|    Nov 15 Thu, 2018 6:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം നേതാക്കളുടെ മൗനം ജലീലിനെ ഒറ്റപ്പെടുത്തുന്നു

Published : 9th November 2018 | Posted By: kasim kzm

പി വി മോഹന്‍ദാസ്

എടപ്പാള്‍: ബന്ധുനിയമന വിവാദത്തില്‍ പ്രതിരോധത്തിലായ മന്ത്രി കെ ടി ജലീലിന്റെ സംരക്ഷണമേറ്റെടുത്ത് സിപിഎം നേതാക്കളാരും രംഗത്തു വരാത്തത് പാര്‍ട്ടിയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. വിവാദം ഉയര്‍ന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രി ജലീലിനെ ന്യായീകരിക്കാനോ മന്ത്രിക്കു വേണ്ടി പ്രസ്താവന നടത്താനോ സിപിഎം സംസ്ഥാന നേതാക്കളോ മന്ത്രിമാരോ രംഗത്ത് വരാത്തത് ജലീലിന് ആശങ്കയുയര്‍ത്തുന്നു. ബന്ധുനിയമന വിവാദത്തില്‍ മുമ്പ് രാജിവയ്‌ക്കേണ്ടിവന്ന മന്ത്രി ഇ പി ജയരാജന്‍ മാത്രമാണ് പേരിനെങ്കിലും ജലീലിനു വേണ്ടി ഒരു പ്രസ്താവനയുമായി രംഗത്തുവന്നത്.
മന്ത്രി ജലീല്‍ കൈക്കൊണ്ട ചില നടപടികളില്‍ തീര്‍ത്തും അതൃപ്തരായിരുന്നു സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളും നേതാക്കളും. ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടന്ന പൊതു ചര്‍ച്ചയില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികളും മന്ത്രി ജലീലിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ മന്ത്രിസഭാ പുനസ്സംഘടനയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എടുത്തുമാറ്റി പകരം ഉന്നത വിദ്യാഭ്യാസവകുപ്പ് നല്‍കി മന്ത്രി ജലീലിനെ ഒതുക്കിയതിനു പിന്നിലും സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ വികാരമാണ് പ്രകടമായത്.
ജലീലിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റാന്‍ ആലോചന നടത്തിയിരുന്നതായി അന്ന് പ്രചാരണമുയര്‍ന്നിരുന്നു. ആ അവസരത്തിലാണ് ജലീല്‍ സിപിഎം ബാന്ധവം ഉപേക്ഷിച്ച് മുസ്‌ലിം സംഘടനകളെ ഏകോപിപ്പിച്ച് സ്വതന്ത്ര രാഷ്ട്രീയ സഖ്യം രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നെന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നില്‍ മന്ത്രി ജലീല്‍ തന്നെയായിരുന്നെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം. എന്തായാലും ഒറ്റയടിക്ക് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കിയാല്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടി സ്വാധീനത്തില്‍ ഉലച്ചിലുണ്ടാവുമെന്ന കണക്കുകൂട്ടലും മുഖ്യമന്ത്രിയിലുള്ള വ്യക്തി പരമായ സ്വാധീനവുമാണ് ജലീലിന് മന്ത്രിസഭയില്‍ തുടരാന്‍ സഹായകമായത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തില്‍ ജലീല്‍ ഒറ്റപ്പെട്ട നിലയിലാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരേ സമാന രീതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടപെടുകയും അദ്ദേഹത്തിന്റെ രാജി വാങ്ങുകയും ചെയ്തിരുന്നു. ചുരുങ്ങിയ പക്ഷം ഇ പി ജയരാജനോട് കൈക്കൊണ്ട നടപടിയെങ്കിലും ജലീലിന്റെ കാര്യത്തില്‍ വേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ ഗണ്യമായൊരു വിഭാഗം സ്വീകരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss