|    Dec 15 Sat, 2018 4:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം പഞ്ചായത്ത് അംഗത്തിനും സഹോദരനും അഞ്ചുവര്‍ഷം കഠിനതടവ്

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ജീപ്പിടിപ്പിച്ചും ആയുധങ്ങളുപയോഗിച്ചും അഞ്ചുതെങ്ങ് സ്വദേശികളായ രണ്ടു മല്‍സ്യത്തൊഴിലാളികളെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ സിപിഎം പഞ്ചായത്ത് അംഗത്തെയും സഹോദരനെയും അഞ്ചുവര്‍ഷം വീതം കഠിനതടവിനും 50000 രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. പിഴയൊടുക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കാനും ജഡ്ജി റോയി വര്‍ഗീസ് ഉത്തരവിട്ടു.
സിപിഎം പഞ്ചായത്ത് അംഗവും മാമ്പള്ളി പള്ളി കമ്മിറ്റി അംഗവുമായ കടക്കാവൂര്‍ മാമ്പള്ളി കൊച്ചുകിണറ്റിന്‍മൂട് വീട്ടില്‍ ജോയ് എന്ന ജോബോയ് (52), ഇയാളുടെ സഹോദരനും പള്ളി കമ്മിറ്റി സെക്രട്ടറിയുമായ ഫ്രെഡി (49) എന്നിവരെയാണു കോടതി ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കാനും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. കൂടാതെ ഇരകള്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടില്‍ നിന്ന് ആശ്രിതര്‍ക്കു ധനസഹായത്തുക നല്‍കാനും തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ഉത്തരവിട്ടു. റോഡപകടമെന്ന രീതിയില്‍ എഫ്‌ഐആറില്‍ വെള്ളംചേര്‍ത്ത അഞ്ചുതെങ്ങ് പോലിസിനെയും ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും വരെ 15 ദിവസം അന്വേഷണം അട്ടിമറിച്ച കടക്കാവൂര്‍ പോലിസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. 13 പ്രതികള്‍ വിചാരണ നേരിട്ട കേസില്‍ നാലു മുതല്‍ 13 പ്രതികളെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.
വിചാരണയ്ക്കിടെ വിദേശത്തേക്ക് മുങ്ങിയ മൂന്നാം പ്രതി കപലീശ്വരം ക്ഷേത്രത്തിനു സമീപം തിപ്പായിവിളാകം വീട്ടില്‍ സണ്ണി എന്ന സിസ്‌നിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരേ ലുക്ക്ഔട്ട് സര്‍ക്കുലര്‍ വിമാനത്താവളങ്ങളില്‍ നല്‍കാനും എംബസി വഴി വാറന്റ് അയക്കാനും കോടതി ഉത്തരവിട്ടു. അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ (52), ക്ലമന്റ് (48) എന്നിവരെയാണ് 2003 ഈസ്റ്റര്‍ദിനത്തില്‍ രാത്രി കൊലപ്പെടുത്തിയത്. കടലില്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് നടന്ന നിസ്സാരമായ തര്‍ക്കമാണ് രണ്ടു പേരുടെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. കടക്കാവൂര്‍ പോലിസ് അന്വേഷണം അട്ടിമറിച്ചതിനെതിരേ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി
അജയഘോഷ് ആണു പ്രതികളെ അറസ്റ്റ് ചെയ്തതും പ്രതികള്‍ ഒളിപ്പിച്ച ആയുധങ്ങള്‍ കണ്ടെടുത്തതും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss