|    Mar 27 Mon, 2017 8:20 am

സിപിഎം വിരുദ്ധനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള നീക്കം വിവാദത്തില്‍

Published : 10th July 2016 | Posted By: SMR

അമ്പലപ്പുഴ: സിപിഎം വിരുദ്ധനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള നീക്കം വിവാദത്തില്‍. അഡീഷനല്‍ ഗവ. പ്ലീഡര്‍ തസ്തകയിലേക്കാണ് മുന്‍ മുസ്‌ലിംലീഗ് നേതാവായ ആലപ്പുഴയിലെ അഭിഭാഷകനെ സിപിഎം പരിഗണിച്ചത്. ജില്ലയിലെ ഒരു സിപിഎം മന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് ഈ നേതാവിന് ഈ തസ്തിക നല്‍കാന്‍ ധാരണയായിരിക്കുന്നത്. മുമ്പ് യുഡിഎഫിന്റെ ഭരണകാലത്ത് ഈ തസ്തിക കൈകാര്യം ചെയ്ത നേതാവ് ഇപ്പോള്‍ മുസ്‌ലിംലീഗിലില്ല. പകരം ഒരു സംഘടനയുടെ ചുമതലയാണ് ഈ അഭിഭാഷകനുള്ളത്. ഇടത് അനുകൂല അഭിഭാഷക സംഘടനയിലെ മുതിര്‍ന്ന പല അഭിഭാഷകരെയും ഒഴിവാക്കിയാണ് സിപിഎം ജില്ലാസെക്രട്ടേറിയറ്റ് ഈ നേതാവിനെ അഡീഷനല്‍ ഗവ. പ്ലീഡര്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു ഗവ. പ്ലീഡര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും നാല് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമാണുള്ളത്.
തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷ ജില്ലാജഡ്ജി പരിശോധിച്ചശേഷം കലക്ടര്‍ നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികയില്‍ നിയമനം നടക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീതംവച്ചിരിക്കുന്ന ഈ തസ്തികകളില്‍ ഒരെണ്ണം സിപിഐക്കുള്ളതാണ്. മറ്റ് മൂന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികളില്‍ ഒന്നാണ് മന്ത്രിയുടെ താല്‍പ്പര്യപ്രകാരം മുന്‍ മുസ്‌ലിംലീഗ് നേതാവിന് നല്‍കാന്‍ ധാരണയായിരിക്കുന്നത്.
ഇതില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പിക്കാന്‍ വേണ്ടിയാണ് ഈ അഭിഭാഷകനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചില സിപിഎം നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇടത് അനുകൂല അഭിഭാഷക സംഘടനയില്‍ മുതിര്‍ന്ന മുസ്‌ലിം അഭിഭാഷകര്‍ ഉണ്ടെങ്കിലും അവരെയൊക്കെ ഒഴിവാക്കിയാണ് ഈ അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ അഭിഭാഷക സംഘടന കടുത്ത പ്രതിഷേധത്തിലാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനവും വിവാദമായിട്ടുണ്ട്. മുമ്പ് ഈ പദവി വഹിച്ച സിവില്‍ കേസ് മാത്രം കൈകാര്യം ചെയ്യുന്ന അഭിഭാഷകനെയാണ് വീണ്ടും ഈ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ വലിയ പൊട്ടിത്തെറിയായിരിക്കും ഇടത് അഭിഭാഷക സംഘടനയില്‍ ഉണ്ടാകുക എന്നുമറിയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക