|    Jan 25 Wed, 2017 12:58 am
FLASH NEWS

സിപിഎം പ്രവര്‍ത്തകന്റെ കൊല: ആര്‍എസ്എസ് കാര്യവാഹക് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Published : 3rd September 2016 | Posted By: SMR

കാട്ടാക്കട: സിപിഎം പ്രവര്‍ത്തകന്‍ തമലം സ്വദേശി സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് കാര്യവാഹകനടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ആഗസ്റ്റ് 13ന് രാവിലെ സിപിഎം പ്രവര്‍ത്തകനായ തമലം സ്വദേശിയായ സുരേഷ്‌കുമാര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വണ്ടന്നൂരിന് സമീപം കാറില്‍ പിന്തുടര്‍ന്ന് ബൈക്ക് ഇടിച്ച് തെറുപ്പിച്ച ശേഷം വെട്ടികൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതിയും ആര്‍എസ്എസ് തമലം തട്ടാന്‍വിള ലൈനില്‍ മേലെ തട്ടില്‍ വീട്ടില്‍ സാംകുട്ടി എന്നു വിളിക്കുന്ന സാം ജോണ്‍സണ്‍ (30), മൂന്നാം പ്രതി തമലം ലങ്കാമഠത്തിങ്കല്‍ കിഴക്കുംകര വീട്ടില്‍ രഞ്ജു എന്നു വിളിക്കുന്ന രഞ്ജിത് (26), നാലാം പ്രതി തമലം തേരിവിള പൊറ്റയില്‍ വീട്ടില്‍ ശിവകുമാര്‍ (29) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ പിടിയിലായ മൂന്നു പേരും. ഇവര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കാളിയായ രണ്ടാം പ്രതി ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷകന്‍ ഗിരീഷിനെ സംഭവ സ്ഥലത്ത് വച്ച് സമീപവാസിയായ ഒരു സിആര്‍പിഎഫ് ജവാന്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചിരുന്നു.
കൊലപാതകത്തിന് സൂത്രധാരകരായ നാലു പേരെ പോലിസും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം എറണാകുളത്തേക്ക് കടന്ന പ്രതികള്‍ രക്തം പുരണ്ട വസ്ത്രങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച ശേഷം അവിടെ നിന്നും ഗുരുവായൂര്‍, കന്യാകുമാരി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കൈയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ പാറശാല എത്തി പണം സംഘടിപ്പിച്ച ശേഷം ട്രെയിനില്‍ കൊച്ചിയിലേക്ക് പേകാനായി ശ്രമിക്കുമ്പോള്‍ വിവരം ലഭിച്ചതനുസരിച്ച് പോലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
കുറ്റകൃത്യത്തിനായി നേരത്തെ പദ്ധതിയിട്ടിരുന്ന പ്രതികള്‍ ഇതിനായി ആയുധങ്ങള്‍ നേരത്തെ വാങ്ങി സൂക്ഷിച്ചതായും പോലിസിനോട് സമ്മതിച്ചു. എന്നാല്‍ ആര്‍എസ്എസ് കാര്യവാഹകന്‍ ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങിയത് കൊലപാതകം ആസൂത്രണം ചെയ്ത ഉന്നതരിലേക്ക് അന്വേഷണം ഉണ്ടാകില്ലെന്ന പോലിസിന്റെ ഉറപ്പിന്‍മേലെന്ന് ആക്ഷേപമുയരുന്നുണ്ട്.  പ്രതികള്‍ കൊലക്ക് ശേഷം പടന്താലുംമൂട് സമീപമുള്ള ആ ര്‍എസ്എസ് കാര്യാലയത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് അറിയുന്നു. ഇവര്‍ കൊല നടത്താനും രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും എല്ലാ ഒത്താശയും സഹായവും ചെയ്തു കൊടുത്തിരുന്നത് ആര്‍എസ്എസ് ഉന്നത നേതൃത്വം ഇടപെട്ടാണ്.
നഗരകാര്യ വാഹകിന്റെ വീട്ടില്‍ പോലിസ് രണ്ട് പ്രാവശ്യം തിരച്ചില്‍ നടത്തിയതോടെ ആര്‍എസ്എസ് ഉന്നത നേതൃത്വം പോലിസുമായി ബന്ധപ്പെടുകയും ഒളിവില്‍ കഴിയുന്ന കൃത്യത്തില്‍ പങ്കെടുത്ത മൂന്നു പേരെ പോലിസിന് കൈമാറാമെന്നും പകരം കൊലപാതകം ആസൂത്രണം ചെയ്ത ആര്‍എസ്എസ് പ്രമുഖരിലേക്കും രക്ഷപ്പെടാന്‍ സഹായിച്ചവരിലേക്കും ഒളിവില്‍ കഴിയാന്‍ സഹായിച്ചവരിലേക്കും അന്വേഷണം ഉണ്ടാവരുതെന്ന ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതൃത്വത്തിന് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ആസൂത്രണം ചെയ്ത ഉന്നത നേതാക്കളിലേക്കും രക്ഷപ്പെടാന്‍ സഹായിച്ചവരിലേക്കും ഒളിവില്‍ കഴിഞ്ഞ ആര്‍എസ്എസ് കാര്യാലയത്തിലേക്കും അന്വേഷണം തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് പോലിസ് എന്നറിയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക