|    Aug 16 Thu, 2018 9:01 pm
Home   >  Todays Paper  >  Page 1  >  

സിപിഎം പ്രവര്‍ത്തകന്റെ കൊല; രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : 7th August 2018 | Posted By: kasim kzm

കാസര്‍കോട്: ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ദീഖ് (22) ആണ് കൊല്ലപ്പെട്ടത്. ഉപ്പള സോങ്കാലിലെ അശ്വത് എന്ന അച്ചു (38), ശാന്തിഗിരിയിലെ കാര്‍ത്തിക് (30) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11ഓടെ ഉപ്പള സോങ്കാലിലാണ് സംഭവം. ബൈക്കിലെത്തിയ അശ്വതും മറ്റൊരാളും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: പ്രദേശത്ത് വ്യാജചാരായം വില്‍പന നടത്തുന്നവരാണ് അശ്വതും സംഘവും. ഖത്തറില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന അബൂബക്കര്‍ സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചാരായവില്‍പനയ്‌ക്കെതിരേ ഞായറാഴ്ച വൈകീട്ട് സിദ്ദീഖ് അശ്വതുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പോലിസ് കണ്ടെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം രാവിലെ 9.15ന് വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കേസന്വേഷണത്തിന് കുമ്പള, കോസ്റ്റല്‍ സിഐമാരുടെ നേതൃത്വത്തില്‍ 20 അംഗ ടീമിനെ നിയോഗിച്ചതായി ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു.
പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ്, കുമ്പള എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വൈകീട്ടോടെ പ്രതാപ് നഗറിലെ വസതിയിലെത്തിച്ചു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതല്‍ മഞ്ചേശ്വരം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിച്ചു.
സിപിഎം സോങ്കാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ യൂനിറ്റ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു സിദ്ദീഖ്. പിതാവ് പത്തു വര്‍ഷം മുമ്പ് മഞ്ചേശ്വരം ചെക്‌പോസ്റ്റിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതിനുശേഷം ഖത്തറിലെ ഹോട്ടല്‍ അബൂബക്കര്‍ സിദ്ദീഖും സഹോദരന്‍ ആഷിഖും കൂടി നടത്തിവരുകയായിരുന്നു. മാതാവ്: ആമിന. മറ്റു സഹോദരങ്ങള്‍: ഷാഹിന, സിയാദ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss