|    Nov 19 Mon, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സിപിഎം- ബിജെപി ഒത്തുകളി: കെ മുരളീധരന്‍

Published : 7th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയില്‍ സിപിഎമ്മിന്റെയും ബിജെപിയുടെ ഒത്തുകളിയാണ് നടക്കുന്നതെന്ന് കെ മുരളീധരന്‍ എംഎല്‍എ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.
കെപിസിസി പ്രചാരണ വിഭാഗം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ലീഡര്‍ സ്റ്റഡി സെന്റര്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നത്. ശബരി മലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രി നിലപാട് ബിജെപിയുമായി ആലോചിച്ചശേഷമാണെന്ന ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കുന്നില്ലെങ്കില്‍ ഇത് മുഖ്യമന്ത്രി കൂടി അറിഞ്ഞുള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിവരും. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ് നിലകൊണ്ടത്. ശാബാനു കേസില്‍ ശരീഅത്ത് സംരക്ഷിക്കുന്ന നിലപാടെടുത്തതും ക്രിസ്തുവിന്റെ ആരാം തിരുമുറിവെന്ന വിവാദ നാടകം നിരോധിച്ചതും ഇതിന്റെ ഭാഗമാണ്. ചുംബനസമരങ്ങളും മാറ് തുറക്കല്‍ സമരങ്ങളും നടത്തുന്ന ആക്ടിവിസ്റ്റുകളാണ് ശബരിമലയില്‍ എത്തിയത്.
ഇരു മുടിക്കെട്ടില്‍ നെയ്‌തേങ്ങയ്ക്ക് പകരം ഓറഞ്ചും പേരക്കയുമായെത്തിയ ആക്ടിവിസ്റ്റുകളെ മലകയറാന്‍ അനുവദിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമായിരുന്നെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സന്ദീപാനന്ദഗിരിയുടെ വീടിന് നേരെ ആക്രമണമുണ്ടാവുകയും റീത്ത് വയ്ക്കുകയും ചെയ്തപ്പോള്‍ ഓടിയെത്തിയ മുഖ്യമന്ത്രി തൊട്ടടുത്ത് എന്‍എസ്എസ് ആസ്ഥാനം അക്രമിക്കപ്പെട്ടപ്പോഴും റീത്ത് വച്ചപ്പോഴും തിരിഞ്ഞ് നോക്കിയില്ല.പിണറായി വിജയന്‍ കോണ്‍ഗ്രസിനെ നവോത്ഥാനം പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss