|    May 30 Tue, 2017 11:05 am
FLASH NEWS

സിപിഎം-സിപിഐ പോര് മൂര്‍ച്ഛിക്കുന്നു; ജനയുഗം ലേഖനത്തിനെതിരേ സ്വരാജ്

Published : 31st August 2016 | Posted By: SMR

കൊച്ചി: ഏതാനും നാളുകളായി എറണാകുളം ജില്ലയില്‍ തുടരുന്ന സിപിഎം-സിപിഐ പോര് കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. സിപിഎം-സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തമ്മില്‍ തുടരുന്ന വാക്‌പോരിന്റെ ചുവട് പിടിച്ച് പാര്‍ട്ടിയുടെ മുഖപ്രത്രത്തില്‍ ലേഖനമായും ഫേസ്ബുക്ക് പോസ്റ്റുകളായും ഇരു പാര്‍ട്ടികളും തമ്മില്‍ പോര് ശക്തമായിരിക്കുകയാണ്. കഴിഞ്ഞദിവസം സിപിഐയുടെ മുഖപത്രത്തില്‍ വന്ന ലേഖനത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച് എം സ്വരാജ് എംഎല്‍എ ഫേസ്ബുക്കിലൂടെയാണ് മറുപടി നല്‍കിയത്. ജനയുഗത്തിലെ ലേഖനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്ഷര വൈകൃതം എഴുതിയവന്റെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും സ്വയം തുറന്നു കാട്ടുന്നതാണെന്ന് എം സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പലപ്പോഴും തനിക്ക് സംഘ പരിവാരത്തില്‍ നിന്നും മറ്റും കേള്‍ക്കേണ്ടി വന്നിട്ടുള്ള പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍ കൂടി കേട്ടു എന്ന് മാത്രം. കഴുത, ജാരസന്തതി, ചാരസന്തതി, കപ്പലണ്ടി കമ്യൂണിസ്റ്റ്, കമ്യൂണിസ്റ്റ് കഴുത തുടങ്ങിയ ജനയുഗ സാംസ്‌കാരിക നിലവാരത്തിനനുസരിച്ചുള്ള പുലഭ്യങ്ങളാണ് ലേഖനത്തില്‍ ഉടനീളം കൂട്ടത്തില്‍ രണ്ട് തന്തക്കു വിളിയും. ഇത്രയുമായപ്പോള്‍ എഴുതിയ വിപ്ലവകാരിക്കും എഴുതിച്ച വിപ്ലവകാരികള്‍ക്കും നേരിയ ആശ്വാസം അനുഭവപ്പെട്ടു കാണുമെന്നും ഇക്കാര്യം സകല ചാനലുകളിലും വന്നതിനാല്‍ ജനയുഗം ഇപ്പോഴും ഇറങ്ങുന്നുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും കാശ് മുടക്കാതെ പരസ്യം തരപ്പെട്ട സന്തോഷം ചിലര്‍ക്കെങ്കിലും ഉണ്ടായിക്കാണുമെന്നും എം സ്വരാജ് പറയുന്നു.
ഉദയംപേരൂരിലെ പ്രസംഗത്തിനിടെ ഒരു സിപിഐകാരനെ താനാദ്യമായി നേരില്‍ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ തൃശൂരില്‍ വച്ചാണെന്ന് പറയുകയുണ്ടായി, അതിന്റെ പേരില്‍ തന്നെ പുലഭ്യം പറയുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും സ്വരാജ് പറയുന്നു. ഉളുപ്പില്ലാത്തവനാണ് താന്‍ എന്നാണ് ബിനോയ് വിശ്വത്തിന്റെ പക്ഷം. ഞാന്‍ സിപിഐയെ കുറിച്ച് കേള്‍ക്കുന്നത് പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോഴാണെന്ന് പറഞ്ഞതിനെയാണ് ബിനോയ് വിശ്വം പരിഹസിച്ചതത്രെ. ഇതാണോ ഉത്തമ വിമര്‍ശനവും ഭാഷയും? എന്നെ ഭാഷ പഠിപ്പിക്കാനിറങ്ങിയ ബിനോയ് വിശ്വം ഇതിന് മറുപടി പറയണം. എന്നെ പഠിപ്പിക്കാന്‍ ചാടിയിറങ്ങിയ താങ്കളോട് എനിക്ക് പരിഭവമില്ല. താങ്കളില്‍ നിന്നും എന്തെങ്കിലും പഠിക്കേണ്ടതുണ്ടെങ്കില്‍ ഒരു വിദ്യാര്‍ഥിയുടെ മനസ്സോടെ ഞാനിരുന്നു തരാം. പക്ഷെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ്, ഇഷ്ടമില്ലാത്തവരെ  ‘ഉളുപ്പില്ലാത്തവര്‍എന്നാക്ഷേപിക്കുന്ന മനസ്സും ഭാഷയും താങ്കള്‍ മാറ്റിവയ്ക്കണം. ആരോഗ്യപരമായ സംവാദത്തിന് കെല്‍പില്ലാതെ ഈച്ച, കഴുത, ആഫ്രിക്കന്‍ ജീവി എന്നൊക്കെ പുലമ്പുകയും തന്തക്കു വിളിക്കുകയും ചെയ്യുന്ന പാര്‍ട്ടിയിലെ ബുദ്ധിജീവികളോട്’ അന്തസ്സായി സംവാദം നടത്താനുള്ള ഭാഷ പറഞ്ഞു കൊടുക്കണം എന്നിട്ട് വരൂ എനിക്ക് ക്ലാസെടുക്കാന്‍. ഞാന്‍ കാത്തിരിക്കാമെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
എറണാകുളം ജില്ലയില്‍ സിപിഎം പുറത്താക്കിയവരെയും സ്വയം പോയവരെയും അടുത്ത കാലത്ത് സിപിഐ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഏതാനും നാളുകളായി ജില്ലയിലെ സിപിഎം-സിപിഐ ബന്ധം വഷളാവുകയും ഇരുപാര്‍ട്ടികളുടെയും ജില്ലാ സെക്രട്ടറിമാര്‍ തമ്മില്‍ പരസ്പരം വാക്‌പോര് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എം സ്വരാജുമായും സിപിഐ കൊമ്പു കോര്‍ത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day