|    Dec 14 Thu, 2017 11:45 am
FLASH NEWS
Home   >  National   >  

സിപിഎമ്മിന് കനത്ത തിരിച്ചടി;ടാറ്റക്ക് നല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ച് നല്‍കണമെന്ന് കോടതി

Published : 31st August 2016 | Posted By: mi.ptk

no-nano

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ആയിരം ഏക്കര്‍വരുന്ന കൃഷിഭൂമി ടാറ്റ മോട്ടോര്‍സിന്റെ നാനോ ഫാക്ടറിക്കായി ഏറ്റെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതി റദ്ദാക്കി. 12 ആഴ്ചയ്ക്കുള്ളില്‍ ഭൂമി കര്‍ഷകര്‍ക്ക് വിട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ഭൂമിക്ക് പകരമായി സര്‍ക്കാര്‍ നല്‍കിയ പണം ഇത്രയും കാലം ഭൂമി നഷ്ടപെട്ട കര്‍ഷകരില്‍ നിന്ന് തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എന്ത് വിലകൊടുത്തും പദ്ധതി കൊണ്ടുവരണമെന്ന നിലപാടായിരുന്നു ഇടത് സര്‍ക്കാരിനെന്നും എന്നാല്‍ ഇതിന് വേണ്ടി സ്ഥലം തിരഞ്ഞെടുത്തത് സ്വകാര്യ കമ്പനിയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്വകാര്യ കമ്പനിയുടെ ആവശ്യപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.അതിന് വേണ്ടി അധികാരം ഉപയോഗിച്ച ഇടത് സര്‍ക്കാരിന്റെ നടപടി തട്ടിപ്പിന് സമാനമാണെനും കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടികള്‍ കണ്ണില്‍ പൊടിയിടുന്നതും പരിഹാസ്യവുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.കോടതിയുടെ നിരീക്ഷണങ്ങള്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുന്നു.പതിറ്റാണ്ടുകള്‍ നീണ്ട ബംഗാളിലെ സിപിഎം ഭരണത്തിന് അന്ത്യംകുറിക്കാനിടയാക്കിയ പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു സിംഗൂര്‍. മൂന്ന് മാസത്തിനകം ഭൂമി കര്‍ഷകര്‍ക്ക് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2006ല്‍ ബുദ്ധദേവ് സര്‍ക്കാരാണ്  നാനോ ഫാക്ടറിക്കായി ആയിരം ഏക്കര്‍ ഭൂമി ടാറ്റാ ലിമിറ്റഡിന് വേണ്ടി ഏറ്റെടുത്ത് നല്‍കിയത്. ഇടത് സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാക്ടറി ഗുജറാത്തിലേയ്ക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് 2011 ല്‍ മമതാ ബാനര്‍ജി അധികാരത്തില്‍ വരികയും ടാറ്റയില്‍ നിന്നും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുകയും ഇതിനായി പുതിയ നിയമം പാസാക്കുകയും ചെയ്തു. ഇതിനെതിരെ ടാറ്റ മോട്ടോഴ്‌സ് കല്‍ക്കത്ത ഹൈകോടതിയെ സമീപിക്കുകയും കോടതി താല്‍ക്കാലികമായി ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചില സംഘടനകള്‍ ചേര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധി വലിയ വിജയമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. വിധി സിംഗൂരിലെ മാത്രമല്ല ലോകത്തെ മുഴുവന്‍ കര്‍ഷരുടെയും വിജയമാണെന്ന് പരാതിക്കാരുടെ അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക