|    Jan 22 Sun, 2017 3:08 am
FLASH NEWS

സിപിഎം, സിപിഐ യോഗങ്ങള്‍ ഇന്ന്; മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം

Published : 21st May 2016 | Posted By: sdq

cpm

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവമായി. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ക്കുവരെ മന്ത്രിസഭയില്‍ അംഗമാവാം. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ 20 അംഗങ്ങളായിരിക്കുമെന്നാണ് സൂചന. നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷമാവും ഇക്കാര്യത്തി ല്‍ അന്തിമ തീരുമാനമെടുക്കുക. മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് ഇന്ന് യോഗം ചേരും. 23ന് നടക്കുന്ന സംസ്ഥാന കൗണ്‍സിലിന്റെ അംഗീകാരത്തോടെയാവും മന്ത്രിമാരുടെ ഔദ്യോഗികപ്രഖ്യാപനം.

മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചക ള്‍ക്കായി നാളെയും മറ്റന്നാളുമായി സിപിഎം സംസ്ഥാന സമിതിയും ചേരുന്നുണ്ട്. ഒരു എംഎ ല്‍എ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിപദവി നല്‍കണമോയെന്ന കാര്യത്തിലും എല്‍ഡിഎഫ് യോഗം തീരുമാനമെടുക്കും. നാല് മന്ത്രിപദവിയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും സിപിഐക്ക് നല്‍കാമെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. 19 എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ അഞ്ച് മന്ത്രിപദവി വേണമെന്ന ആവശ്യമാണ് സിപിഐക്കുള്ളിലുള്ളത്. 91 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളേക്കാള്‍ 20 എണ്ണം അധികമാണിത്. സിപിഎമ്മിന് മാത്രം 58 സീറ്റുകളുണ്ട്. സ്വതന്ത്രന്‍മാരെ കൂടി ചേര്‍ത്താല്‍ എണ്ണം 63 ആവും. ഇതുവച്ചുനോക്കുമ്പോള്‍ സിപിഎമ്മിന് മറ്റ് കക്ഷികളുടെ പിന്തുണയില്ലാതെ അധികാരം കൈയാളാന്‍ എട്ട് സീറ്റുകളുടെ കുറവ് മാത്രം. 19 പേരെ ജയിപ്പിക്കാ ന്‍ കഴിഞ്ഞ സിപിഐയും കൂടി ചേരുമ്പോള്‍ ചെറുകക്ഷികള്‍ തീര്‍ത്തും അപ്രസക്തം. അതുകൊണ്ടുതന്നെ മന്ത്രിസഭാ രൂപീകരണത്തില്‍ സിപിഎമ്മിന് സിപിഐയുടെ മാത്രം അഭിപ്രായം പരിഗണിച്ചാല്‍ മതിയാവും.
മൂന്ന് അംഗങ്ങളുള്ള ജനതാദള്‍ എസിനും രണ്ടംഗങ്ങളുള്ള എന്‍സിപിക്കും ഓരോ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. പിണറായി വിജയന് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ജയിച്ച മുഴുവന്‍ പേരും മന്ത്രിമാരാവും. ഡോ. ടി എം തോമസ് ഐസക്ക് (ആലപ്പുഴ), ഇ പി ജയരാജന്‍ (മട്ടന്നൂര്‍), ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര), എ കെ ബാലന്‍(തരൂര്‍), എം എം മണി (ഉടുമ്പന്‍ചോല) എന്നിവരാണിത്. കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്കും മന്ത്രി പദവി ലഭിക്കും. ജി സുധാകരന്‍ (അമ്പലപ്പുഴ), എസ് ശര്‍മ (വൈപ്പിന്‍), വി കെ സി മമ്മദ്‌കോയ (ബേപ്പൂര്‍), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), രാജു എബ്രഹാം (റാന്നി), കെ ടി ജലീല്‍ (തവനൂര്‍), പ്രഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), കെ സുരേഷ്‌കുറുപ്പ് (ഏറ്റുമാനൂര്‍) എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ട്. സി കെ ശശീന്ദ്രന്‍ (കല്‍പ്പറ്റ), എ പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്) എ സി മൊയ്തീന്‍ (കുന്നംകുളം) തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. മറ്റുമന്ത്രിമാര്‍ ഏതെല്ലാം ജില്ലകളില്‍നിന്നാണെന്ന് കൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം. മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം), വി എസ് സുനില്‍കുമാര്‍ (തൃശൂര്‍), ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) എന്നിവര്‍ സിപിഐയില്‍നിന്ന് മന്ത്രിമാരാവുമെന്ന് ഏതാണ്ട് ഉറപ്പാണ്. സി ദിവാകരന്‍ (നെടുമങ്ങാട്) ഇ എസ് ബിജിമോള്‍ (പീരുമേട്) എന്നിവരാണ് സിപിഐയുടെ സാധ്യതാപട്ടികയിലുള്ളവര്‍. ഇ ചന്ദ്രശേഖരന്റെ പേര് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കും ഉയര്‍ന്ന് കേള്‍ക്കുന്നു. ജനതാദള്‍ എസില്‍നിന്ന് മാത്യു ടി തോമസ് അല്ലെങ്കി ല്‍ കെ കൃഷ്ണന്‍കുട്ടി മന്ത്രിയാവും. തോമസ് ചാണ്ടിയാവും എ ന്‍സിപിയുടെ മന്ത്രിയെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 258 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക