|    Jan 16 Mon, 2017 4:47 pm

സിപിഎം പ്രതിരോധ സേന വിപുലപ്പെടുത്തുന്നു

Published : 5th September 2016 | Posted By: SMR

കോഴിക്കോട്: ഒന്നര പതിറ്റാണ്ടിലേറെയായി സിപിഎമ്മിന്റെ ഏരിയാതലത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിവിസി (സെല്‍ഫ് ഡിഫന്‍സ് വോളന്റിയര്‍ കോര്‍) വിപുലപ്പെടുത്താനും ലോക്കല്‍ തലങ്ങളില്‍ പത്ത് പേര്‍ വീതമുള്ള രണ്ട് പ്രത്യേക സ്‌ക്വാഡുകളെ തയ്യാറാക്കാനും സിപിഎം തീരുമാനിച്ചതായി വിവരം. 2000 ത്തില്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ പ്രത്യേകസേനാ ദളത്തെ പിന്നീട് കേരളമൊട്ടാകെ വ്യാപിപ്പിച്ചിരുന്നു.
ഏരിയാതലങ്ങളില്‍ പുതുതായി രൂപീകരിക്കുന്ന പ്രതിരോധ സേനയുടെ പരിശീലകര്‍ക്കുള്ള സംസ്ഥാന ക്യാംപ് തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമിയില്‍ പൂര്‍ത്തിയായി. ജില്ലാ തലത്തില്‍ നടക്കുന്ന പരിശീലന ക്യാംപുകള്‍ സപ്തംബറില്‍ പൂര്‍ത്തിയാക്കി ആറുമാസത്തിനകം സംസ്ഥാനതല സേന രൂപീകരണം പൂര്‍ത്തിയാക്കാനുമാണ് പദ്ധതി.
ഏതാനും വര്‍ഷങ്ങളായി സംസ്ഥാനതലത്തില്‍ സെക്കുലര്‍ യോഗ’ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമിയിലെയും കേരളത്തിലെ വടക്കന്‍ -തെക്കന്‍ സമ്പ്രദായത്തില്‍പ്പെട്ട ചില കളരി ഗുരുക്കന്‍മാരുടെയും നേതൃത്വത്തില്‍ കളരി-കരാട്ടെ മുറകളും സായുധ മുറകളുമാണ് ദിനേനയുള്ള പരിശീലനത്തലുള്‍പ്പെടുത്തിയതെന്നാണ് വിവരം.
ഈയിടെ ആര്‍എസ്എസ് വിട്ട് വന്ന ചിലരില്‍ നിന്നും ആര്‍എസ്എസിന്റെ ആക്രമണപദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതുകൊണ്ട്കൂടിയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ആര്‍എസ്എസ് ശാഖകള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങളും ആര്‍എസ്എസ് അക്രമത്തെ തടയാനുള്ള തീവ്ര പരിശീലനങ്ങളുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2014ല്‍ 2,000 ലോക്കല്‍ കമ്മിറ്റി തലങ്ങളില്‍ ആയുധപരിശീലനം ആരംഭിച്ചിരുന്നു. വിവിധ വര്‍ഷങ്ങളില്‍ കണ്ണൂരിലും കോഴിക്കോട്ടുമുള്ള സിപിഎം കേന്ദ്രങ്ങളില്‍ ആഴ്ചകള്‍ നീണ്ട നീന്തല്‍ പരിശീലനവും നല്‍കിയിരുന്നു.
കണ്ണൂരിലെ അരോളി പാട്യം ഗവേഷണ കേന്ദ്രത്തിലും കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കേന്ദ്രത്തിലും നടക്കുന്ന ജില്ലാതല പരിശീലകര്‍ക്കുള്ള ക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്വയം പ്രതിരോധത്തിനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ ആഹ്വാനം ഇതിന് ജനകീയ മുഖം നല്‍കാന്‍ വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, സിപിഎം നേതൃത്വം അതൊക്കെ സാധാരണ മട്ടിലുള്ള കായികാഭ്യാസങ്ങള്‍ ആണെന്നാണ് വിശദീകരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക