|    Jan 20 Fri, 2017 11:49 pm
FLASH NEWS

സിപിഎം ക്രിമിനലുകള്‍ക്ക് ഒളിത്താവളങ്ങള്‍ ഏറെ

Published : 15th August 2016 | Posted By: SMR

പി സി അബ്ദുല്ല

വടകര: നാദാപുരം മേഖലയില്‍ കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും മറ്റ് അക്രമങ്ങളുമായി സിപിഎം മുന്നോട്ടു പോകുമ്പോള്‍ കൊലയാളികള്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനും ഒളിവില്‍ പാര്‍ക്കാനും പാര്‍ട്ടിയുടെ കീഴില്‍ സങ്കേതങ്ങള്‍ ഏറെ. അക്രമവും കൊലപാതകങ്ങളും നടത്തിയതിനു ശേഷം പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെടുകയും പിന്നീട് സുരക്ഷിത ഒളിത്താവളങ്ങളിലേക്ക് മാറുകയും ചെയ്യുന്ന രീതിയാണ് അരങ്ങേറുന്നത്.
കഴിഞ്ഞദിവസം നാദാപുരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടതും നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം പാര്‍ട്ടി സ്വാധീന കേന്ദ്രങ്ങളിലൂടെയാണെന്നാണ് വിവരം. ടിപിയെ കൊലപ്പെടുത്തിയ ശേഷം കൊടി സുനിയെയും കൂട്ടരെയും രക്ഷപ്പെടുത്തിയതു പോലെ അസ്‌ലമിന്റെ ഘാതകര്‍ക്കും പാര്‍ട്ടി സഹായം ലഭിച്ചതായാണ് സൂചന. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയ ശേഷമാണ് കൊലയാളികള്‍ സഞ്ചരിച്ച കാര്‍ വടകര സഹകരണ ആശുപത്രിക്കു സമീപം ഉപേക്ഷിച്ചതെന്നാണ് പോലിസിന്റെ നിഗമനം.
നാദാപുരം ചാലപ്പുറത്തു വച്ച് അസ്‌ലമിനെ കൊലപ്പെടുത്തിയ ശേഷം വടകര ഭാഗത്തേക്കു രക്ഷപ്പെട്ട കൊലയാളികള്‍ ഏകനാര്‍ ഒന്തം വഴി സിപിഎം സ്വാധീന കേന്ദ്രങ്ങളിലേക്കാണു പോയത്. പാര്‍ട്ടി സംരക്ഷണയില്‍ വസ്ത്രം മാറി വിശ്രമിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളികള്‍ സുരക്ഷിത താവളത്തിലേക്ക് മാറിയ ശേഷം അവര്‍ ഉപയോഗിച്ച ഇന്നോവ കാര്‍ മറ്റാരെങ്കിലുമാണോ വടകരയില്‍ ഉപേക്ഷിച്ചതെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
അസ്‌ലമിനെ വധിച്ച ശേഷം പ്രതികള്‍ ചെറുശ്ശേരി റോഡ് പുതിയാപ്പ വഴി സഞ്ചരിച്ചതായ വിവരം മറ്റു ചില സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്. പയ്യോളി മനോജ് വധക്കേസിലെ പ്രതിയുടെ നാട്ടില്‍ അസ്‌ലം വധക്കേസിലെ പ്രതികളും എത്തിയതായാണ് ചില കേന്ദ്രങ്ങള്‍ പോലിസിനെ അറിയിച്ചിട്ടുള്ളത്. പയ്യോളി മനോജ് വധക്കേസിലെ പ്രതികള്‍ക്ക് അസ്‌ലം വധവുമായി ബന്ധമുണ്ടെന്ന സംശയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അതിനിടെ ടിപി വധക്കേസിലെ മൂന്നു പ്രതികള്‍ പരോളില്‍ നാട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം അസ്‌ലം വധവുമായി ബന്ധപ്പെട്ട് ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്‍, അനൂപ്, റഫീഖ്, മുന്‍ പാനൂര്‍ ഏരിയാ സെക്രട്ടറി പി പി കുഞ്ഞനന്തന്‍ എന്നിവര്‍ പരോളില്‍ പുറത്തുണ്ടെന്നാണ് വിവരം.  കണ്ണൂരിലെ പാര്‍ട്ടി സങ്കേതങ്ങള്‍ക്കു സമാന്തരമായി നാദാപുരം മേഖലയില്‍ സിപിഎം ക്രിമിനലുകള്‍ക്ക് നിരവധി ഒളിത്താവളങ്ങളുണ്ട്. വിലങ്ങാട് മലയില്‍ പഴയ നാദാപുരം കലാപത്തിലെ എല്‍ടിടിഇ എന്നറിയപ്പെട്ട സിപിഎം അക്രമികള്‍ ഒളിവില്‍ പാര്‍ത്തിരുന്ന പ്രദേശങ്ങള്‍ ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. വിലങ്ങാട് നെടുംപറമ്പ്, വളയം ചുഴലി, നരിപ്പറ്റ വാളൂക്ക്, നരിപ്പറ്റ കുമ്പളച്ചോല, നാദാപുരം കണമ്പ്രകുന്ന് തുടങ്ങിയ മേഖലകളാണ് അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന സിപിഎമ്മുകാരുടെ ഒളിത്താവളങ്ങള്‍. ചെക്യാട് കായലോട് പാലം വഴി കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളുമായി എളുപ്പം ബന്ധപ്പെടാനാവും.
SING-SHOTകുറ്റിയാടി നിസാര്‍ വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ ഈ പ്രദേശങ്ങളിലാണ് തമ്പടിച്ചത്. വിലങ്ങാട് ഭാഗത്തു നിന്നും നിസാര്‍ വധശ്രമക്കേസ് പ്രതികള്‍ക്ക് സഹായം ചെയ്ത ചില വീട്ടുകാരെയും പോലിസ് അറസ്റ്റ് ചെയ്തുവെങ്കിലും ആ മേഖലയില്‍ പിന്നീട് പോലിസിന്റെ പരിശോധനകള്‍ ഒന്നും നടന്നിട്ടില്ല.

നാദാപുരം മേഖലയില്‍ അക്രമത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ എവിടെയാണ് നിര്‍മിക്കപ്പെടുന്നതെന്ന കാര്യത്തില്‍ സമഗ്രമായ അന്വേഷണവും നടക്കുന്നില്ല. സിപിഎം നിയന്ത്രണത്തില്‍ എടച്ചേരിയിലുള്ള സഹകരണ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആയുധങ്ങള്‍ നിര്‍മിക്കപ്പെടുന്നുവെന്ന് പരാതി നേരത്തേ ഉയര്‍ന്നിരുന്നു. നിസാര്‍ വധക്കേസില്‍ ആയുധം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് എടച്ചേരിയിലെ സ്ഥാപനത്തിന് നേരെ അന്വേഷണം നീണ്ടെങ്കിലും അട്ടിമറിക്കപ്പെട്ടുവെന്നാണ് ആക്ഷേപം.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3,040 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക