യം പറഞ്ഞായിരുന്നു.പിന്നീടുണ്ടായ ദശമിപൂജയോടെയാണ് ചിത്രലേഖാ പീഡനപര്‍വം തുടങ്ങുന്നത്. രാത്രി പാര്‍ക്കിംഗ് ബേയില്‍  ഓട്ടോനിര്‍ത്തി ചിത്രലേഖ പോയി. പൂജയെല്ലാം വളരെ വൈകിയാണ് കഴിഞ്ഞത്. പിറ്റേന്ന് പുലര്‍ച്ചെ അടുത്തവീട്ടിലെ കുട്ടിക്ക് അസുഖമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവാനായി ഓട്ടോ എടുക്കാനെത്തിയ ചിത്രലേഖ കണ്ടത് തന്റെ ഓട്ടോയുടെ സൈഡ് കവറുകള്‍ കീറിയ നിലയിലാണ്. അപ്പോള്‍ അവിടെ മറ്റൊരു ഓട്ടോയും അതിന്റെ ഡ്രൈവര്‍ സുജിത്ത് കുമാറുമുണ്ടായിരുന്നു. അയാളാണ് കീറിയതെന്നു ചിത്രലേഖയ്ക്ക് മനസ്സിലായി.

എന്തിനാണ് തന്റെ വണ്ടി കീറിയതെന്നു അവര്‍ ചോദിച്ചപ്പോള്‍ ‘വേണ്ടി വന്നാല്‍ നിന്നെ കത്തിക്കുമെന്നാ’ണ് അയാള്‍ പറഞ്ഞത്. അയാള്‍ യൂനിയന്റെ ആള്‍ മാത്രമല്ല സിപിഎമ്മിനുവേണ്ടി തല്ലാനും കൊല്ലാനും പോവുന്ന ഗുണ്ടയുമാണ്. ചിത്രലേഖ യൂനിയന്‍കാരോട് സംഭവം പറഞ്ഞു. ‘നമ്മക്ക് ഓനോട് ചോദിക്കാനൊന്നും പറ്റില്ല. നിനക്ക് എന്താവേണ്ടതെന്നുവച്ചാല്‍ അതു ചെയ്‌തോ എന്നായിരുന്നു യൂനിയന്‍ നേതാക്കളുടെ മറുപടി.  അങ്ങനെ പയ്യന്നൂര്‍ പോലിസില്‍ ചിത്രലേഖ പരാതി നല്‍കി. പിറ്റേന്ന്  അവരെ പോലിസ് വിളിപ്പിച്ചു. അവര്‍ ചിത്രലേഖയ്‌ക്കെതിരേ മദ്യപിക്കുന്നു, വേശ്യാവൃത്തി ചെയ്യുന്നുഎന്നെല്ലാം ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെയെല്ലാം ഒപ്പു ശേഖരിച്ച് പരാതി കൊടുത്തു. പഞ്ചായത്തംഗമടക്കം സിപിഎമ്മിന്റെ ആള്‍ക്കാര്‍ ഓട്ടോ കീറിയവനുവേണ്ടി പോലിസിനോട് വക്കാലത്ത് പറയാനെത്തി. ‘അവന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഓള് തന്നെ കീറീട്ട് ഓന്റെ പേരു പറയാ’ യൂനിയന്‍ സെക്രട്ടറി പോലിസിനോട് പറഞ്ഞു. ‘ഇനിയിതാവര്‍ത്തിക്കില്ല. പെറ്റിക്കേസെടുത്തിട്ടുണ്ട്, താക്കീതും ചെയ്തിട്ടുണ്ടെ’ന്നായിരുന്നു പോലിസിന്റെ മറുപടി.പിറ്റേന്ന് ഓട്ടോ സ്റ്റാന്റിലെത്തിയ ചിത്രലേഖയെ യൂനിയന്‍ നേതാക്കളായ രമേശും മറ്റുള്ളവരും ചേര്‍ന്നു വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിട്ടു. ‘പുലച്ചീ, നീയിനിയിവിടെ വണ്ടിയോടിക്കേണ്ട’ എന്നു പറഞ്ഞു വണ്ടി ലൈനില്‍ നിന്നു തള്ളിമാറ്റി. തന്റെ വണ്ടി ഓടിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആരുടെയും ഓടിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു മറ്റു വണ്ടികള്‍ക്കു മുന്നില്‍ ചിത്രലേഖ നിലയുറപ്പിച്ചു.ചിത്രലേഖയെ നേരത്തേ ഓട്ടോയില്‍നിന്നു വലിച്ചിട്ട രമേശന്‍ വണ്ടിയെടുത്ത്, ‘നിന്നെ  കൊന്നാലും ആരും ചോദിക്കാന്‍ വരില്ലെടീ’ എന്നു പറഞ്ഞു ചിത്രലേഖയുടെ നേരെ ഓട്ടോ ഓടിച്ചു കയറ്റി. ഒഴിഞ്ഞു മാറിയതുകൊണ്ട് അവര്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടു. കൈക്കും കാലിനും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ രമേശനെതിരേ കേസ് കൊടുത്തു. രമേശനെ പോലിസ് മര്‍ദ്ദിച്ചെന്നു പറഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞു. ആ കേസില്‍ രമേശനെ ഒരു മാസം കഠിന തടവിനും, 25,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.ഒരു ദലിത് സ്ത്രീയെ തൊഴില്‍സ്ഥലത്ത് പരസ്യമായി ആക്രമിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും പുരോഗമനവാദികളെന്നും തൊഴിലാളി വര്‍ഗത്തിനുവേണ്ടി നിലകൊള്ളുന്നവരെന്നും ഊറ്റംകൊള്ളുന്ന യൂനിയനും സിപിഎമ്മിനും യാതൊരു സങ്കോചവും തോന്നിയില്ല. പാര്‍ട്ടി നേതൃത്വവും അതിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല, പ്രതികളെ സഹായിക്കാന്‍ യാതൊരു സങ്കോചവുമില്ലാതെ, അവര്‍ രംഗത്തു വരുകയും ചെയ്തു. ജില്ലാ തല എസ്‌സി, എസ്ടി മോണിറ്ററിങ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലമാണ് ജാതി പീഡനത്തിനും തൊഴില്‍സ്ഥലത്തെ സ്ത്രീ പീഡനത്തിനും പയ്യന്നൂര്‍ പോലിസ് കേസെടുത്തത്. ഈ സംഭവം ചിത്രലേഖയെ വല്ലാതെ തളര്‍ത്തി. അതിനു ശേഷം രണ്ടു മാസം അവര്‍ വണ്ടിയോടിച്ചില്ല. ആരെങ്കിലും വിളിച്ചാല്‍മാത്രം ഓട്ടം പോവും. വീടിനടുത്ത വഴിയിലാണ് വണ്ടി വയ്ക്കാറ്. വീടുവരെ വണ്ടി വരില്ല.2005 ഡിസംബര്‍ 30ന് രാത്രി പന്ത്രണ്ടരയോടെ വണ്ടിക്ക് ആരോ തീവച്ചു. വണ്ടി കത്തിച്ചെതുപോലെ നിന്നെയും കത്തിക്കുമെന്നു ചിലര്‍ ഭീഷണിപ്പെടുത്തി.ഇതിനുശേഷമാണ് സുള്‍ഫത്ത് ടീച്ചര്‍ കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിത്.  ചിത്രലേഖയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ പുനസ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടിയായി വാടകയ്ക്ക് ഓടിക്കാന്‍ ഓട്ടോറിക്ഷ എടുത്തു കൊടുത്തുവെങ്കിലും ആ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമായി. വാടകയ്‌ക്കെടുത്ത ഓട്ടോ തിരിച്ചു കൊടുക്കാന്‍ ചില കാരണങ്ങളാല്‍ ചിത്രലേഖ നിര്‍ബന്ധിതയായി. അതിനിടെ ചിത്രലേഖയുടെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം നടന്നു. എന്നാല്‍ വെട്ടേറ്റത് അനിയത്തിയുടെ ഭര്‍ത്താവിനാണ്. വണ്ടി കത്തിച്ചപ്പോള്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 10,000 രൂപ ധനസഹായം ലഭിച്ചിരുന്നു. ആ പണം ചികില്‍സയ്ക്കായി അനുജത്തിയുടെ ഭര്‍ത്താവിനു നല്‍കി. ഓട്ടോ ഇല്ലാതായതോടെ ചിത്രലേഖ പായമെടഞ്ഞ് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍, എതിരാളികള്‍ വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചു. 2006ല്‍ പയ്യന്നൂരില്‍ വച്ചുനടന്ന ദലിത് സ്ത്രീ അവകാശ കണ്‍വന്‍ഷന്‍ മയിലമ്മയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ പ്രമുഖ ദലിത്, മനുഷ്യാവകാശപ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. പയ്യന്നൂര്‍ കേന്ദ്രമായി കെ എം വേണുഗോപാല്‍ കണ്‍വീനറും ഡോ. വി സുരേന്ദ്രനാഥ് ചെയര്‍മാനുമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പണം പിരച്ചെടുത്ത് പുതിയൊരു ഓട്ടോ വാങ്ങിക്കൊടുത്തു. പയ്യന്നൂര്‍ ടൗണിലാണ് പിന്നീട് വണ്ടിയോടിച്ചത്. കുറച്ചുകാലം വലിയ പ്രശ്‌നമില്ലാതെ മുന്നോട്ടുനീങ്ങി.അടുത്ത പ്രശ്‌നം 2010 ജനവരി 20നാണ് തുടങ്ങിയത്. ചിത്രലേഖ പറയുന്നതിങ്ങനെ:“’രാവിലെ 10 മണിയോടെ മോന് തേനീച്ചയുടെ കുത്തേറ്റു. കണ്ണു വീങ്ങി. ഞാനും, ഭര്‍ത്താവും മോനും കൂടി പയ്യന്നൂര്‍ പെരുമ്പയില്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഞാനാണ് വണ്ടിയോടിച്ചത്. ഗുളിക വാങ്ങുന്നതിനിടെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ വന്ന് എന്നോടു കയര്‍ത്തു‘’വണ്ടിയെടുത്തു മാറ്റ് നായിന്റെ മോളെ.. നീ ആരോടു ചോദിച്ചിട്ടാ ഇവിടെ വണ്ടിവച്ചത്’?’ ട്രിപ്പ് വന്നതല്ലെന്നും മരുന്നു വാങ്ങി ഇപ്പോള്‍തന്നെ പോവുമെന്നും ഞാന്‍ പറഞ്ഞു. പോലിസ് എത്തി. ഞങ്ങള്‍ മദ്യപിച്ചു ബഹളമുണ്ടാക്കി എന്നു പറഞ്ഞാണ് പോലിസ് കേസെടുത്തത്. പോലിസ് എന്നെ അടിച്ചു. പോലിസ് ജീപ്പ് വളഞ്ഞ യൂനിയന്‍കാരും ഞങ്ങളെയടിച്ചു. യൂനിയന്‍ സെക്രട്ടറി ചന്ദ്രന്‍ ഭര്‍ത്താവിനോട് പറഞ്ഞു ‘പെട്രോളൊഴിച്ച് നിന്നെയും നിന്റെ ഓളേയും ഇപ്പം ഇവിടിട്ടു കത്തിക്കും. കാണണോ’ന്ന്.”പയ്യന്നൂരില്‍ എവിടെയും വണ്ടിയോടിക്കാമെന്ന ചിത്രലേഖയുടെ തൊഴിലവകാശത്തെ യൂനിയന്‍ നിഷേധിക്കുകയാണ് ചെയ്തത്’.പരാതി നല്‍കിയ ചിത്രലേഖയും ഭര്‍ത്താവും കേസില്‍ പ്രതികളായി. ചിത്രലേഖയ്ക്കും ഭര്‍ത്താവിനുമെതിരേ വധശ്രമത്തിന് കേസെടുത്തു. ഇതേത്തുടര്‍ന്നു ശ്രീഷ്‌കാന്ത് 32 ദിവസം ജയിലിലായി. ചിത്രലേഖയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. അയല്‍ക്കാരുടെ കാരുണ്യത്തിലായിരുന്നു പിന്നീട് അവരുടെ ജീവിതം.കുടുംബത്തിനു സര്‍ക്കാര്‍ അനുവദിച്ച ടോയ്‌ലറ്റിന്റെ തുക പോലും എതിരാളികള്‍ തടഞ്ഞുവയ്പിച്ചു. ഇതിനെ എതിര്‍ത്തതിന് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു ഈ കേസില്‍ ചിത്രലേഖ ജയിലിലായി. ഭര്‍ത്താവിനെ ഗുണ്ടാലിസ്റ്റിലും പെടുത്തി.ജീവിക്കണമെങ്കില്‍ പയ്യന്നൂര്‍ വിടുകയെ വഴിയുള്ളൂവെന്നു ചിത്രലേഖ തിരച്ചറിഞ്ഞിരിക്കുന്നു.  പിറന്നമണ്ണില്‍ ഇനിയും സിപിഎം തുടരുന്ന നിരന്തര പീഡനം സഹിച്ച് തനിക്കും കുടുംബത്തിനും തുടരാനാവില്ല. ആറു മാസം മുമ്പ് കണ്ണൂര്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ഭരണകൂടം അംഗീകരിച്ച കാര്യങ്ങളൊന്നും നടപ്പാക്കപ്പെട്ടില്ല. ജീവിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ 122 ദിവസംനീണ്ട സമരം നടത്തി. തുടര്‍ന്നു ചിത്രലേഖയ്‌ക്കെതിരേയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്നു ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പോലിസ് ഇതിന് എതിരായിരുന്നു. മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ. കെ ഇ ഗംഗാധരന്‍ സമരപ്പന്തലില്‍ വന്നപ്പോള്‍ പറഞ്ഞത് ‘സിപിഎമ്മിന്റെ യോഗങ്ങളിലും കണ്‍വന്‍ഷനുകളിലും പങ്കെടുത്താല്‍ നിനക്ക് ജീവിക്കാമെന്നാണ്. നീ സമരപ്പന്തലും പൊളിച്ച് പോട്. എന്നാല്‍ ഞാന്‍ നിന്നെ സഹായിക്കാം’എന്നാണ്. ആ ഒത്തുതീര്‍പ്പിനേക്കാളും നല്ലത് ഞാനും കുടുംബവും ആത്മഹത്യചെയ്യുന്നതല്ലേ എന്നാണ് ചിത്രലേഖ ചോദിച്ചത്്.കഴിഞ്ഞവര്‍ഷം ഫെബ്രുവരി 23 കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ വെച്ചുണ്ടായ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതെ വന്നപ്പോഴാണ് സമരം സെക്രട്ടറിയേറ്റ് പരിസരത്തേക്ക് മാറ്റിയത്. തനിക്കും കുടുംബത്തിനുമെതിരേയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, വീടുവയ്ക്കാനായി മറ്റെവിടേയെങ്കിലും അഞ്ചു സെന്റ് സ്ഥലം നല്‍കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.അവ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 22ന് ചിത്രലേഖ സമരം അവസാനിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന് വാക്കുപാലിക്കാനായില്ലെങ്കില്‍ തനിക്ക് ദയാവധം നല്‍കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത് വിവാദമായിരുന്നു.രാഷ്ട്രീയ കേരളത്തിനു മുന്നില്‍ ചിത്രലേഖ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. ചിത്രലേഖ നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞയാളാണ്. എന്നാല്‍ വരുമാനമുള്ള ഒരു ജോലി കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.  പിന്നീട് കായികാധ്വാനത്തിന് തയ്യാറായി ഓട്ടോറിക്ഷാ തൊഴിലാളിയായി മാറി. ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ വളരെ ശക്തമായ കേരളത്തില്‍ അവര്‍ക്ക് ജോലിചെയ്തു ജീവിക്കാനുള്ള അവസരമുണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ഓട്ടോ ഓടിക്കാന്‍തുടങ്ങിയ അന്നുമുതല്‍ ട്രേഡ് യൂനിയനും തൊഴിലാളി വര്‍ഗപ്രസ്ഥാനവും അവരെ വേട്ടയാടാന്‍ തുടങ്ങുകയാണുണ്ടായത്. കൂടാതെ പോലിസും നിയമവും അവരെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല ശത്രുപക്ഷത്തു ചേര്‍ന്നു വേട്ടയാടുകയായിരുന്നു. മനുഷ്യാവകാശ വിഷയമായി ചിത്രലേഖ എന്ന ദലിത് സ്ത്രീയുടെ പ്രശ്‌നത്തെ കാണാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുപോലും കഴിയുന്നില്ല. ഇക്കാര്യങ്ങളെല്ലാം കേരളത്തിന്റെ സാമൂഹികാവസ്ഥയെ തുറന്നു കാട്ടുന്ന ചില സൂചകങ്ങളായി എടുക്കാവുന്നതാണ്. ദലിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും കേരളത്തിന്റെ സാമൂഹികാവസ്ഥയില്‍ എത്രമാത്രം പിടിമുറുക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം അംഗീകരിക്കാനും ഇടതു പുരോഗമനത്തിന്റെ കപടത തിരിച്ചറിയാനും ജനം തയ്യാറാവണം. മറ്റൊരുകാര്യം സിപിഎമ്മിനകത്തു നിലനിലനില്‍ക്കുന്ന ബ്രാഹ്മണിസവും സവര്‍ണ ഫാഷിസവുമാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളുയും പൊയ്കയില്‍ അപ്പച്ചനും വി ടിയും നയിച്ച കേരളനവോത്ഥാന പ്രസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇത്തരമൊരു സമീപനമെ കൈക്കൊള്ളാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യവും നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ. നിരവധി തവണ കണ്ണൂര്‍ ജില്ലയിലെ സംഘപരിവാരശക്തികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും അവര്‍ക്ക് അടിമപ്പെടാതിരുന്ന ‘പുരോഗമനവാദി’ യാണ് ചിത്രലേഖ എന്ന വലിയ സത്യവും നമ്മള്‍ വിസ്മരിച്ചുകൂടാ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss