|    Oct 22 Mon, 2018 1:03 pm
FLASH NEWS

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി : മൂന്നു തവണ സെക്രട്ടറിയായവരെ മാറ്റണമെന്ന് സര്‍ക്കുലര്‍

Published : 16th September 2017 | Posted By: fsq

 

പി വി മോഹന്‍ദാസ്

എടപ്പാള്‍: മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം സിപിഎം സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ബ്രാഞ്ചില്‍നിന്നു തുടങ്ങി ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി സമ്മേളനവും കഴിഞ്ഞ് അടുത്ത ഏപ്രിലില്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളന(പാര്‍ട്ടി കോണ്‍ഗ്രസ്)ത്തിന് മുന്നോടിയായാണ് വിവിധ ഘടകങ്ങളുടെ സമ്മേളനങ്ങള്‍ നടത്തുന്നത്. തുടര്‍ച്ചയായി മൂന്നു തവണ വിവിധ ഘടകങ്ങളുടെ സെക്രട്ടറി സ്ഥാനം വഹിച്ചവരെ ആ സ്ഥാനത്തുനിന്നും ഒഴിവാക്കി പുതിയ നേതാക്കളെ തിരഞ്ഞെടുക്കണമെന്ന് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്കയച്ച സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അതിനു വിപരീതമായി സെക്രട്ടറി സ്ഥാനത്തു തുടരണമെന്നുണ്ടെങ്കില്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക അനുമതി വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ തീരുമാനത്തോടെ സംസ്ഥാനത്തെ പകുതിയിലധികം ബ്രാഞ്ചുകളുടെയും ലോക്കല്‍ കമ്മിറ്റികളുടെയും നിലവിലെ സെക്രട്ടറിമാര്‍ക്ക് സ്ഥാനം നഷ്ടമാവും. അതേസമയം, ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വിവിധ ഘടകങ്ങളിലെ പ്രവര്‍ത്തകരും നേതാക്കളും അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ സമ്മേളനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത്  വിഎസ് പക്ഷം -പിണറായി പക്ഷം എന്നിങ്ങനെയുള്ള വിഭാഗീയത ഇന്നില്ലെങ്കിലും ഓരോ ഘടകങ്ങളിലുമുള്ള ഔദ്യോഗിക നേതൃത്വത്തിനെതിരേ ശക്തമായ നിലപാടുകളുമായി വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തുണ്ട്.  മൂന്നുവര്‍ഷം മുമ്പ് വി എസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ ഒട്ടേറെ ജില്ലാ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനുമെതിരേ കടുത്ത നിലപാടുമായാണ് സമ്മേളനങ്ങളില്‍ എത്തിയിരുന്നതെങ്കിലും ഔദ്യോഗിക നേതൃത്വത്തിന്റെ കനത്ത ഭീഷണിക്കും മുന്നറിയിപ്പുകള്‍ക്കും മുന്നില്‍ മുട്ടുമടക്കി എതിരഭിപ്രായം പുറപ്പെടുവിക്കാതെ ഒതുങ്ങുകയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാംദിവസം സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായിരുന്ന വി എസ് അച്യുതാനന്ദന്‍ സമ്മേളനവേദി വിട്ടിറങ്ങിയതും. എന്നാല്‍, ഇത്തവണ വിഎസ് ഗ്രൂപ്പ് തന്നെയില്ലാതാവുകയും വിഎസിന്റെ അടുത്ത അനുയായികളായിരുന്ന നേതാക്കള്‍ പോലും പിണറായിക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെ സംസ്ഥാന നിലവാരത്തിലുള്ള  വിഭാഗീയതകള്‍ക്ക് പകരമായി അതത് ഘടകങ്ങളിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെയാവും വിമര്‍ശനങ്ങളും വിമത പടപ്പുറപ്പാടും. സമ്മേളന അജണ്ടയിലെ അവസാനത്തില്‍ നടക്കുന്ന പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പായിരിക്കും സമ്മേളന പ്രതിനിധികളുടെ ശ്രദ്ധാ കേന്ദ്രം.  പുതിയ ഭാരവാഹി പാനല്‍ തിരഞ്ഞെടുക്കുന്നതിന് പ്രതിനിധികളുടെ വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ സമ്മേളനം നടക്കുന്ന ഹാളില്‍നിന്ന് ആര്‍ക്കും പുറത്തിറങ്ങാനോ അതത് സീറ്റുകളില്‍നിന്നെഴുന്നേല്‍ക്കാനോ അനുമതിയില്ല. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കര്‍ശന നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പാര്‍ട്ടി നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് അയച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss