|    Feb 25 Sun, 2018 4:57 am

സിപിഎം പിന്തുടരുന്നത് കൊലപാതക രാഷ്ട്രീയം: ഉമ്മന്‍ചാണ്ടി

Published : 23rd January 2017 | Posted By: fsq

 

മാവൂര്‍: അധികാരത്തിലേറുന്നതോടെ സിപിഎം കൊലപാതക രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം ആറ് കൊലപാതകങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പൂവാട്ടുപറമ്പില്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസായ ഇന്ദിരാഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയാണ് കണ്ണൂരില്‍ നടക്കുന്നത്. ഈ സമയത്ത് കലാമേളയില്‍ മാറ്റുരക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയാണ് സിപിഎം രാഷ്ട്രീയ കൊല നടത്തിയത്. ഈ പ്രത്യേക സാഹചര്യത്തില്‍ സമാധാനത്തിന് ശ്രമിക്കാതെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പ്രയാസം അധികരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. സിപിഎം കൊലപാതക രാഷ്ട്രീയം കളിക്കുമ്പോള്‍ ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു. പിണറായി അധികാരത്തിലേറിയ ശേഷം റേഷന്‍ നിരന്തരം മുടങ്ങുന്നു. യുഡിഎഫ് ഭരിക്കുന്ന സമയത്ത് ഒരിക്കലും ഇത്തരം അവസ്ഥ ഉണ്ടായിട്ടില്ല. ഭക്ഷ്യസുരക്ഷാനിയമമനുസരിച്ച്, റേഷന്‍ മുടങ്ങിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനം ഭരിക്കുന്നവര്‍ക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മഹാത്മ ലൈബ്രറിയുടെ ഉദ്ഘാടനം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു. വി കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക ഹാള്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ബെന്നി ബെഹനാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെപിസിസി ജന. സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ സി അബു, പി മൊയ്തീന്‍മാസ്റ്റര്‍, ചോലക്കല്‍ രാജേന്ദ്രന്‍, നിധീഷ് നങ്ങാലത്ത്, ദിനേശ പെരുമണ്ണ, കെ ടി ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. സി മാധവദാസ് അധ്യക്ഷത വഹിച്ചു. എന്‍ അബൂബക്കര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss