|    Nov 19 Sun, 2017 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം സെക്രട്ടേറിയറ്റ്: ഇപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്തില്ല

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമനത്തെ തുടര്‍ന്ന് വ്യവസായമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചശേഷം പാര്‍ട്ടിയുമായി ഉടക്കിനില്‍ക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനുമായി ബന്ധപ്പെട്ടു ഉയര്‍ന്ന വിവാദവിഷയങ്ങള്‍ ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ചയ്‌ക്കെടുത്തില്ല. ജനുവരിയില്‍ ചേരുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ ജയരാജനെതിരേയുള്ള സംഘടനാ നടപടി ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍കൂടി കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണു സംസ്ഥാന നേതൃത്വത്തിന്റെ ധാരണ. അതുവരെ ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടായെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, ഇന്നലെ എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തു. എം എം മണിയെ മന്ത്രിയാക്കാന്‍ തീരുമാനമെടുത്ത സംസ്ഥാന സമിതിയിലും പ്രത്യേക നിയമസഭാസമ്മേളനത്തിലും ജയരാജന്‍ പങ്കെടുത്തിരുന്നില്ല. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും വിട്ടുനിന്നിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടാണു സെക്രേട്ടറിയറ്റിലും നിയമസഭാ സമ്മേളനത്തിലും താന്‍ പങ്കെടുക്കാതിരുന്നതെന്നാണു ജയരാജന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വിശദീകരണം.
സിപിഎം മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു രണ്ടുമാസം കൂടുമ്പോള്‍ പാര്‍ട്ടി സെക്രേട്ടറിയറ്റിനു എഴുതി നല്‍കണമെന്നും വന്‍പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുമതി വാങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. രാമഭദ്രന്‍ വധക്കേേസില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക