|    Apr 23 Mon, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎമ്മിന് തലവേദനയായി വടക്കാഞ്ചേരിയും ഇരിങ്ങാലക്കുടയും

Published : 30th March 2016 | Posted By: RKN

എ എം ഷമീര്‍ അഹ്മദ്തൃശൂര്‍: ഇരിങ്ങാലക്കുടയിലെയും വടക്കാഞ്ചേരിയിലെയും സിപിഎം സ്ഥാനാര്‍ഥികളെ ചൊല്ലി പാര്‍ട്ടിയിലുടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാനാവാതെ നേതൃത്വം. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം പാര്‍ട്ടി ജില്ലാ സെക്രേട്ടറിയറ്റ് ഐകകണ്‌ഠ്യേന അംഗീകരിച്ച ഇരിങ്ങാലക്കുടയിലെ പ്രഫ. കെ യു അരുണനും വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥി മേരി തോമസിനുമെതിരേ പ്രതിഷേധവുമായി പ്രാദേശിക ഘടകങ്ങള്‍ രംഗത്തെത്തി.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സാധ്യതാ പട്ടികയില്‍ സിപിഎം പരിഗണിച്ചിരുന്നവരെ ഒഴിവാക്കി പുതിയ ആളുകളെ അവതരിപ്പിച്ചിട്ടും വഴങ്ങാത്ത പ്രാദേശിക ഘടകങ്ങള്‍ നേതൃത്വങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയതോടെ സിപിഎം ജില്ലാ ഘടകം വലിയ പ്രതിസന്ധിയിലായി. കെ യു അരുണന്‍ സ്ഥാനാര്‍ഥിയാവുമെന്ന വിവരം പുറത്തുവന്നതിനു പിന്നാലെതന്നെ ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിനെതിരേ വ്യാപകമായി ചുവരെഴുത്തുകളും ഫഌക്‌സുകളും പ്രത്യക്ഷപ്പെട്ടു. എടക്കുളം, എടത്തിരിഞ്ഞി, പടിയൂര്‍, നടവരമ്പ്, ചിറവളവ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. 2001ല്‍ മണ്ഡലത്തില്‍ നിന്നു മല്‍സരിച്ച ടി ശശിധരനെ പരിഗണിക്കുക, ഉണ്ണിയാടനെ സഹായിക്കല്‍ നിര്‍ത്തുക, കെ യു അരുണന്‍ വേണ്ടേ വേണ്ട, സിപിഎം സ്ഥാനാര്‍ഥിത്വം പുനപ്പരിശോധിക്കുക എന്നിങ്ങനെയാണു ചുവരെഴുത്തുകളിലുള്ളത്. സേവ് സിപിഎം എന്ന പേരിലാണു ചുവരെഴുത്ത്. അരുണനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്കൊന്നും താല്‍പര്യമില്ല. ടി ശശിധരനെയാണു പ്രാദേശിക ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇക്കുറി സ്ഥാനാര്‍ഥിയായാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ഇവരുടെ വാദം. എന്നാല്‍ വി എസ് പക്ഷക്കാരനായ ശശിധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ ഘടകത്തിനു താല്‍പര്യമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും പ്രഫ. അരുണനെ പാര്‍ട്ടി പരിഗണിച്ചിരുന്നില്ല.  പിഎസ്‌സി ചെയര്‍മാന്‍ അശോകന്‍ ചെരുവിലിന്റെ പേര് പരിഗണിച്ചെങ്കിലും അദ്ദേഹം മല്‍സരത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് കേരളാ കലാമണ്ഡലം കല്‍പിത സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ് സിപിഎം സാധ്യതാ ലിസ്റ്റില്‍ ഇടംനേടി. എന്നാല്‍ പ്രാദേശിക ഘടകത്തില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അദ്ദേഹത്തെ ഒഴിവാക്കി. ഇരിങ്ങാലക്കുടയിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരുവിഭാഗം അരുണനെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണു കാര്യങ്ങള്‍ നീങ്ങുന്നത്. 2001ലെ തിരഞ്ഞെടുപ്പില്‍ ടി ശശിധരന്‍ തോറ്റത് 416 വോട്ടുകള്‍ക്കാണ്. 2006ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ചന്ദ്രന്‍ 6,762 വോട്ടുകള്‍ക്കും 2011ല്‍ അഡ്വ. കെ ആര്‍ വിജയ 12,432 വോട്ടുകള്‍ക്കുമാണു തോറ്റത്. വടക്കാഞ്ചേരിയിലും സ്ഥിതി മറിച്ചല്ല. ജില്ലാ പഞ്ചായത്തംഗം മേരി തോമസാണ് ഇവിടെ സ്ഥാനാര്‍ഥി. എന്നാല്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss