|    Oct 20 Sat, 2018 2:21 am
FLASH NEWS

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ 15ന് തുടങ്ങും

Published : 13th September 2017 | Posted By: fsq

 

കാസര്‍കോട്്: പ്രാദേശികമായ വിഭാഗീയതയും ഭരണരംഗത്തെ പ്രശ്‌നങ്ങളും കൊണ്ട് നട്ടംതിരിയുന്ന സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനം 15 മുതല്‍ ഒക്ടോബര്‍ 15 വരെ നടക്കും. ജില്ലയില്‍ 1581 ബ്രാഞ്ച്കമ്മിറ്റികളാണ് ഉള്ളത്. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിനേക്കാള്‍ 10 ബ്രാഞ്ച് കമ്മിറ്റികള്‍ ഇപ്രാവശ്യം വര്‍ധിച്ചിട്ടുണ്ട്. 120 ലോക്കല്‍ കമ്മിറ്റികളും 12 ഏരിയ കമ്മിറ്റികളുമാണുള്ളത്. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15വരേയും ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15വരേയും നടക്കും. ജില്ലാ സമ്മേളനം ജനുവരി എട്ട് മുതല്‍ 10 വരെ കാസര്‍കോട്ട് നടക്കും. സംസ്ഥാനത്ത് ജില്ലാസെക്രട്ടറിമാര്‍ മാറുന്ന ഒരു ജില്ലകൂടിയാണ് കാസര്‍കോട്. നിലവിലെ ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ അവസാന നിമിഷംവരെ മല്‍സരിക്കാനുറച്ച് നിന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണന്റെ പേരിനാണ് മുന്‍ഗണന. സിഐടിയു നേതാവ് പി രാഘവനെ അനുകൂലിക്കുന്ന വിഭാഗവും സജീവമായി രംഗത്തുണ്ട്. മുന്‍ എംഎല്‍എമാരായ ഉദുമയിലെ കെ വി കുഞ്ഞിരാമനും സി എച്ച് കുഞ്ഞമ്പുവും സമവായത്തിലൂടെ സെക്രട്ടറി സ്ഥാനം ലഭിക്കാനുള്ള അടവുകളാണ് പയറ്റുന്നത്. സംസ്ഥാനത്ത് തന്നെ സിപിഎമ്മില്‍ ശക്തമായ വിഭാഗീയത നിലനില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. നാല് വര്‍ഷം മുമ്പ് കുറ്റിക്കോലില്‍ ഉടലെടുത്ത വിഭാഗീയ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തുകയും പി ഗോപാലന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കള്‍ സിപിഐയില്‍ ചേരുകയും ചെയ്തത് ചൂടേറിയ ചര്‍ച്ചക്ക് വഴിതെളിക്കും. തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്തിലുണ്ടായ വിഭാഗീയതയും പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റ സാഹചര്യവും ഉള്‍പ്പെടെയുള്ളവ ചര്‍ച്ചക്ക് വരും. സിപിഐയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന ശീത സമരവും ബ്രാഞ്ച് കമ്മിറ്റികളില്‍ ഉള്‍പ്പെടെ ചര്‍ച്ചക്ക് വഴി വെക്കും. പാര്‍ട്ടി പ്രവര്‍ത്തനം സജീവമല്ലാത്ത ഏരിയാ കമ്മിറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പടയൊരുക്കം തന്നെ നടത്താന്‍ ഇടയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുണ്ടായ കനത്ത പരാജയവും ചര്‍ച്ചയാകും. കരിന്തളം ഖനനം, പള്ളിക്കര മേല്‍പാലം പ്രശ്‌നം, ജില്ലയിലെ വികസന മുരടിപ്പ്, നേതാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം, ധാര്‍ഷ്ട്യം തുടങ്ങി പാര്‍ട്ടി സമ്മേളനത്തില്‍ നിരവധി വിഷയങ്ങളാണ് പാര്‍ട്ടിക്ക് മുന്നിലുള്ളത്. ബ്രാഞ്ച് തലംമുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ജീവമായതും സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss