|    May 24 Wed, 2017 1:39 pm
FLASH NEWS

സിപിഎം നേതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം;30 മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക്എതിരേ കേസെടുത്തു

Published : 7th September 2016 | Posted By: mi.ptk

_Muslim_League

തിരൂര്‍: സിപിഎം വെട്ടം ലോക്കല്‍ കമ്മിറ്റി അംഗം പറവണ്ണ പുത്തങ്ങാടി അരയന്റെ പുരക്കല്‍ ഉബൈദി(42)നെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 30 മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കുട്ടാത്ത് നിസാം, പള്ളാത്ത് അഷ്‌റഫ്, ചേക്കിന്റെ പുരക്കല്‍ റാഫി, ചേക്കിന്റെ പുരക്കല്‍ ജാഫര്‍, പുത്തന്‍ പുരക്കല്‍ കബീര്‍ തുടങ്ങിയ പേരറിയുന്ന പത്തു പേര്‍ക്കെതിരെയും കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. സിപിഎം പ്രാദേശിക നേതാവ് ഉബൈദിനെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയ സംഘം വെട്ടിയത്. നാല്‍പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാള്‍, ഇരുമ്പുവടി തുടങ്ങിയവയുമായി അക്രമിക്കുകയായിരുന്നുവെന്നാണു പരാതി. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഉബൈദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ പറവണ്ണ, പുത്തങ്ങാടി പരിസരത്തുള്ളവരാണെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും തിരൂര്‍ സിഐ എം കെ ഷാജി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തിരൂര്‍, താനൂര്‍ തീരപ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് പറവണ്ണയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. രണ്ടു മാസം മുമ്പ് പറവണ്ണ, വേളാപുരം, പുത്തങ്ങാടി ഭാഗങ്ങളില്‍ സംഘര്‍ഷത്തെ തുടര്‍ന്നു ഇരു വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകളും കടകളും നിരവധി വാഹനങ്ങളും തകര്‍ന്നിരുന്നു. തുടര്‍ന്നു സമാധാനാന്തരീക്ഷത്തിലേക്ക് പ്രദേശം തിരിച്ചു വരുന്നതിനിടെയായിരുന്നു വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day