|    Jan 18 Wed, 2017 11:51 pm
FLASH NEWS

സിപിഎം ജാതീയ അക്രമത്തിനെതിരേ ചിത്രലേഖയുടെ രാപ്പകല്‍സമരം

Published : 6th January 2016 | Posted By: SMR

പി പി ഷിയാസ്

തിരുവനന്തപുരം: ദലിത് സ്ത്രീയായി ജനിച്ചുവെന്ന പേരില്‍ ജാതിപീഡനങ്ങള്‍ക്കിരയായി ജീവിക്കാന്‍ പൊരുതുന്ന അനേകം പേര്‍ക്കിടയിലേക്കാണ് ചിത്രലേഖ എന്ന പേരും എഴുതിച്ചേര്‍ക്കപ്പെടുന്നത്. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ജീവിക്കാനാവാതെ ജാതീയാധിക്ഷേപത്തിനും ബഹിഷ്‌കരണത്തിനും ഇരയായി ചിത്രലേഖ ദിനങ്ങള്‍ തള്ളിനീക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു.
സിപിഎമ്മിന്റെ ജാതീയാക്രമത്തിനെതിരേ ചിത്രലേഖയുടെ പോരാട്ടത്തിന്റെ മൂന്നാംഘട്ടം ഇന്നലെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചു. വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കാതെ ഉപദ്രവിക്കുന്ന സിപിഎമ്മിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രലേഖ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചത്. കഴിഞ്ഞമാസം 20ന് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല മറുപടി ഉണ്ടാവാത്തതിനാലാണ് ഇത്തരമൊരു സമരത്തിന് തയ്യാറാവേണ്ടി വന്നതെന്ന് ചിത്രലേഖ വ്യക്തമാക്കി. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ പുലയ സമുദായത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവറാണ്. 2004ല്‍ പയ്യന്നൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തിയപ്പോള്‍ മുതലാണ് പീഡനം ആരംഭിച്ചത്.
പുലയ സമുദായക്കാരിയായ ചിത്രലേഖ ഓട്ടോസ്റ്റാന്‍ഡ് അശുദ്ധമാക്കിയെന്നാണ് അവരുടെ വാദം. തുടര്‍ച്ചയായി ദേഹോപദ്രവത്തിനും ഇരയായിട്ടുണ്ട്. 2005ല്‍ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചു. ജാതീയമായ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ചുവപ്പുകോട്ടയില്‍ ഏകാധിപതികളെ പോലെ വാഴുന്ന സിപിഎമ്മുകാര്‍ പുലയ ജാതിക്കാരിയായ ചിത്രലേഖയെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല. ഊരുവിലക്കിനൊപ്പം ആകെയുള്ള ഉപജീവനമാര്‍ഗം കൂടി ഇല്ലാതായി.
സിപിഎം സവര്‍ണതയ്‌ക്കെതിരേ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ കള്ളക്കേസുകളില്‍ കുടുക്കി. ഭര്‍ത്താവിനും തനിക്കുമെതിരേ പോലിസിനെക്കൊണ്ട് വധശ്രമത്തിനു കേസെടുപ്പിച്ചു. ഭര്‍ത്താവിനെ ജയിലിലടച്ചു. പിന്നീട് ജാമ്യമെടുത്ത ശേഷം 2014 ഒക്ടോബര്‍ 24 മുതല്‍ 2015 ഫെബ്രുവരി 23 വരെ 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ സമരം ചെയ്തു.
ജില്ലാ ഭരണകൂടത്തിന് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കണ്ണൂര്‍ ടൗണിനടുത്ത് 5 സെന്റ് ഭൂമിയും വീടുവയ്ക്കാന്‍ തുകയും നല്‍കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍, ഇതുവരെ ഈ രണ്ട് ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. കേസുകളും പിന്‍വലിക്കപ്പെട്ടില്ല. അടിമയെപ്പോലെ ജീവിക്കാന്‍ താന്‍ തയ്യാറല്ലെന്നും അതിനേക്കാള്‍ ഉത്തമം മരണമാണെന്നും പറയുന്ന ചിത്രലേഖ തന്റെ സമരപാതയില്‍ കാലിടറാതെ മുന്നേറുകയാണ്. അനിശ്ചിതകാലസമരത്തിന് പിന്തുണയുമായി വിവിധ സന്നദ്ധസംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇന്നലെ പന്തലിലെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക