|    Aug 14 Tue, 2018 4:23 pm
FLASH NEWS

സിപിഎമ്മിലെ പടലപ്പിണക്കം: വൈദ്യുതിയും കുടിവെള്ളവുമില്ലാതെ നാട്ടുകാര്‍

Published : 1st August 2016 | Posted By: SMR

ബാലരാമപുരം: വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിട്ട് രണ്ടു മാസം പിന്നിടുമ്പോള്‍ ബാലരാമപുരം ആര്‍സി സ്ട്രീറ്റ് നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. അടിസ്ഥാന ആവശ്യത്തിനു പോലും വെള്ളത്തിനായി ജനം കിലോമീറ്ററുകള്‍ അലയുകയാണ്. വാര്‍ഡ് മെംബറും മുന്‍ മെംബറും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ദുരിതത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് ആര്‍ഡി വാര്‍ഡിലെ പള്ളിവിളാകത്താണ് ജനം കുടിവെള്ളത്തിനായി കേഴുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പഞ്ചായത്ത് ഫണ്ടില്‍ നിന്നു കുഴല്‍ക്കിണര്‍ സ്ഥാപിച്ച് അതില്‍ നിന്നു വെള്ളം പമ്പ് ചെയ്താണ് നാട്ടുകാര്‍ക്ക് ഉപയോഗിച്ചിരുന്നത്. മൂന്നു വീടുകള്‍ക്ക് ഒരു പൈപ്പ് വീതം വച്ചാണ് ഇരുനൂറോളം കുടുംബത്തിനു വെള്ളം നല്‍കിവന്നിരുന്നത്. രണ്ടു മാസത്തിലൊരിക്കല്‍ നാലായിരത്തോളം രൂപയാണ് വൈദ്യുതി ബില്ല് വരാറുള്ളത്. വര്‍ഷങ്ങളായി ഈ ബില്ല് നാട്ടുകാര്‍ വാര്‍ഡ് മെംബര്‍ മുഖാന്തരമാണ് അടച്ചുവന്നിരുന്നത്.
എന്നാല്‍, പുതിയ ഭരണസമിതി നിലവില്‍വന്നപ്പോള്‍ സംവരണസീറ്റില്‍ വനിതയായ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചു. അതിനു ശേഷം വന്ന വൈദ്യുതി ബില്ല് രണ്ടോ മൂന്നോ തവണ ഇവര്‍ അടച്ചു. എന്നാല്‍, ഇപ്പോള്‍ വാര്‍ഡ് മെംബര്‍ക്ക് ഇതിനു കഴിയാത്ത അവസ്ഥയാണുള്ളത്. ബില്ലടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വൈദ്യുതി വകുപ്പ് വിഛേദിക്കുകയും ചെയ്തു. അതോടെ ഇവരുടെ കുടിവെള്ളം മുടങ്ങി.
നാട്ടുകാര്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇത് പിരിച്ചെടുക്കാന്‍ മുന്‍ മെംബര്‍ തടസ്സം നില്‍ക്കുന്നതായാണ് നിലവിലെ വാര്‍ഡ് മെംബര്‍ പറയുന്നത്. എന്നാല്‍, സമീപ വാര്‍ഡിലെ നെല്ലിവിളയിലും തോട്ടത്ത്‌വിളാകത്തും ഇതേ കുടിവെള്ള പദ്ധതി നടപ്പാക്കുകയും ഇവിടെ നാട്ടുകാരില്‍ നിന്നു സ്വരൂപിക്കുന്ന തുക ഉപയോഗിച്ച് പമ്പ് ഓപറേറ്റര്‍മാര്‍ക്കും വൈദ്യുതി ബില്ലിനും പണം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. കുളിക്കാനും തുണി അലക്കാനും ആശ്രയിച്ചിരുന്നത് വാര്‍ഡിലെ പ്ലാങ്കോട്ട് തോപ്പുകുളമാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് ശുചീകരണം നടന്നപ്പോള്‍ കര ഇടിച്ചുമാറ്റിയതിനാല്‍ നാളിതുവരെ കുളം ഉപയോഗിക്കാനാവാതെ കാടുമൂടിക്കിടക്കുകയാണ്. ജനങ്ങള്‍ക്ക് കഴുകാനും കുളിക്കാനുമുള്ള സ്ഥലമില്ലാത്ത അവസ്ഥയാണിപ്പോള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss