|    Nov 19 Mon, 2018 3:17 pm
FLASH NEWS

സിപിഎമ്മിന് ഒത്താശ ചെയ്ത് റവന്യൂ മന്ത്രി

Published : 12th December 2017 | Posted By: kasim kzm

മൂന്നാര്‍: രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്നു പറഞ്ഞപോലെയായി മൂന്നാര്‍ നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ മന്ത്രിമാരുടെ സന്ദര്‍ശനം. വട്ടവടയിലെ വിവാദ ഭൂമി വിഷയങ്ങളില്‍ സിപിഎം എന്താണോ ആഗ്രഹിച്ചത് അക്ഷരാര്‍ത്ഥത്തില്‍ അത് നടപ്പാക്കികൊടുക്കുകയാണ് റവന്യുമന്ത്രി ചെയ്തത് എന്ന് അദ്ദേഹത്തിന്റെ വിശദീകരണങ്ങള്‍ വ്യക്തമാക്കുന്നു. വട്ടവട, കൊട്ടാക്കമ്പൂര്‍,കടവരി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ആശങ്കള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിതല ഉപസമിതിയെ സമീപിച്ചെങ്കിലും വൈദ്യുതിമന്ത്രി എം എം മണി മാധ്യങ്ങളോട് സംസാരിക്കാന്‍ തയ്യറായില്ല. സന്ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പുതന്നെ മേഖലയില്‍ ജനവാസമുണ്ടെന്ന് പറഞ്ഞ റവന്യുമന്ത്രി സന്ദര്‍ശനവേളയിലും അതേ നിലപാട് തന്നെയാണു തുടര്‍ന്നത്. മൂന്നാര്‍ മുതല്‍ കടവരിവരെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റയും വനംമന്ത്രി കെ.രാജുവിന്റും ഒപ്പമുണ്ടായിരുന്ന മന്ത്രി എം എം മണി മാധ്യമങ്ങളോട് കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ റവന്യൂമന്ത്രിക്കു മാത്രമായി മുഴുവന്‍ സമയവും വിട്ടുനല്‍കി. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ സാനിധ്യത്തില്‍ കര്‍ഷകരെ അണിനിരത്തി മന്ത്രിയുടെ സഹതാപം പിടിച്ചുപറ്റാന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ നീക്കങ്ങളും ഫലംകണ്ടു. നേതാക്കള്‍ പറഞ്ഞുറപ്പിച്ചത് അനുസരിച്ച് പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ ഭൂമിയിലെല്ലാം കൃഷിയും ജനവാസവുമുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. വഴിയോരങ്ങളില്‍ ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ കാത്തുനിന്നത് നൂറുകണക്കിന് കര്‍ഷകരാണ്. വട്ടവട മേഖലയില്‍ സ്ത്രീകള്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് മന്ത്രിസംഘത്തെ വരവേറ്റത്. ഭൂമികളുടെ അവകാശവാദങ്ങളെചൊല്ലി നിരന്തരമായി വിവാദങ്ങള്‍ സ്യഷ്ടിക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണെന്ന് റവന്യൂമന്ത്രി അഭിപ്രായപ്പെട്ടു. വട്ടവട മുതല്‍ കടവരിവരെയുള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലായി. ഇന്ന് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ ജനപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. നേരില്‍കണ്ട കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകും. ദേശീയോദ്യാനം സംരക്ഷിക്കുക തന്നെ ചെയ്യും. വാഹനം കടന്നുപോയ ഇരുഭാഗങ്ങളിലും സ്ത്രീകളടക്കം പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്നുണ്ടായിരുന്നു. കൊടിയുടെ നിറം നോക്കാതെ ഒറ്റക്കെട്ടായി കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കുക, ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും വര്‍ഷങ്ങളായി താമസിപ്പിക്കുന്നവരെ സംരക്ഷിക്കുക എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളേന്തിയ കര്‍ഷകര്‍ മന്ത്രി സന്ദര്‍ശിക്കാനെത്തിയ മൂന്നിടങ്ങളിലും നില്‍പുണ്ടായിരുന്നു. രണ്ടുമണിക്കുറോളം ചെങ്കുത്തായ പാതയിലൂടെ എത്തിയ മന്ത്രി സംഘം തമിഴ്‌നാട് അതിര്‍ത്തിവരെ സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss