|    Oct 21 Sun, 2018 1:21 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സിപിഎം പ്രകൃതിനിയമത്തെ അതിജീവിക്കുമോ?

Published : 9th April 2018 | Posted By: kasim kzm

കെ ആര്‍ സത്യവ്രതന്‍

ഇപ്പോഴത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡിലെ മുന്നാക്ക-സാമ്പത്തിക സംവരണ നിര്‍ദേശം, ഏറ്റവും പാവപ്പെട്ട 30 പിന്നാക്കസമുദായങ്ങളുടെ ഒഇസി സ്‌കോളര്‍ഷിപ്പ് പദ്ധതി പുനപ്പരിശോധിക്കാനുള്ള ശ്രമം, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധം, സവര്‍ണ സാമ്പത്തിക സംവരണം പരിപാടിയായി പ്രഖ്യാപിച്ചതുമെല്ലാം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് സിപിഎം ബംഗാളിലെയും ത്രിപുരയിലെയും വിധിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണെന്നു പറയേണ്ടിവരും.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാന(സിപിഎം/സിപിഐ)ത്തിന്റെ വളര്‍ച്ച പടവലങ്ങപോലെയാണ്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സംഘടനകളുടെ ബ്രാഹ്മണ-സവര്‍ണ നേതൃത്വം. രണ്ട്, ഇന്ത്യന്‍ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത വര്‍ഗസമരസിദ്ധാന്തത്തിലുള്ള വിശ്വാസം.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിനു ശക്തിയായ വേരോട്ടമുള്ളത്. ബംഗാളില്‍ അത് ഒരു ‘ഭദ്രലോക’ പ്രസ്ഥാനമാണ്. അതുകൊണ്ടാണ് 35 വര്‍ഷം ഭരിച്ചിട്ടും അതു തകര്‍ന്നടിഞ്ഞത്. ത്രിപുരയില്‍ പാര്‍ട്ടിയിലെ 70 ശതമാനം ബംഗാളികളാണ്.
1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പരിഭ്രാന്തരായ അമേരിക്ക ഈ പ്രതിഭാസം പഠിക്കുന്നതിനായി ഫോഡ് ഫൗണ്ടേഷന്‍ മുഖേന പ്രഗല്ഭ രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞനായ ടി ജെ നോസിറ്ററിനെ നിയോഗിച്ചു. തുടര്‍ന്ന് അദ്ദേഹം ‘കമ്മ്യൂണിസം ഇന്‍ കേരള’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം മുന്നാക്കസമുദായക്കാര്‍ നയിക്കുന്ന പിന്നാക്കക്കാരുടെ പ്രസ്ഥാനമാണ് എന്നത്രേ! ഈ മുഖ്യവൈരുധ്യം പരിഹരിക്കാതെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരിഞ്ചുപോലും മുന്നോട്ടുപോവാന്‍ ഇനി കഴിയുകയില്ല! മാത്രമല്ല, അത് രണ്ടു പാര്‍ട്ടികളെയും വിഴുങ്ങിക്കളയും!
കേരളത്തില്‍ ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും കളപറിച്ച് ഉഴുതുമറിച്ച് ശരിയായ വളപ്രയോഗത്തിനും ജലസേചനത്തിനും സൗകര്യമൊരുക്കിയ പശിമരാശിയുള്ള ഫലഭൂയിഷ്ഠമായ മണ്ണില്‍ പാര്‍ട്ടി ഞാറു നടുക മാത്രമാണു ചെയ്തത്. കൃഷിക്ക് എല്ലാ സംരക്ഷണവും അധ്വാനവും നല്‍കിയതും കൊയ്ത്തു നടത്തിയതും പിന്നാക്കവിഭാഗങ്ങള്‍ തന്നെ. പക്ഷേ, അന്തിമമായി നെല്ല് സവര്‍ണ ജന്മികളുടെ പത്തായപ്പുരയില്‍ സ്ഥലംപിടിച്ചു. അങ്ങനെ പാര്‍ട്ടിയിലെ സവര്‍ണ സംവിധാനം ശക്തിപ്പെട്ടു. അവര്‍ണര്‍ പുറത്തായി. തമ്പ്രാന്‍ സഖാവിന്റെ ഭരണം ആരംഭിച്ചു. ആരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ സ്ഥാപകന്‍? സാങ്കേതികമായി പലരുടെയും പേരു പറയാം. അതില്‍ വലിയ കാര്യമില്ല.
സിപിഎമ്മിന്റെ പിബിയുടെ ഘടന പരിശോധിച്ചാല്‍ ഇതു മനസ്സിലാവുന്നതാണ്. 16 അംഗങ്ങളുള്ള പിബിയില്‍ അവര്‍ണര്‍ ഒന്നോ രണ്ടോ പേര്‍ കാണും. ഹനന്‍മുള്ള (സവര്‍ണ മുസ്‌ലിം), മുഹമ്മദ് സലിം (സവര്‍ണ മുസ്്‌ലിം), എം എ ബേബി (കേരള ലത്തീന്‍ കാത്തലിക് ഒബിസി), ബാക്കി അഞ്ച് ബ്രാഹ്മണീകരിച്ച നായന്‍മാരും നാല് ഇതേ മുദ്രയിലുള്ള ശൂദ്രന്‍മാരും മൂന്ന് യഥാര്‍ഥ മഹാബ്രാഹ്മണരുമാണ്. ഇന്ത്യയിലെ 85 ശതമാനം വരുന്ന ദലിത് ഒബിസി തൊഴിലാളിവര്‍ഗത്തിന് രണ്ടു പ്രതിനിധികള്‍ മാത്രം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടുകൂടി പാര്‍ട്ടി സെക്രട്ടറിയിലൂടെ കൊട്ടാരം നായന്മാര്‍ കാര്യങ്ങളില്‍ പിടിമുറുക്കിയിരിക്കുകയാണ്. (എം വിജയകുമാര്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്‍, കെ എന്‍ ബാലഗോപാല്‍, വൈക്കം വിശ്വനാഥന്‍ അങ്ങനെ ഇനിയും പലരും).
സിപിഎമ്മിനകത്ത് മുന്നാക്ക-പിന്നാക്ക വൈരുധ്യം മൂടിവയ്ക്കുന്നതിന് കാലാകാലങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഐക്കണുകളാണ് ഗൗരിയമ്മ, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍. എന്നാല്‍, ഈ ഐക്കണുകളുടെ മൂര്‍ച്ച കുറഞ്ഞ് ഏശാതായിക്കൊണ്ടിരിക്കുന്നു. ഈ വൈരുധ്യം പരിഹരിക്കാത്തപക്ഷം പാര്‍ട്ടി പതുക്കെ നന്ദിഗ്രാം പാതയിലേക്കു നീങ്ങിക്കൊണ്ടിരിക്കും.
ഇപ്പോള്‍ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികള്‍ മിക്കവാറും സവര്‍ണരുടെ കൈകളിലാണ്. ചില സെക്രട്ടറിമാര്‍ വെറും സവര്‍ണ ചട്ടുകങ്ങള്‍ മാത്രം. അല്ലറചില്ലറ അപവാദങ്ങള്‍ കണ്ടേക്കാം. കഴിഞ്ഞ സമ്മേളനത്തോടുകൂടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സവര്‍ണര്‍ ഭൂരിപക്ഷം നേടി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ കഥ കഴിക്കുന്നതിന് നായര്‍-നമ്പ്യാര്‍ ലോബി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ കൈക്കരുത്തും മനക്കരുത്തും ചങ്കൂറ്റവും വെല്ലുവിളികളെ നേരിടാനുള്ള ആര്‍ജവവുമുള്ള രണ്ടു നേതാക്കള്‍ മാത്രമേയുള്ളൂ- പിണറായി വിജയനും പി ജയരാജനും.
പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി വളരുമോ എന്ന് സവര്‍ണ ലോബി ഭയപ്പെടുന്നു. പി ജയരാജന് എതിരായ അച്ചടക്ക നടപടിയുടെ കാരണവും മറ്റൊന്നല്ല. ഇതു ചരിത്രത്തിന്റെ ആവര്‍ത്തനവുമായേക്കും. എകെജിയെപ്പോലെ ഒരു നമ്പ്യാര്‍ നേതാവ് വളര്‍ന്നുവരുമോ എന്ന ഭയംകൊണ്ടാണ് ഇഎംഎസ് എംവിആറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
1998ലെ പാലക്കാട് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഇഎംഎസ്- നായനാര്‍ ഗ്രൂപ്പിനെ വിഎസ് ഗ്രൂപ്പ് മലര്‍ത്തിയടിച്ചു. ഇതില്‍ പരിഭ്രാന്തനായ ഇഎംഎസ് തന്റെ ശിഷ്യന്‍മാരായ പ്രകാശ് കാരാട്ടിനെയും യെച്ചൂരിയെയും സുര്‍ജിത്തിനെയും ഉപയോഗിച്ച് വിഎസ് ഗ്രൂപ്പിനെ പിളര്‍ത്തി. വിഎസ്, പിണറായി ഗ്രൂപ്പാക്കി മാറ്റി. ഇതിലൂടെ സവര്‍ണ ഗ്രൂപ്പ് ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും പിടിമുറുക്കി. അതിന്റെ പരിണത ഫലമാണ് സിപിഎം അനുഭവിക്കുന്നത്.
കേരളത്തിലെ സിപിഎം പ്രകൃതിനിയമത്തെ അതിജീവിക്കുമോ? കാലത്തിന്റെ ചുവരെഴുത്തു കാണാനുള്ള ഉള്‍ക്കാഴ്ച അവര്‍ക്കുണ്ടാവുമോ?                             ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss