|    Dec 11 Mon, 2017 1:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിപിഎമ്മിന്റെ കോണ്‍ഗ്രസ് ബന്ധം; ഇടതുമുന്നണി വിടുമെന്ന് ആര്‍എസ്പി

Published : 8th July 2016 | Posted By: SMR

കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധം തുടരാന്‍ സിപിഎം തീരുമാനിക്കുന്നുവെങ്കില്‍ ഇടതുമുന്നണി വിടുമെന്ന് ഘടകകക്ഷിയായ ആര്‍എസ്പി. കോണ്‍ഗ്രസ്സുമായി സഖ്യമോ മുന്നണിയോ ധാരണയോ ഉണ്ടാക്കരുതെന്ന് സിപിഎമ്മിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആര്‍എസ്പി പശ്ചിമബംഗാള്‍ ഘടകം സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും തങ്ങള്‍ എതിര്‍ക്കുന്നുണ്ടെന്നും രണ്ടുകക്ഷികളും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിപിഎം, ആര്‍എസ്പി, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങി 10 പാര്‍ട്ടികളടങ്ങിയ ഇടതുമുന്നണി 1977 മുതല്‍ 2011 വരെ ബംഗാളില്‍ അധികാരത്തിലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതില്‍ ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എന്നീ കക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് മുതിര്‍ന്ന ഇടതുമുന്നണി നേതാക്കള്‍ പറഞ്ഞു. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളാണ് കോണ്‍ഗ്രസ് സഖ്യത്തിന് നിര്‍ബന്ധിച്ചതെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തില്‍നിന്ന് സിപിഎം പാഠം പഠിക്കണമെന്നും ജനകീയ സഖ്യമെന്ന് വിശേഷിപ്പിച്ചതിനെ ജനങ്ങള്‍ തിരസ്‌കരിച്ചെന്നു മനസ്സിലാക്കണമെന്നും മുതിര്‍ന്ന സിപിഐ നേതാവ് പറഞ്ഞു. മമതാബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരേ ശക്തമായ മല്‍സരം കാഴ്ചവയ്ക്കുന്നതില്‍ ഇടതു-കോണ്‍ഗ്രസ് സഖ്യം പരാജയപ്പെടുകയായിരുന്നു.
294 അംഗ നിയമസഭയില്‍ ഇടതുമുന്നണിക്ക് 32 സീറ്റാണ് ലഭിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റ് ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. 2011ല്‍ ഇടതുമുന്നണിക്ക് 41 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 24 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ്സുമായി അവസരവാദപരമായ കൂട്ടുകെട്ടുണ്ടാക്കുക വഴി ഇടത് ഐക്യത്തോട് സിപിഎം വിട്ടുവീഴ്ച ചെയ്തുവെന്ന് ഗോസ്വാമി ആരോപിച്ചു. അപമാനകരമായ പരാജയത്തില്‍ അവര്‍ പാഠം പഠിച്ചിട്ടില്ല. ഇടതുമുന്നണിയില്‍ വല്യേട്ടന്‍ മനോഭാവം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സിപിഎമ്മിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മുതിര്‍ന്ന ഫോര്‍വേഡ് ബ്ലോക്ക് നേതാവ് നരേന്ദ്ര ചാറ്റര്‍ജി പറഞ്ഞു. കോണ്‍ഗ്രസ്സുമായി സഖ്യം തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിപിഎം ഇടതുമുന്നണി വിടണം. മുന്നണിയിലെ ഭൂരിപക്ഷ തീരുമാനം സിപിഎം അംഗീകരിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ട എന്നാണ് ഭൂരിപക്ഷ തീരുമാനം- ചാറ്റര്‍ജി പറഞ്ഞു.
ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെ സിപിഎം കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഔദ്യോഗിക പാര്‍ട്ടി നയത്തിന് വിരുദ്ധമായിട്ടായിരുന്നു ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. ഈയിടെ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സിപിഎം എംഎല്‍എ തന്‍മോയ് ഭട്ടാചാര്യ പങ്കെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക