|    Mar 20 Tue, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎമ്മില്‍ സ്വത്വവിവാദം വീണ്ടും ചര്‍ച്ചയാവുന്നു

Published : 30th April 2016 | Posted By: SMR

സഫീര്‍ ഷാബാസ്

മലപ്പുറം: ഒരു വ്യാഴവട്ടം മുമ്പ് സിപിഎമ്മില്‍ തിരികൊളുത്തിയ സ്വത്വവിവാദം പുതിയ വിതാനത്തില്‍ ആളിക്കത്തുന്നു. മുമ്പ് മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന രാഷ്ടീയ പ്രയോഗമായിരുന്നു സ്വത്വവാദമെങ്കില്‍ ഇപ്പോള്‍ സ്വത്വരാഷ്ടീയത്തെ സമ്പൂര്‍ണമായും തള്ളിക്കളഞ്ഞ നിലപാടാണ് പുതിയ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. അതാവട്ടെ ആദിവാസി പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയും. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിക്കുകയും അവര്‍ ബിജെപി മുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്യുന്നതിനെതിരേ സിപിഎം പി ബി അംഗം എം എ ബേബി എഴുതിയ ലേഖനമാണ് വീണ്ടും സ്വത്വ രാഷ്ടീയ ചര്‍ച്ചയ്ക്ക് നിമിത്തമായത്.
ജാതി സ്വത്വവാദ രാഷ്ടീയത്തിന്റെ പരിമിതിയാണ് ജാനു അകപ്പെട്ട പ്രതിസന്ധിയെന്നും മനു വാദമാണ് ആദിവാസിയെ അടിച്ചമര്‍ത്തപ്പെട്ട ജനതയാക്കിയ പ്രത്യയശാസ്ത്രമെന്നും ബേബി ആരോപിക്കുന്നു. സ്വത്വവാദത്തില്‍ അധിഷ്ഠിതമായി ഒരു ആദിവാസി, ദലിത് ഐക്യമുണ്ടാകില്ലെന്നും വര്‍ഗരാഷ്ട്രീയത്തിലൂന്നിയേ ഇവരുടെ ഐക്യമുണ്ടാവൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുമ്പ് മതന്യൂനപക്ഷങ്ങളെ അഭിസംബോധന ചെയ്ത് കെഇഎന്‍ അവതരിപ്പിച്ച സ്വത്വവാദത്തോട് മുദു സമീപനം പുലര്‍ത്തിയ നേതൃനിരയില്‍പ്പെട്ടവരാണ് ബേബിയും പി ഗോവിന്ദപ്പിള്ളയുമുള്‍പ്പെടെയുള്ളവര്‍. എന്നാല്‍, സ്വത്വരാഷ്ടീയം മാര്‍ക്‌സിയന്‍ വര്‍ഗവിശകലനത്തിനു വിരുദ്ധമാണെന്ന് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. പാര്‍ട്ടിക്കകത്തും വിവാദം പുകഞ്ഞതോടെ ഒടുവില്‍ സ്വത്വ രാഷ്ടീയത്തിനെതിരേ നേതൃത്വം പരസ്യനിലപാടെടുക്കുകയായിരുന്നു.
ജാനുവിനെ വിമര്‍ശിക്കാന്‍ സ്വത്വരാഷ്ട്രീയത്തെ ആയുധമാക്കുന്ന ബേബിയുടെ നിലപാട് പാര്‍ട്ടിക്ക് പുറത്തും ചര്‍ച്ചയായി. ബേബിയുടേത് പഴയ ഇടതുപക്ഷത്തിന്റെ യാന്ത്രിക വാദമാണെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ പ്രഫ. ബി രാജീവന്‍ തേജസിനോട് പറഞ്ഞു. വര്‍ഗരാഷ്ട്രീയത്തെ പുനര്‍നിര്‍മിക്കുന്നതാണ് പുതിയ ഇടതുപക്ഷം. സ്വത്വരാഷ്ടീയം ഉള്‍ക്കൊള്ളുന്നതാണ് അത്. കീഴാള ജനാധിപത്യ ബോധത്തെ കൂടെ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വത്വരാഷ്ടീയം നിരാകരിക്കുന്നത് വഞ്ചനയാണെന്ന് രാഷ്ട്രീയ ചിന്തകന്‍ കെ വേണു പറയുന്നു. ബാബറി മസ്ജിദ് തകര്‍ത്ത് ഹിന്ദു വര്‍ഗീയ വികാരം ആളിക്കത്തിച്ചെങ്കിലും കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദലിത്, പിന്നാക്ക സ്വത്വരാഷ്ട്രീയം യുപിയില്‍ സംഘപരിവാരത്തിനെ അധികാരത്തിന് പുറത്ത് നിര്‍ത്തുന്നതില്‍ നിരന്തരം വിജയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ദലിത്, പിന്നാക്ക സ്വത്വരാഷ്ടീയം ഫലപ്രദമായി സംഘപരിവാര മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തിയതായും വേണു നിരീക്ഷിക്കുന്നു. അതേസമയം, ജാനുവിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ബേബിയുടെ വിമര്‍ശനത്തെ സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയല്ല ചര്‍ച്ചചെയ്യേണ്ടതെന്ന് ഡോ. ആസാദ് തേജസിനോടു പറഞ്ഞു. പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരാ കക്ഷികള്‍ വിലപേശുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വത്വത്തെ കൂടെ അംഗീകരിച്ചുകൊണ്ടുളള മുന്നേറ്റമാണ് ഇടതുപക്ഷം സ്വീകരിക്കേണ്ടതെന്ന് സ്വത്വ രാഷ്ട്രീയത്തിന്റെ ആപത്‌സന്ദേശത്തെക്കുറിച്ചുള്ള പുസ്തക രചയിതാവ് കൂടിയായ ആസാദ് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss