|    Feb 28 Tue, 2017 9:05 am
FLASH NEWS

സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രക്ഷോഭം; ആര്‍എസ്എസ് പടലപ്പിണക്കത്തില്‍ പരിപാടി പാളി

Published : 25th November 2016 | Posted By: SMR

നെടുങ്കണ്ടം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ സംഘപരിവാര സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി നേതാക്കളുടെ പടലപ്പിണക്കം മൂലം പാളി.നോട്ട് വിഷയത്തില്‍ ഇടതുപ്രസ്ഥാനങ്ങള്‍ ശക്തമാക്കിയ പ്രതിഷേധ പരിപാടികള്‍ പ്രതിരോധിക്കുന്നതിനു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടിയാണ് ആര്‍എസ്എസ്സിനു തിരിച്ചടിയായത്.എല്‍ഡിഎഫ് ആരംഭിച്ച രാപ്പകല്‍ സമരത്തിന്റെ അന്നുതന്നെ ആര്‍എസ്എസ്സും രംഗത്തെത്തിയതു ശ്രദ്ധിക്കപ്പെട്ടിരുന്നു. നോട്ടുവിഷയത്തില്‍ പരിവാര സംഘടനാ അണികള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത പരിഹരിക്കാനും പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനുമാണ് സംസ്ഥാനതലത്തില്‍ പ്രക്ഷോഭം തട്ടിക്കൂട്ടിയത്. എന്നാല്‍, നെടുങ്കണ്ടം അടക്കം ജില്ലയിലെ വിവിധ മേഖലകളില്‍ നടത്തിയ പരിപാടി പരിവാര സംഘടനകളുടെ പടലപ്പിണക്കം കൂടുതല്‍ പുറത്താവുന്നതിലാണു കലാശിച്ചത്. നെടുങ്കണ്ടത്ത് വൈകീട്ട് നാലുമുതല്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് ഹൈറേഞ്ചില്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അണികള്‍ ഇല്ലാതിരുന്നതിനാല്‍ ജാഥ തുടങ്ങാനായില്ല. പിന്നീട് വളരെ കുറച്ചുപേരെ ഉള്‍പ്പെടുത്തി, എല്‍ഡിഎഫ് രാപ്പകല്‍ സമരം നടത്തിയ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയില്‍ നിന്ന് റാലി ആരംഭിക്കുകയായിരുന്നു. ആര്‍എസ്എസ് ഇടുക്കി ജില്ലാ പ്രചാര്‍ പ്രമുഖ് അജി കുളത്തിങ്കല്‍, ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍, മണ്ഡലം വൈസ് പ്രസിഡന്റ് ബിജു പോതായില്‍,  ബിഎംഎസ് നേതാവ് ബിജു, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കുമാരി സ്മിത, ആര്‍എസ്എസ് നേതാവ് രവീന്ദ്രന്‍, ആര്‍എസ്എസ് നെടുങ്കണ്ടം മണ്ഡല്‍ കാര്യവാഹക് ഹരി വിമല്‍കുമാര്‍ തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കിയ റാലിയും പൊതുയോഗവുമാണ് പാളിയത്. ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്ന ആര്‍എസ്എസ്- ബിജെപി ചേരിപ്പോര് രൂക്ഷമായതാണ് പരിപാടി പാളാന്‍ കാരണമായതെന്നു പറയുന്നു. കേന്ദ്രത്തില്‍ അധികാരം ലഭിച്ചപ്പോഴും പരിവാര സംഘടനകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണപ്രത്യാരോപണങ്ങളും ഇപ്പോഴും കത്തിനില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി ലഭിച്ച വന്‍തുകകള്‍ ചില നേതാക്കള്‍ കൈക്കലാക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ അണികള്‍ ഉയര്‍ത്തിയ പ്രതിഷേധം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ പൊതുപരിപാടികള്‍ ആര്‍എസ്എസ്സും ബിജെപിയും കുറച്ചിരുന്നു. തൊടുപുഴയില്‍ മാത്രമാണ് പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കാന്‍ സംഘപരിവാരത്തിനായിട്ടുള്ളത്. തൊടുപുഴ നഗരസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയായി നില്‍ക്കാന്‍ പറ്റുന്ന രീതിയില്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ചെടുക്കാനായെങ്കിലും ബിജെപി മാത്രമാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആര്‍എസ്എസ്സിനെ അകറ്റിനിര്‍ത്തുന്ന സമീപനം ഇവിടെയും സ്വീകരിച്ചതോടെ മുതിര്‍ന്ന പരിവാര നേതാക്കള്‍ ബിജെപിയുമായി അകല്‍ച്ച പാലിച്ചിട്ടുമുണ്ട്. ആര്‍എസ്എസ് തൊടുപുഴ മണ്ഡലത്തെ മൂവാറ്റുപുഴ ജില്ലയില്‍ നിന്ന് അടര്‍ത്തി തൊടുപുഴ സംഘജില്ല രൂപീകരിച്ചിട്ടും മെച്ചമുണ്ടായിട്ടില്ലെന്നു പരിവാര നേതാക്കള്‍ വിലയിരുത്തുന്നു. അതേസമയം, ഹൈറേഞ്ചിലെ ദേവികുളം, ഇടുക്കി സംഘജില്ലകളിലെ പോര് കൂടുതല്‍ രൂക്ഷമായി തുടരുകയും ചെയ്യുകയാണ്. ഇതാണ് സിപിഎമ്മിനെ ഉന്നമിട്ട് നടത്തിയ രാഷ്ട്രീയസമരം വിലപ്പോവാതെ വന്നതെന്ന് ആര്‍എസ്എസ് നേതാക്കള്‍ തന്നെ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day