|    Jul 26 Wed, 2017 4:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സിപിഎം വിഭാഗീയത: പി ബി കമ്മീഷന്‍ റിപോര്‍ട്ട് അടുത്ത കേന്ദ്ര കമ്മിറ്റിയില്‍

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ കേരള ഘടകത്തിനുള്ളിലെ വിഭാഗീയത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കുന്ന പോളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപോര്‍ട്ട് അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിബി കമ്മീഷന്റെ നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി. ഈമാസം 17, 18 തിയ്യതികളില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ചേരും.
അടുത്ത കേന്ദ്ര കമ്മിറ്റിക്കു മുന്നില്‍ പിബി കമ്മീഷന്‍ റിപോര്‍ട്ട് എത്തുന്നതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വി എസ് അച്യുതാനന്ദന്റെ പ്രവേശനം എളുപ്പമാവും. വിഎസിനെതിരായ സംസ്ഥാന ഘടകത്തിന്റെ പരാതിയും സംസ്ഥാന നേതൃത്വത്തിനെതിരായി വിഎസിന്റെ പരാതിയുമാണ് പിബി കമ്മീഷന്റെ പരിഗണനയിലുള്ളത്.  ഇതിനിടെ പിബി കമ്മീഷന്‍ അടുത്തയിടെ ഒരിക്കല്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഈ മാസം തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാ റാം യെച്ചൂരി വ്യക്തമാക്കി.
വിഎസിന്റെ സെക്രട്ടേറിയറ്റ് അംഗത്വം പരിഗണിക്കുന്നതിന് തടസ്സമായി പിണറായി പക്ഷം ചൂണ്ടിക്കാട്ടുന്നത് പിബി കമ്മീഷന്‍ റിപോര്‍ട്ട് വന്നിട്ടില്ലെന്നതാണ്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ജനറല്‍ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചു വരാതിരിക്കുകയും ചെയ്തത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് വിഎസിനെതിരേ പിബി കമീഷന്റെ മുമ്പിലുള്ളത.് വിഎസിനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എടുക്കുന്നതിന് മുമ്പ് ഈ പരാതികളില്‍ കമ്മീഷന്‍ പരിഹാരം കാണേണ്ടതുണ്ട്. പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനങ്ങള്‍ എണ്ണിപ്പറയുന്ന വിഎസിന്റെ പരാതിയും പിബി കമീഷന്‍ മുമ്പാകെയുണ്ട്. എന്നാല്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി സംബന്ധിച്ച കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഇക്കാര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ചയായിട്ടില്ല. സംസ്ഥാന ഘടകത്തില്‍ ഇനിയും വിഭാഗീയത മൂര്‍ച്ഛിക്കാത്ത വിധത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക