|    Jun 18 Mon, 2018 1:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം കണ്ണൂര്‍ ലോബിക്ക് തിരിച്ചടി; ഒറ്റപ്പെട്ട് ഇ പി ജയരാജന്‍

Published : 15th October 2016 | Posted By: SMR

കണ്ണൂര്‍: അഴിമതിവിരുദ്ധ പ്രതിച്ഛായയില്‍ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ മന്ത്രിസഭയിലെ രണ്ടാമന്‍, മുഖ്യമന്ത്രിയുടെ വലംകൈ, പാര്‍ട്ടി ഔദ്യോഗികപക്ഷത്തെ പ്രധാന നേതാവ്… ഒടുവില്‍ ബന്ധുനിയമന വിവാദത്തില്‍ കുരുങ്ങി സത്യപ്രതിജ്ഞ ചെയ്ത് 142ാം ദിവസം ഗത്യന്തരമില്ലാതെ മന്ത്രിസഭയ്ക്കു പുറത്തേക്ക്. വിവാദം വ്യവസായമന്ത്രി ഇ പി ജയരാജന്റെ രാജിയില്‍ കലാശിച്ചത് സിപിഎം കണ്ണൂര്‍ ലോബിക്കേറ്റ കനത്ത തിരിച്ചടിയായി. ഒരുപക്ഷേ, കണ്ണൂര്‍ ലോബിയെന്ന സങ്കല്‍പത്തില്‍ പോലും വിള്ളല്‍ വീഴ്ത്തിയ സംഭവം പാര്‍ട്ടിക്കുള്ളിലെ ശാക്തിക ബലാബലത്തില്‍ തന്നെ മാറ്റമുണ്ടാക്കിയേക്കാമെന്നാണു വിലയിരുത്തല്‍. പാര്‍ട്ടിയുടെ മങ്ങലേറ്റ പ്രതിച്ഛായ വീണ്ടെടുക്കാനാണ് തിരുത്തല്‍ നടപടിയെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴും രാജിയല്ലാതെ മറ്റു പോംവഴികള്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും അത്രമേല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു പിണറായി സര്‍ക്കാരിന്. അധികാരത്തിലേറി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഒരു മന്ത്രിക്ക് സ്ഥാനം നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ഇ പി ജയരാജന്റെ കുറ്റസമ്മതത്തിനു പിന്നാലെ കേന്ദ്രനേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതും വിജിലന്‍സ് നിയമനടപടികള്‍ തുടങ്ങിയതും രാജിനടപടികള്‍ക്ക് വേഗം കൂട്ടി. വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം സ്വീകരിച്ച നിലപാടാണ് ശ്രദ്ധേയം. പാര്‍ട്ടിയെ നയിക്കുന്ന ഘടകത്തില്‍ ഇരിക്കുന്ന നേതാവ് തന്നെ കളങ്കംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് ശരിയായില്ലെന്നു വിമര്‍ശിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തെറ്റുതിരുത്തലിന്റെ അനിവാര്യത സംസ്ഥാനഘടകത്തെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി, രണ്ടാമനായ ഇ പി ജയരാജനെ പ്രതിസന്ധിഘട്ടത്തില്‍ തള്ളിപ്പറഞ്ഞതും ഇക്കാരണത്താലാണ്.ജയരാജനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലാണ് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. ഒരാഴ്ച മുമ്പുവരെ ഇ പി ജയരാജന്റെ രാജിക്കാര്യം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലായിരുന്നു. വ്യവസായ വകുപ്പ് മാറ്റി ജയരാജനെ മന്ത്രിസഭയില്‍ നിലനിര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്രകമ്മിറ്റിയുടെ കര്‍ശന നിലപാട് ലംഘിക്കാന്‍ സംസ്ഥാനഘടകം തയ്യാറായില്ല.  മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കൂടിയായ പി കെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വ്യവസായ വികസന വകുപ്പിന്റെ എംഡിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടക്കത്തില്‍ ഇ പി ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംസ്ഥാനനേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നാല്‍, ജയരാജന്റെ തട്ടകമായ പാപ്പിനിശ്ശേരി, മൊറാഴ എന്നിവിടങ്ങളിലെ പാര്‍ട്ടിഘടകങ്ങള്‍ രംഗത്തെത്തിയതോടെ വിഷയം ഗൗരവത്തോടെ പരിഗണിക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായി. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ചട്ടക്കൂടനുസരിച്ച് പാര്‍ട്ടിതലത്തില്‍ ശുപാര്‍ശകള്‍ ചര്‍ച്ചചെയ്യപ്പെടണം. ഇത്് ബന്ധുനിയമനത്തിലൂടെ ഇ പി ജയരാജന്‍ ലംഘിച്ചെന്നാണ് അണികളുടെ ആക്ഷേപം. വിവാദം ചൂടുപിടിച്ചതോടെ നിയമനം റദ്ദാക്കാന്‍ വ്യവസായവകുപ്പ് നിര്‍ബന്ധിതമായി. എന്നാല്‍, പാര്‍ട്ടിയെയും സര്‍ക്കാരിനെയും വെട്ടിലാക്കി കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്തുവന്നതോടെ നേതാക്കള്‍ സമ്മര്‍ദത്തിലായി. ഇതിനു ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. തനിക്കു നേരെ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീട്ടുന്ന ഇരുവരുടെയും അഭിപ്രായപ്രകടനങ്ങളോട് മുഖ്യമന്ത്രി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഇ പി ജയരാജനെ നേരിട്ടു വിളിച്ചുവരുത്തി ശാസിക്കാനും പിണറായി മടിച്ചില്ല. എന്നാല്‍, തെറ്റുകള്‍ ഏറ്റുപറഞ്ഞെങ്കിലും ബന്ധുനിയമനത്തില്‍ താന്‍ മാത്രം ഉത്തരവാദിയല്ലെന്നാണ് ഇ പി ജയരാജന്റെ നിലപാട്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം കേന്ദ്രകമ്മിറ്റിയെ ബോധിപ്പിച്ചേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss