|    Dec 19 Wed, 2018 11:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ അരക്കോടി ‘കാണാനില്ല’’’

Published : 27th August 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രളയ ദുരിതാശ്വാസത്തിനായി ജില്ലാ കമ്മിറ്റികള്‍ മുഖേന സിപിഎം ശേഖരിച്ച് സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ ഫണ്ടില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ അരക്കോടി “’കാണാനില്ല’.’ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകളിലൂടെ പുറത്തിറക്കിയ കണക്കിലാണ് അരക്കോടിയിലേറെ രൂപയുടെ വ്യത്യാസമുള്ളത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളില്‍നിന്നു പിരിച്ചെടുത്ത തുക 6,93,60,116 രൂപയാണെന്നാണ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വിഹിതമായി കാണിച്ചിരിക്കുന്നത് 6,39, 69,320 രൂപയാണ്. 5,390,796 രൂപയുടെ വ്യത്യാസം. സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ആഗസ്ത് 18, 19 തിയ്യതികളിലാണ് ബക്കറ്റ് പിരിവിലൂടെ ഫണ്ട് സമാഹരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിരിവെടുത്തത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു- 6.93 കോടി. ഇതിന്റെ ഏരിയ തിരിച്ചുള്ള കണക്കും ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സെക്രട്ടറി വിവിധ ജില്ലകളില്‍ നിന്നുള്ള കണക്ക് പുറത്തുവിട്ടപ്പോഴാണ് അരക്കോടിയിലേറെ രൂപയുടെ കുറവ് കാണുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ഈ മാസം 21നു പുറത്തുവിട്ട കുറിപ്പില്‍ കണ്ണൂര്‍ ജില്ലയുടെ വിഹിതമായി 6,39,69,320 രൂപയാണുള്ളത് (കാസര്‍കോട്- 1,25,19,688, കണ്ണൂര്‍- 6,39,69,320, വയനാട്- 10,00,000, കോഴിക്കോട്- 1,26,00, 000, മലപ്പുറം- 1,20,00,000, പാലക്കാട്- 1,37, 44,397, തൃശൂര്‍- 65,00,000, കോട്ടയം- 44,00,000, കൊല്ലം- 1,51,0 0,000, തിരുവനന്തപുരം- 2,25,4 0,535, ആകെ- 16,43,73,940). പിറ്റേന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പിലും ഔദ്യോഗിക ഫേസ്ബുക്ക് പേജിലുമെല്ലാം ഉള്ളത് 6,93,60,116 രൂപയെന്നാണ്. ഏരിയ തിരിച്ച കണക്കും പ്രസിദ്ധീകരിച്ചിരുന്നു (പയ്യന്നൂര്‍- 70,32,613, പെരിങ്ങോം- 39,24,341, ആലക്കോട്- 14,33,505, ശ്രീകണ്ഠപുരം- 26,52,519, തളിപ്പറമ്പ്- 46,77,548, മാടായി- 44,94,566, പാപ്പിനിശ്ശേരി- 47,00,815, മയ്യില്‍- 22,24,269, കണ്ണൂര്‍- 42,52,534, എടക്കാട്- 33,59,478, അഞ്ചരക്കണ്ടി- 26,81, 738, പിണറായി- 54,25,120, തലശ്ശേരി- 70,05000, പാനൂര്‍- 27,22, 398, കൂത്തുപറമ്പ്- 30,01 986, മട്ടന്നൂര്‍- 47,24,583, ഇരിട്ടി- 23,38,560, പേരാവൂര്‍- 14,32,343, ജില്ലാ കമ്മിറ്റി ഓഫിസില്‍ നേരിട്ടുലഭിച്ചത്- 12,76,200 രൂപ). എന്നാല്‍, സംസ്ഥാന കമ്മിറ്റി കണക്ക് പുറത്തുവിട്ടതോടെ പി ജയരാജന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലടക്കം കണക്കിലെ വൈരുധ്യം സംബന്ധിച്ച് ചിലര്‍ സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഏരിയാ കമ്മിറ്റികള്‍ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറി അറിയിച്ചിരുന്നത്. ദുരന്തബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തൃശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചിരുന്നില്ല. അതേസമയം, സംസ്ഥാന കമ്മിറ്റിക്കു തുക കൈമാറിയ ശേഷവും തുക ലഭിച്ചതിനാലാണ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ഫണ്ടില്‍ വ്യത്യാസം വന്നതെന്നും ഇപ്പോഴും തുക ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തേജസിനോടു പറഞ്ഞു. പാര്‍ട്ടി ഘടകങ്ങള്‍ വഴി ശേഖരിച്ച തുക നേരത്തേ സംസ്ഥാന കമ്മിറ്റി നല്‍കിയത് മറികടന്ന് 7.40 കോടിയായതായും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss