|    Mar 23 Thu, 2017 10:05 am
FLASH NEWS

സിപിഎം-സിപിഐ തര്‍ക്കം രൂക്ഷമാവുന്നു

Published : 31st July 2016 | Posted By: SMR

കൊച്ചി: സിപിഎമ്മില്‍ നിന്നു പുറത്താക്കിയവരെ സിപിഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ഭിന്നത രൂക്ഷമാവുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെ രൂക്ഷവിമര്‍ശനം. —രക്തസാക്ഷിയുടെ ഭാര്യയോടുവരെ തെറ്റായ സമീപനം സ്വീകരിച്ചതിന്റെ പേരിലും തിരഞ്ഞെടുപ്പില്‍ വഞ്ചനകാട്ടി വര്‍ഗ ശത്രുക്കളെ സഹായിച്ചതിന്റെ പേരിലും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയവരെ മാലയിട്ട് സ്വീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
തൊഴിലാളി താല്‍പര്യങ്ങള്‍ക്ക് എതിരായി കരാര്‍ ഒപ്പു വച്ചതിനാലാണ് രഘുവരനെതിരേ ആദ്യം സിപിഎം നടപടി എടുത്തത്. ചാനലുകളോട് പാര്‍ട്ടിക്കെതിരായി സംസാരിക്കാത്തതു കൊണ്ട് രക്തസാക്ഷി വിദ്യാധരന്റെ ഭാര്യയോട് ക്രൂരമായി പെരുമാറി.— രക്തസാക്ഷി ദിനാചരണ യോഗത്തില്‍ സ്റ്റേജിലിരുത്തി അപമാനിച്ചു. രഘുവരന്റെയും കൂട്ടാളികളുടെയും നടപടികൊണ്ട് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് രക്ത സാക്ഷിയുടെ വിധവ പാര്‍ട്ടിക്കു പരാതി തന്നു. —ഇത്തരക്കാരെ ഒപ്പം ചേര്‍ത്ത് കാനം രാജേന്ദ്രന്‍ ആരെയാണ് ശക്തിപ്പെടുത്തുന്നതെന്ന് കാലം തെളിയിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു.—
പാര്‍ട്ടി റിപോര്‍ട്ടിങ് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന് കൈയോടെ പിടികൂടിയപ്പോഴാണ് വി ഒ ജോണിനെ പുറത്താക്കിയത്. വര്‍ഗശത്രുക്കള്‍ക്ക് വിടുപണിചെയ്യുന്നവരെ കൂടെ കൂട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയുമെന്ന കാനം രാജേന്ദ്രന്റെ കണ്ടുപിടുത്തം അദ്ദേഹത്തേയും സിപിഐയെയും രക്ഷപ്പെടുത്തുമെങ്കില്‍ നല്ലത്. സിപിഎം പുറത്താക്കിയ ചിലരാണ് സിപിഐയില്‍ ചേര്‍ന്നത്. സങ്കുചിത താല്‍പര്യങ്ങള്‍ക്കും സിപിഎം വിരുദ്ധ പ്രചാരവേലയ്ക്കും ശ്രമിക്കുന്ന സിപിഐ ജില്ലയില്‍ ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു.—
സിപിഎം വിട്ട സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും മുന്‍ ഏരിയാ സെക്രട്ടറിയുമായ രഘുവരന്‍ ഉള്‍പ്പെടെയുള്ള 240ഓളം പേര്‍ ഏതാനും ദിവസം മുമ്പ് സിപിഎം വിട്ട് സിപിഐയില്‍ ലയിച്ചിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടായിരുന്നു ഇവര്‍ പാര്‍ട്ടി വിട്ടത്.—  തുടര്‍ന്ന് എറണാകുളം നടക്കാവില്‍ നടന്ന ഇവരുടെ സിപിഐയിലേക്കുള്ള പ്രവേശന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം വിട്ട ഇവര്‍ ബിജെപിയിലേക്കോ കോണ്‍ഗ്രസ്സിലേക്കോ പോവാതിരിക്കാനാണ് സിപിഐ ഇവരെ സ്വീകരിക്കുന്നതെന്നാണ് ലയന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അന്ന് കാനം രാജേന്ദ്രന്‍ പ്രസംഗിച്ചത്.—
അതേസമയം, സിപിഐ ഇവരെ സ്വീകരിക്കുന്നതിന് തുടക്കം മുതല്‍ സിപിഎം എതിരായിരുന്നു. എന്നാല്‍, ഈ എതിര്‍പ്പ് മറികടന്ന് ഇവര്‍ക്ക് സിപിഐ അംഗത്വം നല്‍കിയതോടെയാണ് സിപിഎം-സിപിഐ ബന്ധം ജില്ലയില്‍ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുന്നത്.

(Visited 105 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക