|    Jun 23 Sat, 2018 5:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം-സിപിഐ ചേരിപ്പോര് രൂക്ഷമെന്ന് ചെന്നിത്തല

Published : 26th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഭരണമുന്നണിയിലെ പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള ചേരിപ്പോര് ശക്തിപ്രാപിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നിലും ഇവര്‍ തമ്മില്‍ ആശയപ്പൊരുത്തമില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ മുഖപത്രം മുഖപ്രസംഗം എഴുതുന്നു. അതിന് മറുപടിയായി മുഖ്യമന്തിയുടെ ഓഡിയോ ഫേസ്ബുക്കിലിടുന്നു. നിലമ്പൂരില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തിലും മന്ത്രിസഭാവിവരങ്ങള്‍ വിവരാവകാശനിയമത്തിന്റെ പേരില്‍ വെളിപ്പെടുത്തുന്ന കാര്യത്തിലും സിപിഐ, സിപിഎമ്മിനെ തള്ളിപ്പറയുന്നുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയാത്ത ഭക്ഷ്യമന്ത്രിയാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞദിവസം പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടുവെന്നാണ്. സംസ്ഥാനത്തിന് അര്‍ഹമായ അരിവിഹിതം നേടിയെടുക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്രം അലോട്ട്‌മെന്റ് നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍മാര്‍ഗങ്ങള്‍ ആരായണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മികച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇക്കുറി ഇല്ലാതായതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണ്. പോലിസ് മെഡലുകള്‍ക്കുള്ള ലിസ്റ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സപ്തംബറില്‍തന്നെ കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു. പക്ഷേ, സംസ്ഥാനം നല്‍കിയത് ഡിസംബര്‍ 30 നായിരുന്നു. കേന്ദ്രം പറയുന്നു അത് അവിടെ കിട്ടിയില്ലെന്ന്. എന്തായാലും എന്തിന് ഇത്ര വൈകിയെന്നതിന് മറുപടിയില്ല. എട്ടുമാസത്തിനുള്ളില്‍ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന കണ്ണൂരില്‍ പോലിസ് തലപ്പത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എഡിജിപിയും ഐജിയുമില്ല. എസ്പിയാണ് ആകെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss