|    Dec 16 Sat, 2017 1:30 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സിപിഎമ്മും ആര്‍എസ്എസും ചര്‍ച്ചയില്‍

Published : 12th January 2016 | Posted By: SMR

അഹ്മദ് ശരീഫ് പി

കീരിയും പാമ്പും എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നവരുടെ അനുരഞ്ജനം നാട്ടുകാരില്‍ കൗതുകമുണര്‍ത്തിയതില്‍ വിസ്മയമില്ല. കണ്ണൂരില്‍ അരങ്ങേറിക്കൊണ്ടിരുന്ന കൊലപാതകരാഷ്ട്രീയം സിപിഎമ്മും ആര്‍എസ്എസും തമ്മിലായിരുന്നു. കുതികാല്‍വെട്ടിന്റെ രാഷ്ട്രീയത്തിനു പകരം കാല്‍വെട്ടിന്റെ ചോരക്കളി തന്നെ ഇവര്‍ തുടര്‍ന്നുകൊണ്ടിരുന്നു. വടക്കന്‍ വീരഗാഥകളും കടത്തനാടന്‍ തച്ചോളിക്കഥകളും അകമ്പടി തീര്‍ത്ത ‘കണ്ണിനുകണ്ണ്, ചെവിക്കുചെവി’ പ്രതികാര രാഷ്ട്രീയം ഇടവേളകള്‍ക്കുശേഷം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പലപ്പോഴും ഒരേ ക്വട്ടേഷന്‍സംഘങ്ങള്‍ ഇരുവര്‍ക്കുമായി കളി തുടങ്ങിയതോടെയാണ് ഈയിടെയായി ഇതിനെല്ലാം ശമനമുണ്ടായത്. സായുധരാഷ്ട്രീയം പയറ്റുന്ന ഇരുകൂട്ടരും സന്ധിചെയ്ത് നിര്‍ത്തുന്നതിനെ ആരും അഭിനന്ദിക്കാതിരിക്കില്ല. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തോ പറഞ്ഞത് പിണറായിക്കു പിടിച്ചില്ല. കുമ്മനത്തിനും രസിച്ചില്ല. ആര്‍എസ്എസ് വോട്ടുവാങ്ങിക്കള്ളന്‍ എന്നാണ് ഉമ്മന്‍ചാണ്ടിക്ക് ചീത്തവിളി വന്നത്. സമാധാനത്തിന്റെ ശത്രു എന്നും പേരുദോഷമുണ്ടായി. ആര്‍എസ്എസിന്റെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയില്ലെന്നു പറയാനൊക്കില്ല. വിശേഷിച്ച് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍. എന്നാല്‍, കോണ്‍ഗ്രസ്സുകാര്‍ മനസ്സറിഞ്ഞ് ബിജെപിക്കായിരുന്നു വോട്ട് ചെയ്തതെന്ന് തിരുവനന്തപുരത്തു മാത്രമല്ല, കോഴിക്കോട്ടും തെളിഞ്ഞതാണ്. എന്നാലിപ്പോള്‍ എന്താണ് സിപിഎമ്മിന്റെ മനസ്സിലിരിപ്പ്? ആര്‍എസ്എസുമായി രഞ്ജിപ്പിലെത്തിക്കളയാം എന്നതാണോ? ആട്ടിന്‍തോലണിഞ്ഞ ചെന്നായ എന്നു പലവട്ടം ആര്‍എസ്എസിനെ വിശേഷിപ്പിച്ച സിപിഎമ്മിന് അതിനു കഴിയുമോ?
നേരത്തേ ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ സിപിഎം നടത്തിയ പുറപ്പാട് പരിഹാസ്യമായി കെട്ടടങ്ങുകയായിരുന്നു. ഇപ്പോള്‍ യോഗ നേരിട്ട് ഏറ്റെടുക്കാനാണ് യജ്ഞം. യോഗയ്ക്ക് നേതൃത്വം നല്‍കാന്‍ വന്ന ശ്രീ എം ആര്‍എസ്എസ് ഇഷ്ടപുത്രനാണെന്ന ഒരു പല്ലവി വേറെയുമുണ്ട്.
കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തെ നഖശിഖാന്തം എതിര്‍ത്ത സിപിഎം ശ്രീകൃഷ്ണജയന്തി, യോഗ സര്‍ക്കസുകളിലൂടെ നടത്തുന്നതും മൃദുഹിന്ദുത്വ അജണ്ടയാണെന്ന് ജനം ധരിച്ചാല്‍ എന്തുചെയ്യും?
ന്യൂനപക്ഷ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇത്തവണ സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബീഫ് നിരോധനംപോലുള്ള വിഷയങ്ങള്‍ തദ്ദേശ സ്വയംഭരണ തിരെഞ്ഞടുപ്പില്‍ സിപിഎമ്മിന് തുണയായെന്നതു സത്യം. ന്യൂനപക്ഷ വോട്ടുകളല്ലാതെ സിപിഎമ്മിന് പ്രതീക്ഷയര്‍പ്പിക്കാന്‍ ഇത്തവണ മറ്റൊന്നില്ലതാനും. ഹിന്ദുത്വവോട്ടുകളും മൃദുഹിന്ദുത്വവോട്ടുകളും ബിജെപിക്ക് പൂര്‍ണമായും ലഭ്യമാക്കാനുള്ള അടവുനയങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പുതിയ വോട്ടുകള്‍ പരമാവധി ലഭ്യമാക്കാനും ബിജെപി നീക്കം തുടങ്ങി. ലക്ഷക്കണക്കിന് പേരുകള്‍ പെട്ടെന്ന് ക്രമാതീതമായി വോട്ടര്‍പ്പട്ടികയില്‍ വന്നതു സംബന്ധിച്ച അന്വേഷണം ബിജെപിയിലേക്കാണു നീളുന്നത്.
ഈ സാഹചര്യത്തില്‍ സിപിഎമ്മിന് ആര്‍എസ്എസുമായുള്ള ചര്‍ച്ച ഒരുതരത്തിലും പ്രയോജനപ്പെടുകയില്ല. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നഷ്ടപ്പെടുക മാത്രമായിരിക്കും ഫലം. അതിനാല്‍, ഒരു രാഷ്ട്രീയവങ്കത്തം ചെയ്യാതിരിക്കുന്നതാണ് സിപിഎമ്മിനു രക്ഷ. മാത്രമല്ല, ഇത്തരമൊരു ചര്‍ച്ചപോലും ആര്‍എസ്എസിനെ വെള്ളപൂശുന്നതിലാണു കലാശിക്കുക. ആര്‍എസ്എസ് ഒരു ജനാധിപത്യപ്രസ്ഥാനമല്ല. കേരളത്തില്‍ വേരൂന്നാനുള്ള അതിശക്തമായ പ്രവര്‍ത്തനതന്ത്രങ്ങള്‍ അവര്‍ പയറ്റുന്ന ഈ സമയത്ത് സിപിഎം മണ്ടത്തരം കാണിക്കരുത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് തെറ്റായിപ്പോയി എന്നു വിലയിരുത്തിയതുകൊണ്ടു ഫലമില്ല.
അമ്പാടിമുക്കിലെ സഖാക്കള്‍ ജയരാജന് ശ്രീകൃഷ്ണവേഷവും പിണറായിക്ക് അര്‍ജുനവേഷവും സമ്മാനിച്ചു. ഇരുവരും യുദ്ധരഥത്തില്‍ അമ്പും വില്ലുമേന്തി പറപറക്കുന്നു. മുമ്പ് ഗണേശോല്‍സവം നടത്തി പ്രതിക്കൂട്ടിലായ സിപിഎമ്മിന്റെ ഗതി എങ്ങോട്ട് എന്ന ചോദ്യത്തിലുപരി ഇപ്പോള്‍ സിപിഎമ്മിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതാര് എന്നു ചോദിക്കേണ്ടിവരുന്നു. കാരണം, ‘അമ്പാടിമുക്ക്’ എന്ന പേരുതന്നെ ഒരു പ്രതീകമാണ്. അവിടം സംഘപരിവാര കോട്ടയായിരുന്നു. പ്രസ്തുത കോട്ടയില്‍നിന്ന് സിപിഎമ്മിലേക്ക് കുടിയേറിയ സംഘികളാണ് പുതിയകാലത്തെ സഖാക്കള്‍. ഇവര്‍ വലിച്ചുകെട്ടുന്ന ഫഌക്‌സുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതെന്നു വരുന്നത് കഷ്ടമാണ്.
ഫാഷിസത്തിന്റെ ഇരകളായ മുസ്‌ലിം ന്യൂനപക്ഷം സ്വയം സംഘടിക്കരുതെന്നും അങ്ങനെ സംഘടിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയത വളരാന്‍ കാരണമാവുമെന്നുമുള്ള മഹാവങ്കത്തം അന്നും ഇന്നും സിപിഎമ്മിനകത്തെ സ്വത്വവിരുദ്ധവാദികള്‍ പ്രസ്താവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പറയുന്ന സിപിഎമ്മിനെ വിശ്വസിച്ചാണ് 1992 ഡിസംബര്‍ ആറുവരെ ഇന്ത്യയിലെ മുസ്‌ലിംകള്‍ മിണ്ടാതിരുന്നത്. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതു തടയാന്‍ സിപിഎമ്മിനോ ഇതര ഇടതുപക്ഷങ്ങള്‍ക്കോ കഴിഞ്ഞില്ല. അതിനാല്‍ തന്നെ ഒരുഭാഗത്ത് സമദൂരസിദ്ധാന്തം ആണയിടുകയും മറുവശത്ത് സംഘികളുമായി ചര്‍ച്ചയ്ക്കു തുനിഞ്ഞ് ചെങ്കൊടി കാവിയില്‍ മുക്കുകയും ചെയ്യുന്ന ആത്മഹത്യ തുടരുകയുമാണ്. മുമ്പ് നാദാപുരത്ത് നടന്നിരുന്ന ചെങ്കാവിക്കളി കണ്ണൂരിലേക്കു പകരുന്നത് അപകടമാണ്. $

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക